ഉളിക്കൽ ലിസ്കോ ഗ്രന്ഥാലയത്തിൽ പുസ്തക വിതരണം ഡിജിറ്റൽ രൂപത്തിൽ

ഉളിക്കൽ : അറിവിന്റെ പുതിയ ലോകത്ത് വായനക്കാരുടെ അഭിരുചിക്ക് അനുസരിച്ച് മാറ്റം ഉൾക്കൊള്ളുകയാണ് ഉളിക്കൽ ലിസ്കോ ഗ്രന്ഥാലയം. പുസ്‌തക വിതരണം ഒരു വർഷമായി ഇവിടെ ഡിജിറ്റൽ രൂപത്തിലാണ് നടക്കുന്നത്. ഗ്രന്ഥാലയത്തിലെ 1600 അംഗങ്ങൾക്കും ഓൺലൈൻ വഴി പുസ്തക ലഭ്യത അറിയാനുള്ള സൗകര്യം ഇവിടെയുണ്ട്. വായനക്കാർ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാക്കാനുള്ള ഡിജിറ്റൽ സേർച്ചിങ് സൗകര്യം ഗ്രന്ഥാലയത്തിൽ ഒരുക്കിയിട്ടുണ്ട്. ഇതിന് സഹായകരമാകുന്ന തരത്തിൽ അംഗങ്ങൾക്ക് ഫോട്ടോ പതിച്ച സ്മാർട്ട് കാർഡുകളും വിതരണം ചെയ്തു.
ലൈബ്രറി മാനേജ്മെന്റ് സോഫ്റ്റ് വെയറിലൂടെ പുസ്കക വിതരണം നടത്തുന്ന ഇരിട്ടി താലൂക്കിലെ ആദ്യത്തെ ഗ്രന്ഥാലയമാണിത്. പതിനായിരത്തിലധികം പുസ്കകങ്ങൾ പ്രത്യേകമായി ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. നോവൽ, കഥ, തിരക്കഥ, കവിത, യാത്രാവിവരണ ഗ്രന്ഥങ്ങൾ, ബാലസാഹിത്യം, ലേഖനം തുടങ്ങിയവ സീരിയൽ നമ്പർ അനുസരിച്ചാണ് അടുക്കി സൂക്ഷിച്ചിരിക്കുന്നത്. 47 വർഷമായി പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ പുസ്തക സംവാദം, പുസ്തകാസ്വാദനം, റീഡിങ് തിയേറ്റർ, ഫിലിം ക്ലബ് തുടങ്ങിയ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. സെക്രട്ടറി കെ.വി. രാമചന്ദ്രൻ, പ്രസിഡന്റ് പി.കെ. ഷാജി, ലൈബ്രറേറിയൻ ജിജി അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.