ആയുർവേദ കോളേജ് സ്റ്റോപ്പിൽ ഇനി ബസ് എത്തും

ബസ് ഡ്രൈവർമാരെ ബോധവത്കരിച്ച് ഡി.വൈ.എഫ്.ഐ.

പരിയാരം : കണ്ണൂർ ഗവ. ആയുർവേദ കോളേജ് ബസ് സ്റ്റോപ്പിൽ ഇനി ബസുകളെത്തും. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പുതിയ റോഡിലൂടെ വാഹനഗതാഗതം അനുവദിച്ചതിനെ തുടർന്ന് ഗവ. ആയുർവേദ കോളേജ് ബസ് സ്റ്റോപ്പിലൂടെ ബസുകൾ പോകാത്ത പ്രശ്നത്തിന് പരിഹാരമായി. ഡി.വൈ.എഫ്.ഐ. കടന്നപ്പള്ളി സൗത്ത് മേഖലാ കമ്മിറ്റി ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

പ്രവർത്തകർ പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നിവേദനം നൽകുകയും തുടർന്ന് അലക്യംപാലം പെട്രോൾ പമ്പിന് സമീപത്ത് ബസുകൾ തടഞ്ഞ് ജീവനക്കാരെ ബോധവത്കരിച്ചു. ബസുകളെ ആയുർവേദ കോളേജ് സ്റ്റോപ്പുവഴി കടത്തിവിട്ടു. ദേശീയപാതാ നിർമാണ കരാർ ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻസ് അധികൃതരെ വിളിച്ചുവരുത്തി മെഡിക്കൽ കോളേജിനടുത്തുള്ള പ്രവേശനം നിരോധിച്ച്, അലക്യംപാലം പെട്രോൾ പമ്പിന് മുൻപിലേക്ക് മാറ്റി ബോർഡ് സ്ഥാപിക്കുകയും ചെയ്തു.

ദിവസേന ആയുർവേദ കോളേജിലെത്തുന്ന നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ആസ്പത്രി ജീവനക്കാരും കടന്നപ്പള്ളി, വിളയാങ്കോട്, അലക്യംപാലം, കോട്ടത്തുംചാൽ, തെക്കേക്കര പ്രദേശങ്ങളിലുള്ള ജനങ്ങളും യാത്രയ്ക്കായി ഉപയോഗിക്കുന്ന പ്രധാന സ്റ്റോപ്പാണ് പരിയാരം ആയുർവേദ കോളേജ് ബസ് സ്റ്റോപ്പ്‌. ബസുകൾ സ്റ്റോപ്പിലേക്ക് എത്താതെ 500 മീറ്ററോളം മാറി ആൾക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് ആയുർവേദ കോളേജിലേക്ക് വരുന്നവർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്‌ടിച്ചിരുന്നു.

ഡി.വൈ.എഫ്.ഐ. മാടായി ബ്ലോക്ക് ഖജാൻജി പി. ജിതിൻ, പി.കെ. പ്രജീഷ്, കെ.പി.പി. ലിബിൻ, എസ്.കെ. വിനീത്, പി.വി. സനോജ്, പി.കെ. സുരേഷ്, പി.വി. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.