അന്തസ്സംസ്ഥാനപാതയിൽ കുന്നോത്ത് കൈയേറ്റം ഒഴിപ്പിച്ചു

രണ്ടുസെന്റ് തിരിച്ചുപിടിച്ചു
ഇരിട്ടി : തലശ്ശേരി-മൈസൂരു അന്തസ്സംസ്ഥാനപാതയിൽ കുന്നോത്ത് ഹൈസ്കൂളിന് സമീപം വ്യക്തികൾ കൈവശപ്പെടുത്തിയിരുന്ന രണ്ടുസെന്റ് പൊതുമരാമത്തുവകുപ്പ് തിരിച്ചുപിടിച്ചു. ഭൂമി കൈയേറി സ്ഥാപിച്ച രണ്ട് കെട്ടിടങ്ങളുടെ ഭാഗം പൊളിച്ചാണ് വർഷങ്ങൾക്ക് മുൻപ് കൈയേറിയ സ്ഥലം തിരിച്ചുപിടിച്ചത്. കുന്നോത്തെ മൂര്യൻ ബാലൻ, ഇലവുങ്കൽ ജോസഫ് എന്നിവരുടെ കൈവശമുണ്ടായിരുന്ന ഭൂമിയാണ് റവന്യൂവകുപ്പിന്റെ സഹായത്തോടെ ഒഴിപ്പിച്ചത്.
നേരത്തേ നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വമേധയാ ഒഴിയണമെന്ന് ആവശ്യപ്പെട്ട് സ്ഥലംഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. സമയപരിധി കഴിഞ്ഞിട്ടും ഒഴിഞ്ഞുപോകാഞ്ഞതിനെത്തുടർന്നാണ് കെട്ടിടഭാഗങ്ങൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചത്. ഒഴിപ്പിക്കൽ തടയാൻ സ്ഥലംഉടമകൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
കണ്ണൂർ പൊതുമരാമത്തുവകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ ടി. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകിയത്. നികുതിയടയ്ക്കുന്ന സ്ഥലമാണെന്നും നടപടി നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് മൂര്യൻ ബാലനും ഇലവുങ്കൽ ജോസഫിന്റെ സഹോദരിമാരും രംഗത്തെത്തിയെങ്കിലും ഒഴിപ്പിക്കലിന് ആവശ്യമായ സാവകാശം നേരത്തേ നൽകിയിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വിളമന വില്ലേജിൽ റീസർവേ 53/2-ൽ ഉൾപ്പെട്ട ഭൂമിയിലാണ് കൈയേറ്റം ഉണ്ടായത്. അന്തസ്സംസ്ഥാനപാതയിൽ കുന്നോത്ത് ഹൈസ്കൂളിന് സമീപത്തെ പൊതുമരാമത്തുവകുപ്പിന്റെ അധീനതയിലുള്ള കണ്ണായഭൂമിയിലാണ് കൈയേറ്റം ഉണ്ടായത്. സ്ഥലം കൈയേറി വർഷങ്ങൾക്കുമുൻപ് നിർമിച്ച കെട്ടിടഭാഗങ്ങളാണ് പൊളിച്ചുനീക്കിയത്. മൂര്യൻ ബാലന്റെ ഓടുമേഞ്ഞ പഴയ കെട്ടിടത്തിന്റെ ചുമരും പകുതിയോളം വരുന്ന ഭാഗങ്ങളുമായിരുന്നു കൈയേറ്റഭൂമിയിൽ ഉണ്ടായിരുന്നത്. ഇലവുങ്കൽ ജോസഫിന്റെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ രണ്ടുമുറികളും അടുക്കളഭാഗവുമാണ് പൊളിച്ചത്. ജോസഫ് ഇവിടെയായിരുന്നു താമസിച്ചിരുന്നത്.