റോഡ് വന്നു... എന്നിട്ടും ബസില്ല

അരവഞ്ചാൽ : അരവഞ്ചാൽ കാഞ്ഞിരിപ്പൊയിൽ ഉദയംകുന്ന് ചട്യോൾ റോഡ് നവീകരിച്ച് ഗതാഗത യോഗ്യമാക്കിയിട്ട് വർഷങ്ങൾ കഴിയുന്നു. എന്നാൽ നാളിതുവരെയായിട്ടും ഇതുവഴി ഒരു ബസ് സർവീസും തുടങ്ങിയില്ല. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൽപ്പെടുത്തി 2024-ൽ പൂർത്തീകരിച്ച റോഡാണിത്.
കൂവപ്പൊയിൽ, കാഞ്ഞിരപ്പൊയിൽ, കോട്ടോൽ, ഉദയംകുന്ന് പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന റോഡാണിത്. കൂവപ്പൊയിൽ, കാഞ്ഞിരപ്പൊയിൽ, കോട്ടോൽ പ്രദേശത്തുള്ള വിദ്യാർഥികൾ പഠിക്കുന്നത് അരവഞ്ചാൽ, പെരിങ്ങോം,ചട്യോൾ, മാതമംഗലം സ്‌കൂളുകളിലാണ്. അമ്പതും നൂറും രൂപ മുടക്കിയാണ് സ്‌കൂളുകളിൽ എത്തുന്നത്. നവീകരിച്ചതും മികച്ചതുമായ റോഡുണ്ടായിട്ടും ബസ് സർവീസ് നടത്താതിലുള്ള പ്രതിഷേധത്തിലാണ് നാട്ടുകാർ. അരവഞ്ചാൽ കാഞ്ഞിരപ്പൊയിൽ മാതമംഗലം അമ്മാനപ്പാറ, ചുടലവഴി തളിപ്പറമ്പിൽ എത്തുവാൻ അരമണിക്കൂർ സമയം മതി. തളിപ്പറമ്പ്, മാതമംഗലം ഭാഗത്തേക്ക് എളുപ്പം എത്തിച്ചേരുന്ന റോഡാണിത്. ഈ റോഡിലൂടെ വെളിച്ചംതോട് വഴി ചെറുവത്തൂരിലേക്ക് ബസ് സർവീസ് തുടങ്ങിയാൽ രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ബസ് സർവീസാകും.
പെരിങ്ങോം ഇരട്ടക്കുളം ചട്യോൾ വഴി എന്ന് ബസ് ഓടും
പെരിങ്ങോം ഇരട്ടക്കുളം കോട്ടോൽ റോഡും നവീകരിച്ചെങ്കിലും ബസ് സർവീസ് തുടങ്ങിയില്ല. ഇരട്ടക്കുളം പ്രദേശത്ത് ഇരുനൂറോളം വീടുകളുണ്ട്. പ്രധാന ടൗണായ പെരിങ്ങോത്ത് എത്തുവാൻ സാധിക്കാത്ത അവസ്ഥയാണ്. ഇരട്ടക്കുളം റസിഡൻഷ്യൽ അസോസിയേഷൻ നിരവധി തവണയായി ബസ് സർവീസിന് ആവശ്യപ്പെടുന്നു.