റോഡിലേക്ക് ഇടിഞ്ഞ മണ്ണ് നീക്കിയില്ല

ഏലപ്പീടിക : തലശ്ശേരി-ബാവലി റോഡിലെ ചുരത്തിൽ റോഡിലേക്ക് ഇടിഞ്ഞ മണ്ണ് ഒരു മാസം പിന്നിട്ടിട്ടും പൂർണ്ണമായി നീക്കാതെ അധികൃതർ. നെടുംപൊയിൽ-പേര്യ ചുരത്തിലെ 29-ാം മൈലിൽ നാലാം ഹെയർപിൻ വളവിന് സമീപം റോഡിലേക്ക് ഇടിഞ്ഞു വീണ മണ്ണും പറക്കല്ലുകളുമാണ് നീക്കം ചെയ്യാത്തത്. ഓഗസ്റ്റ് ഒന്നിന് രാത്രിയാണ് റോഡിലേക്ക് മണ്ണും കൂറ്റൻ പാറക്കല്ലുകളും വന്ന് പതിച്ചത്. ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് റോഡിന്റെ ഒരുവശത്തെ മണ്ണ് മാത്രം നീക്കിയത്.
ഈ ഭാഗത്ത് ഇരുദിശയിൽ നിന്നും വാഹനങ്ങൾ വന്നാൽ, ഒന്ന് കടന്നുപോയ ശേഷം മാത്രമേ എതിർദിശയിലെ വാഹനത്തിന് പോകാൻ സാധിക്കൂ.
കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നാണ് തലശ്ശേരി-ബാവലി റോഡിലെ നെടുംപൊയിൽ-പേര്യ ചുരം. ബസും ചരക്ക് വാഹനങ്ങളും ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്ന് പോകുന്നത്. മണ്ണും പാറക്കല്ലുകളും പൂർണ്ണമായി നീക്കം ചെയ്ത റോഡ് പൂർവ്വസ്ഥിതിയിലാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ചിലയിടങ്ങളിൽ പാറകളിൽ വിളളൽ രൂപപ്പെട്ട നിലയിലാണ്. ഇവ ചുരം വഴി പോകുന്ന യാത്രക്കാർക്ക് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.