സ്ത്രീസൗഹൃദ ശൗചാലയവും മുലയൂട്ടൽ കേന്ദ്രവും തുറന്നില്ല

പെരിങ്ങത്തൂർ : പാനൂർ നഗരസഭയിലെ പെരിങ്ങത്തൂർ ടൗണിൽ ഉദ്ഘാടനം ചെയ്ത സ്ത്രീസൗഹൃദ ശൗചാലയവും മുലയൂട്ടൽ കേന്ദ്രവും പൂട്ടിയിട്ടനിലയിൽ. താഴെ അങ്ങാടിയിൽ മത്സ്യ മാർക്കറ്റിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ഇത് നിർമിച്ചത്.

ഇരുനൂറിലധികം കടകളുള്ള ടൗണിൽ മിക്ക സ്ഥാപനങ്ങളിലും സ്ത്രീകൾ ജോലിചെയ്യുന്നുണ്ട്. ഇവർക്കൊക്കെ ഉപകരിക്കുന്ന സ്ത്രീസൗഹൃദ ടോയ്‌ലറ്റും മുലയൂട്ടൽ കേന്ദ്രവുമാണ് ഉദ്ഘാടനം ചെയ്ത് ഒരുവർഷം കഴിഞ്ഞിട്ടും പ്രവർത്തനക്ഷമമാക്കാതെ പൂട്ടിയിട്ടിരിക്കുന്നത്.

മാർക്കറ്റ് റോഡിൽ ടൗണിലുള്ള നഗരസഭയുടെ തന്നെ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ

നഗരസഭയുടെ ഫണ്ടുപയോഗിച്ചാണ് ഇവ

നിർമിച്ചത്. ഉദ്ഘാടനം ചെയ്തതിന്റെ ഫലകവും സ്ഥാപിച്ചിട്ടുണ്ട്. 2021-22-ലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയായിരുന്നു നിർമാണം. മുറിക്കുള്ളിൽ പരമാവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വെള്ളവും വൈദ്യുതിയും ലഭ്യമാണ്.

ബോർഡ് കണ്ട് വനിതകളാരെങ്കിലും മുലയൂട്ടാൻ കേന്ദ്രത്തിലെത്തിയാൽ പൂട്ടിയിട്ട

കെട്ടിടത്തിന്റെ പരിസരം പൂർണമായും വൃത്തിഹീനമായി കിടക്കുന്നതാണ് കാണുക. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഇതുവഴി കടന്നുപോകാറുണ്ടെങ്കിലും ഒരു നടപടിയുമെടുക്കാറില്ല. ഈ കെട്ടിടത്തോട് ചേർന്നുള്ള നഗരസഭാ കമ്യൂണിറ്റി ടോയ്‌ലറ്റ് നാട്ടുകാരുടെ നിരന്തര സമ്മർദത്തെത്തുടർന്ന് ഇപ്പോൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്.

സ്ത്രീകൾക്കായി നഗരസഭ ആവിഷ്കരിച്ച പദ്ധതി പ്രവർത്തനക്ഷമമാക്കാൻ എന്ത് തടസ്സമാണുള്ളതെന്നാണ് നാട്ടുകാരുടെ ചോദ്യം.