പൊളിഞ്ഞ സുരക്ഷാക്കൂട്‌ മാസങ്ങളായി ട്രാക്കിൽ

ധർമടം : മാസങ്ങൾക്ക് മുൻപ് ചുഴലിക്കാറ്റിൽ വീണ ഹാമർ ത്രോ സുരക്ഷാക്കൂട്‌ നന്നാക്കാൻ ഇനിയും നടപടിയായില്ല. ഗവ. ബ്രണ്ണൻ കോളേജിന് പിൻവശം കോടികൾ മുടക്കി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ്.എ.ഐ.) നിർമിച്ച സിന്തറ്റിക്‌ ട്രാക്കിലാണ്‌ സുരക്ഷാക്കൂട്‌ തടസ്സം സൃഷ്ടിച്ച്‌ കിടക്കുന്നത്‌.

നിലവിൽ സ്കൂൾ കായികമേളകൾ നടക്കുകയാണ്. സിന്തറ്റിക് ട്രാക്കിലും വിവിധ മത്സരങ്ങൾ അരങ്ങേറുന്നുണ്ട്. എന്നിട്ടും അധികൃതർ പൊളിഞ്ഞ കൂട്‌ നീക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. രണ്ടാം തവണയാണ് കൂട്‌ വീഴുന്നത്. ആദ്യം വീണപ്പോൾ ലക്ഷങ്ങൾ മുടക്കി കേടുപാട്‌ പരിഹരിച്ചിരുന്നു.

നിലവിൽ ഗവ. ബ്രണ്ണൻ കോളേജിലോ തലശ്ശേരി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലോ ഹാമർ ത്രോ പരിശീലനം നടത്തുന്ന കായികതാരങ്ങളില്ല. മത്സരം നടക്കുമ്പോൾ മാത്രമാണ് സുരക്ഷാക്കൂട്‌ ആവശ്യമായി വരുന്നത്. എന്നിട്ടും ലക്ഷങ്ങൾ വിലയുള്ള സുരക്ഷാക്കൂട്‌ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനോ സംരക്ഷിക്കാനോ അധികൃതർ തയ്യാറാകുന്നില്ല. സുരക്ഷാക്കൂടിന്റെ കാലുകൾ നില നിർത്തി ആവശ്യമില്ലാത്ത ഘട്ടങ്ങളിൽ വല അഴിച്ചുവെച്ചാൽ മതിയെന്നും കായിക വിദഗ്ധർ പറയുന്നു.

വലകൾ താഴ്ത്തി കെട്ടുകയോ അഴിച്ചുവെച്ച് സംരക്ഷിക്കുകയോ ചെയ്യണമെന്നും വലകളിൽ കാറ്റുപിടിക്കുന്നതാണ് മറിഞ്ഞുവീഴാൻ കാരണമാകുന്നതെന്നും നാട്ടുകാർ പറയുന്നു. സിന്തറ്റിക് ട്രാക്കിന്റെ സംരക്ഷണ ചുമതലയുള്ള കളക്ടർ ചെയർമാനായ മാനേജ്മെന്റ് കം മോണിറ്ററിങ് കമ്മിറ്റി വിളിച്ചു ചേർത്തിട്ട് ഒരു വർഷത്തിലധികമായി. കമ്മിറ്റിയംഗങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും യോഗം വിളിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

സിന്തറ്റിക് ട്രാക്കിന്റെ അറ്റകുറ്റപ്പണികളുടെ ചുമതല സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യക്കാണ്. മാസങ്ങളായി ട്രാക്കിൽ വീണുകിടക്കുന്ന ഹാമർ ത്രോ സുരക്ഷാക്കൂട്‌ കായികതാരങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന്‌ ഗവ. ബ്രണ്ണൻ കോളേജ് കായിക വിദ്യാഭ്യാസ വകുപ്പ് മേധാവി പ്രൊഫ. കെ.പി. പ്രശോഭിത്ത് പറഞ്ഞു.

സുരക്ഷാക്കൂട്‌ വീണത് റീജണൽ സെന്ററിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവിടുന്ന് നിർദേശം വരുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരി കേന്ദ്രം ഡയറക്ടർ ടി.സി. മനോജ് പ്രതികരിച്ചു.