വയത്തൂർ എ.യു.പി. സ്കൂളിന്റെ മേൽക്കൂര കാറ്റിൽ ഗ്രൗണ്ടിൽ പതിച്ചു

നാല് കാറുകൾ തകർന്നു
ഉളിക്കൽ : വയത്തൂർ എ.യു.പി. സ്കൂളിന്റെ മുകളിൽ സ്ഥാപിച്ച ഇരുമ്പ് മേൽക്കൂര ശക്തമായ കാറ്റിൽ പറന്നുപോയി. സ്കൂളിൽ നൂറുമീറ്റർ അകലെ ഉളിക്കൽ ടൗണിന് പുറകുവശത്തെ സ്വകാര്യ പാർക്കിങ് ഗ്രൗണ്ടിലാണ് മേൽക്കൂര പതിച്ചത്. ഇവിടെ പാർക്ക് ചെയ്ത നാല് കാറുകൾ തകർന്നു. പാർക്കിങ് ഗ്രൗണ്ടിന് സമീപത്തെ ഇരുനില കെട്ടിടത്തിൽ തട്ടിയാണ് മേൽക്കൂര ഗ്രൗണ്ടിൽ വീണത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. ഈ സമയം സ്കൂളിൽ ക്ലാസ് നടക്കുകയായിരുന്നു. ക്ലാസിന് പുറത്ത് അധ്യാപകരും കുട്ടികളുമുമുണ്ടായിരുന്നു. വൻ ദുരന്തമാണ് ഒഴിവായത്. ഇരുപതുലക്ഷം രൂപ ചെലവഴിച്ചാണ് നാലായിരിത്തിലധികം സ്ക്വയർ ഫീറ്റുള്ള മേൽക്കൂര നിർമിച്ചത്. പാർക്ക് ചെയ്ത കാറിൽ ആളില്ലാതിരുന്നത് ഭാഗ്യമായി. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ഉളിക്കൽ പോലീസും നാട്ടുകാരും ദുരന്തനിവാരണ സേനയും ഏറെനേരം പണിപ്പെട്ടാണ് മേൽക്കൂരയ്ക്ക് ഉള്ളിൽനിന്ന് കാറുകൾ പുറത്തെത്തിച്ചത്. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി, വൈസ് പ്രസിഡന്റ് ടോമി ജോസഫ്, ഇരിക്കൂർ എ.ഇ.ഒ. പി.എൻ. ഗീത, ബി.പി.സി. എം.വി. സുനിൽ കുമാർ, എച്ച്.എം. ഫോറം സെക്രട്ടറി സോജൻ ജോർജ്, കെ.പി.പി.എച്ച്.എ. സംസ്ഥാന കൗൺസിൽ അംഗം കെ.പി. വേണുഗോപാലൻ, ഇ.ജെ. തങ്കമ്മ, വി. വിഷ്ണു, കെ.ബി. ബാബു, സി.പി. ചന്ദ്രൻ എന്നിവർ സ്ഥലത്തെത്തി.