മാഹി ബസിലിക്ക തിരുനാളിന് ഭക്തജനപ്രവാഹം

മയ്യഴി : മാഹി സെയ്ന്റ് തെരേസ ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹം നേടാൻ ഭക്തജന പ്രവാഹം. തിരുനാളിന്റെ ആറാം ദിനത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും ഫാ. ആന്റണി പയസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. സെയ്ന്റ് ഡോൺ ബോസ്കോ യൂനിറ്റ് നേതൃത്വം നൽകി. ഡീക്കൻ ജോമി അരഞ്ഞാണിയിൽ, ആന്റണി കുന്നുംപുറത്ത് എന്നിവർ സഹകാർമ്മികരായി.
ഞായറാഴ്ച രാവിലെ ഏഴ് മുതൽ തുടർച്ചയായി ദിവ്യബലി ഉണ്ടാവും. രാവിലെ ഒൻപതിന് ഫാ. പോൾ പേഴ്‌സി ഡിസിൽവ, 11 -ന് ഫാ. ഷോബി ജോർജ്, മൂന്നിന് ഫാ. ഫ്രാൻസൻ ചേരമാൻ തുരുത്തിൽ എന്നിവർ ദിവ്യബലിക്ക് കാർമികത്വം വഹിക്കും. തുടർന്ന് വൈകുന്നേരം ആറിന് കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കുംതലയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും നൊവേനയും നടക്കും. ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം എന്നിവയും ഉണ്ടാവും. ദിവ്യബലിക്ക് സെയ്ന്റ് ജൂഡ് കുടുംബ യൂണിറ്റ് നേതൃത്വം നൽകും.16-ന് തമിഴിലും 17-ന് ഫ്രഞ്ചിലും 19-ന് കൊങ്കിണിയിലും 21-ന് സീറോ മലബാർ റീത്തിലും
വൈകുന്നേരം ആറിന് ദിവ്യബലി അർപ്പിക്കും. പ്രധാന തിരുനാൾ ദിനമായ 15-ന് പുലർച്ചെ ഒന്ന് മുതൽ ശയനപ്രദക്ഷിണം നടക്കും. 22-ന് തിരുനാൾ സമാപിക്കും.