നിയമനാംഗീകാരം കിട്ടിയില്ല; എ.ഇ.ഒ. ഓഫീസിന്‌ മുന്നിൽ അധ്യാപകരുടെ സമരം

കണ്ണൂർ : വർഷങ്ങളായി നിയമന അംഗീകാരം കാത്തുകഴിയുന്ന എയ്ഡഡ് വിദ്യാലയത്തിലെ അധ്യാപകർ കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. വാരം യു.പി. സ്‌കൂളിലെ ആറ് അധ്യാപകരാണ് രാവിലെ പ്രതിഷേധവുമായെത്തിയത്. ഉച്ചയോടെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനിയുമായി നടത്തിയ ചർച്ചയെ തുടന്ന് സമരം താത്കാലികമായി അവസാനിപ്പിച്ചു.

വാരം യു.പി. സ്‌കൂളിൽ 2017 മുതൽ 2021 വരെയുള്ള കാലയളവിൽ സേവനമനുഷ്ഠിച്ച അധ്യാപകർക്കാണ് ഇതുവരെയും നിയമന അംഗീകാരം ലഭിക്കാത്തത്. ചർച്ചയിൽ എ.ഇ.ഒ. സുജിത്ത്, സ്‌കൂൾ മാനേജർ വത്സൻ മഠത്തിൽ എന്നിവരും പങ്കെടുത്തു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എ.ഇ.ഒ. നടത്തിയ അന്വേഷണ റിപ്പോർട്ട് നേരത്തെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് വ്യാഴാഴ്ച വീണ്ടും യോഗം ചേരും. യോഗത്തിന് ശേഷം തയ്യാറാക്കുന്ന അന്തിമ റിപ്പോർട്ട് രണ്ട് ദിവസത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അയക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായും സമരക്കാർ അറിയിച്ചു.