കലുങ്ക് നിർമിച്ചിട്ടും മാടത്തിൽ-കീഴ്‍പ്പള്ളി റോഡിൽ അപകടഭീഷണി ഒഴിയുന്നില്ല

ഇരിട്ടി : കലുങ്ക് പുനർനിർമിച്ചിട്ടും മാടത്തിൽ-കീഴ്‍പ്പള്ളി റോഡിലെ അത്തിക്കലിൽ അപകടഭീഷണിക്ക് പരിഹാരമായില്ലെന്ന് പരാതി. കലുങ്കിന്റെ സ്ലാബ് വാർത്ത ഭാഗവും റോഡും ചേരുന്നിടത്ത് ഒരുവശം താഴ്ന്നതാണ് വാഹനയാത്രക്കാർക്ക് ദുരിതമാകുന്നത്. കീഴ്‍പ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾ ഈ താഴ്ചയിലേക്ക് ചാടുന്നതുമൂലം അപകടങ്ങൾ പതിവായതായി നാട്ടുകാർ പറയുന്നു. 41.5 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു പുനർനിർമാണം.
കലുങ്ക് പുനർനിർമാണത്തിനു ശേഷം റോഡിന്റെ ഉപരിതലം ഉയർത്തി റോഡുമായി ശരിയായ നിലയിൽ ബന്ധിപ്പിക്കാത്തതാണ് പ്രശ്‌നത്തിനു കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അടിത്തറ മതിയായ രീതിയിൽ ഒരുക്കാതെയാണ് ഉപരിതലം കോൺക്രീറ്റ് ചെയ്തതെന്നും ആക്ഷേപമുണ്ട്.
രാത്രിയിൽ ഈ ഭാഗത്തുകൂടി പോകുന്ന ഇരുചക്രവാഹന യാത്രക്കാർ വലിയ അപകടഭീഷണിയാണ് നേരിടുന്നത്. റോഡിൽനിന്ന് താഴെയുള്ള വീടുകളിലേക്കടക്കം പോകാൻ വർഷങ്ങളായി നാട്ടുകാർ ഉപയോഗിച്ചിരുന്ന നടവഴി കലുങ്ക് പുനർനിർമാണത്തിനു ശേഷം പുന:സ്ഥാപിച്ചില്ല. ഇതോടെ നാട്ടുകാർ സ്വന്തം നിലയിൽ മണ്ണും മറ്റും ഉപയോഗിച്ച് താത്കാലിക നടവഴി ഒരുക്കുകയാണ്. കലുങ്കിനോടു ചേർന്ന ഭാഗത്തെ പഴയ നടവഴിയുടെ അവശിഷ്ടങ്ങളും നിർമാണത്തിനായി നീക്കിയ മണ്ണും പ്രദേശത്ത് കിടക്കുന്നുണ്ട്. നിർമാണം പൂർത്തിയായ ശേഷവും പ്ലാസ്റ്റിക്, സിമന്റ് ചാക്കുകൾ ഉൾപ്പെടെയുള്ളവ റോഡരികിൽ ഉപേക്ഷിച്ച നിലയിലാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷമുണ്ടായ ശക്തമായ മഴയിലാണ് അത്തിക്കലിലെ കലുങ്കിന്റെ സംരക്ഷണഭിത്തിയും സമീപത്തെ വാടക ക്വാർട്ടേഴ്‌സിന്റെ സംരക്ഷണഭിത്തിയും തോട്ടിലേക്ക് ഇടിഞ്ഞത്. അപകടഭീഷണിയെ തുടർന്ന് ക്വാർട്ടേഴ്‌സിലെ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇതിനു പിന്നാലെയാണ് കലുങ്കിന്റെയും സംരക്ഷണഭിത്തിയുടെയും പുനർനിർമാണത്തിന് മരാമത്ത് വകുപ്പിന്റെ നോൺ പ്ലാൻ ഫണ്ടിൽനിന്ന് 41.5 ലക്ഷം രൂപ അനുവദിച്ചത്. റോഡിലെ താഴ്ച അടിയന്തരമായി നികത്തി വാഹനങ്ങൾ സുഗമമായി കടന്നുപോകുന്ന വിധത്തിൽ ഉപരിതലം പുനഃക്രമീകരിക്കണമെന്നും നടവഴി പുനർനിർമിച്ച് നിർമാണാവശിഷ്ടങ്ങൾ നീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
സ്ഥലത്തിന്റെ പ്രത്യേകത കൊണ്ടാണ് റോഡ് അമർന്നു ഡിപ് ആയതെന്നും റീടാറിങ് നടത്തി പ്രശ്നം പരിഹരിക്കുന്ന പ്രവൃത്തി തുടങ്ങുമെന്നും കരാറുകാരൻ അറിയിച്ചു. പ്രദേശത്തിന്റെ ഇരുവശത്തും നെൽ വയലാണ്. കലുങ്കിന്റെ രണ്ട് വശവും 1.5 മീറ്ററാണ് സാധാരണ മണ്ണു മാറ്റുക. ഇവിടെ പ്രവൃത്തിക്കിടെ ആറ് മീറ്ററോളം ഇടിഞ്ഞു മണ്ണുമാന്തി യന്ത്രം അടക്കം തോട്ടിൽ പോയിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നിറച്ചെങ്കിലും താഴുകയായിരുന്നു.