തരിശാകില്ല

മയ്യിൽ : വിവിധ കാരണങ്ങളാൽ 15 വർഷക്കാലം കാട് കയറി നശിച്ച മലപ്പട്ടത്തെ 25 ഏക്കർ വയൽ ഇനി കതിരണിയും.

മലപ്പട്ടം പഞ്ചായത്തിലെ നെൽവയലുകൾ തരിശ് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് നിലമൊരുക്കാൻ തുടങ്ങിയത്. പുതുശ്ശേരി പാടശേഖരത്തിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പിന്തുണയിലാണ് വയലിനെ പൊൻ കതിരണിയിക്കാൻ കർഷകർ ഒന്നിച്ചിറങ്ങിയത്. പുതുശ്ശേരി പടശേഖരത്തിൽ നിലമൊരുക്കൽ ഉദ്ഘാടനം മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് പി.പി. ലക്ഷ്മണൻ നിർവ്വഹിച്ചു.

പ്രദേശത്തെ കാർഷിക മേഖലയ്ക്ക് പുതു ജീവൻ പകരുക എന്ന ലക്ഷ്യത്തോടെയാണ് വർഷങ്ങളായി തരിശുകിടക്കുന്ന സ്ഥലം വീണ്ടും നെൽകൃഷിക്കായി ഒരുക്കുന്നത്. ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും കർഷകരുടെയും കൂട്ടായ പ്രയത്നത്തിലൂടെ പ്രദേശത്ത് കാർഷിക സംസ്കാരം വീണ്ടെടുക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. വാസന്തി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. അനീഷ് കുമാർ , കൃഷി ഓഫീസർ വി.വി. അജീഷ്, കൃഷി അസിസ്റ്റന്റ് എൽ.എം. മധുസൂദനൻ, പാടശേഖര സമിതി പ്രസിഡന്റ് കാർത്യായനി , പാടശേഖരസമിതി സെക്രട്ടറി സി.പി. ലക്ഷ്മണൻ, കർഷകരായ കുമാരൻ, രഘു എന്നിവർ സംസാരിച്ചു