വളവിൽപീടിക വളവിൽ അപകടം പതിവാകുന്നു

ചക്കരക്കല്ല് : അഞ്ചരക്കണ്ടി-ചക്കരക്കല്ല് റോഡിൽ വളവിൽപീടിക ഭാഗത്തെ വളവിൽ വാഹനാപകടം പതിവാകുന്നു. റോഡിന്റെ വളവും ഒരു വശത്തെ കുഴിയും വാഹനങ്ങളെ അപകടത്തിലാക്കുന്നു. വെള്ളക്കെട്ടാണ് ഇവിടെ റോഡ് തകർച്ചയ്ക്ക് കാരണമാകുന്നത്.
വേഗനിയന്ത്രണ മാർഗങ്ങളോ അപകടസാധ്യത കാണിക്കുന്ന സൂചനകളോ ഇല്ലാത്തത് വാഹനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. മറ്റൊരു പ്രധാന കാരണം റോഡിന്റെ വീതിക്കുറവാണ്. ആവശ്യത്തിന് റോഡ് വീതി കൂട്ടാൻ ഇരുവശത്തും സൗകര്യമുണ്ടെങ്കിലും ഇതുവരെ വീതി കൂട്ടി റോഡ് ടാറിങ് നടത്തിയിട്ടില്ല.
രണ്ടാഴ്ചക്കുള്ളിൽ നിരവധി ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് വീണ്ടും ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടു.
റോഡിന്റെ വശങ്ങളിൽ വീതികൂട്ടി ടാറിടണമെന്നും ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് അപകടസാധ്യത കാണിക്കുന്ന സൈൻ ബോർഡുകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.