ആറളത്ത് റബ്ബർമരങ്ങൾക്കും രക്ഷയില്ല; മരങ്ങളുടെ തൊലി പൊളിച്ച് ആനക്കൂട്ടം

ഇരിട്ടി : ആറളത്തെ അപകടകാരിയായ മോഴയാനയെ മയക്കുവെടിവെച്ച് തളച്ചെങ്കിലും ആറളം ഫാമിലും പുനരധിവാസമേഖലയിലും ആനക്കലി ഒടുങ്ങുന്നില്ല. റബ്ബർമരങ്ങൾ വ്യാപകമായി ആനക്കൂട്ടം നശിപ്പിക്കുകയാണ്. ഫാമിന്റെ അവസാനത്തെ ആശ്രയമായ റബ്ബർക്കൃഷിയെ ഇല്ലാതാക്കുന്ന രീതിയിലാണ് ആനക്കൂട്ടത്തിന്റെ പരാക്രമം.
നിത്യച്ചെലവുകൾക്ക് പോലും വരുമാനം കണ്ടെത്താൻ കഴിയാതെ നീങ്ങുന്ന ഫാമിന്റെ ഏക വരുമാനമാർഗമായ റബ്ബർമരങ്ങൾ ആനകൾ വ്യാപകമായി നശിപ്പിക്കുകയാണ്. ബ്ലോക്ക് ആറിലെ മരങ്ങൾ കുത്തിമറിച്ചിട്ടും തൊലികൾ പൊളിച്ചുതിന്നുമാണ് നശിപ്പിക്കുന്നത് . റബ്ബർമരങ്ങളുടെ തൊലികൾ തുമ്പിക്കൈ പൊക്കത്തിലുള്ളവ പൂർണമായും പൊളിച്ചുതിന്നുകയാണ്. തൊലിപോയ നൂറുകണക്കിന് റബ്ബർമരങ്ങളാണ് നാശത്തെ അഭിമുഖീകരിക്കുന്നത്. നല്ല ഉദ്പാദനം ലഭിക്കേണ്ട കാലത്ത് റബ്ബറിന്റെ നാശം ഫാമിനെ വൻ പ്രതിസന്ധിയിലാക്കുന്നു.
ഫാമിന് നഷ്ടം 134 കോടി
2017 മുതൽ ആനക്കൂട്ടം നശിപ്പിച്ചത് 134 കോടിയുടെ കാർഷിക വിളകളാണ്. ഇതാണ് ഫാമിന്റെ നട്ടെല്ല് തകർത്തത്. ഫാമിന് ഉണ്ടായ നഷ്ടം വനംവകുപ്പാണ് നൽകേണ്ടതെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഒരുവശത്ത് സർക്കാർ കോടികൾ മുടക്കി പദ്ധതികൾ നടപ്പാക്കുമ്പോൾ മറുവശത്ത് ആന ഉൾപ്പെടെ വന്യമൃഗങ്ങൾ അവയെല്ലാം ചവിട്ടിമെതിക്കുകയാണ് . ഫാമിൽ 17-ലധികം ആനകൾ താവളമാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷങ്ങളിലും ഇത്തരത്തിൽ റബ്ബർമരങ്ങൾ നശിപ്പിച്ചിരുന്നു. റബ്ബർപ്പാൽ സൂക്ഷിച്ചിരുന്ന ബാരലുകളും പാത്രങ്ങളും മറ്റും നിരവധി തവണ ആനകൾ നശിപ്പിച്ചിരുന്നു.
തെങ്ങുകളും പൂർണമായി നശിച്ചു
ആറളം ഫാമിൽ തെങ്ങുകൃഷിക്ക് കേൾവികേട്ട സ്ഥലമായിരുന്നു. മുപ്പതിനായിരത്തോളം തെങ്ങുകൾ ഉണ്ടായിരുന്ന ആറളം ഫാമിൽ ഇപ്പോൾ അവശേഷിക്കുന്നത് അയ്യായിരത്തിൽ താഴെ മാത്രമാണ്. തെങ്ങിൻതോട്ടങ്ങൾ തരിശുഭൂമി ആയി മാറി. 2.5 മുതൽ 5 ലക്ഷംവരെ നാളികേരം ലഭിച്ചിരുന്ന ഫാമിൽ ഇന്ന് 25,000 മുതൽ 60,000 വരെയാണ് ലഭിക്കുന്നത്. അവശേഷിക്കുന്ന തെങ്ങുകളും നശിപ്പിച്ചുകൊണ്ടിരിക്കയാണ്.