'തീപിടിച്ച് വിമാനം': കണ്ണൂർ വിമാനത്താവളത്തിൽ മോക് ഡ്രിൽ

മട്ടന്നൂർ : അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിൽ മോക്‌ഡ്രിൽ നടത്തി. കണ്ണൂരിൽനിന്ന് അബുദാബിയിലേക്ക് പറന്നുയരാൻ തയ്യാറെടുത്ത എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന്റെ വലതുഭാഗത്തെ എൻജിനിൽ തീപ്പിടിത്തമുണ്ടായതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതോടെയാണ് മോക്ഡ്രില്ലിന് തുടക്കമായത്. സഹായത്തിനായി എയർട്രാഫിക് കൺട്രോൾ സർവീസ് ടവറിൽ അറിയിക്കുകയും മൂന്ന് ഫയർ എൻജിനുകൾ അപകടസ്ഥലത്തെത്തി തീയണയ്ക്കുന്നതിനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.
കളക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിലുള്ള ജില്ലാ ദുരന്തനിവാരണ സംവിധാനവും ഉടൻ പ്രവർത്തനക്ഷമമായി. വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പരിസരത്തെ ആസ്പത്രികളിൽനിന്നുള്ള ആംബുലൻസുകളും ഡോക്ടർമാരും അഗ്നിരക്ഷാസേനയും വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി. പൊള്ളലേറ്റ 10 പേരെയും നിസ്സാര പരിക്കുകളോടെ 24 പേരെയും ജീവനക്കാർ ഉൾപ്പെടെയുള്ള മറ്റ് 40 പേരെയുമാണ് വിമാനത്തിൽനിന്ന് പുറത്തെത്തിച്ചത്. ഒരാൾ മരിച്ചതായും മോക്ഡ്രില്ലിൽ അവതരിപ്പിച്ചു.
മോക്ഡ്രിൽ അവസാനിച്ചശേഷം കളക്ടറുടെ നേതൃത്വത്തിൽ നടപടികൾ അവലോകനം ചെയ്തു. രണ്ടുവർഷത്തിൽ ഒരിക്കലാണ് വിമാനത്താവളത്തിൽ ഈ രീതിയിലുള്ള ഫുൾസ്കെയിൽ എമർജൻസി എക്സർസൈസ് നടത്താറുള്ളത്. 45 ഏജൻസികളിൽനിന്ന് 500-ലധികം പേർ മോക്ഡ്രില്ലിന്റെ ഭാഗമായി. വിമാനത്താവളത്തിലെ ഫയർ ആൻഡ് റെസ്ക്യു വിഭാഗം മൂന്നുമാസം നീണ്ട മുന്നൊരുക്കങ്ങളാണ് ഇതിനായി നടത്തിവന്നത്.
അസി. കളക്ടർ എസ്. സ്വാതി, എയർപോർട്ട് എം.ഡി. സി. ദിനേശ്‌കുമാർ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ വി.കെ. അശ്വിനികുമാർ, എയർപോർട്ട് റെസ്ക്യൂ ആൻഡ് ഫയർഫൈറ്റിങ് മേധാവി വി.പി. പവിത്രൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി.