ദേശീയതലത്തിൽ ഇ.ഡി.യെ എതിർക്കുന്ന കോൺഗ്രസ് സംസ്ഥാനത്ത് ക്ഷണിക്കുന്നു -പ്രകാശ് കാരാട്ട്

തലശ്ശേരി : ദേശീയതലത്തിൽ ഇ.ഡി.യെ എതിർക്കുന്ന കോൺഗ്രസ് സംസ്ഥാനത്ത് ഇ.ഡി.യെ ക്ഷണിച്ച് പിണറായിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണെന്ന് സി.പി.എം. മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.ഡി.യുടെ കാര്യത്തിൽ കോൺഗ്രസ് ഇരട്ടത്താപ്പ് കാണിക്കുകയാണ്. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ്. സോണിയാഗാന്ധിയും രാഹുൽഗാന്ധിയുമുൾപ്പെടെ 25-ഓളം കോൺഗ്രസ് നേതാക്കൾ ഇ.ഡി.യുടെ വിചാരണ നേരിടുകയാണ്. ഇതിനെതിരേ ഇടതുപക്ഷത്തിന് വ്യക്തമായ നിലപാടുണ്ട്. എന്നാൽ കോൺഗ്രസിന് ഇരട്ടത്താപ്പാണ്. ഹിന്ദുത്വ ആശയം അടിച്ചേൽപ്പിക്കുന്നതിനൊപ്പം കേന്ദ്രം ന്യൂനപക്ഷ അവകാശം നിഷേധിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ പരാജയം പരിശോധിച്ച് മുന്നോട്ടുപോകും -അദ്ദേഹം പറഞ്ഞു.
എം.പ്രകാശൻ പ്രസംഗം മൊഴിമാറ്റി. കാരായി രാജൻ എം.എൽ.എ. അധ്യക്ഷനായി. ഇ.പി.ജയരാജൻ, കെ.കെ.രാഗേഷ്, സി.കെ.രമേശൻ എന്നിവർ സംസാരിച്ചു. എ.എൻ.ഷംസീർ, എം.സി.പവിത്രൻ, മുഹമ്മദ് അഫ്‌സൽ, കാരായി ചന്ദ്രശേഖരൻ, വിനോദിനി കോടിയേരി, ബിനീഷ് കോടിയേരി, പി.ശശി എന്നിവർ പങ്കെടുത്തു. പ്രകടനവുമുണ്ടായി.
കണ്ണൂർ : പയ്യാമ്പലത്ത് നടന്ന അനുസ്മരണയോഗം സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. സി.പി.എമ്മിന്റെ തണലിലാണ് ന്യൂനപക്ഷം സംരക്ഷിക്കപ്പെടുകയെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ശശി, എ.എൻ. ഷംസീർ, എം. പ്രകാശൻ, വത്സൻ പനോളി, എൻ.ചന്ദ്രൻ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.സുരേന്ദ്രൻ, കാരായി രാജൻ എം.എൽ.എ., പി.വി. ഗോപിനാഥ്, കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.