റോഡും പാലവുമായിട്ടും ചെക്കിക്കടവുകാർ യാത്രാദുരിതത്തിൽ

മയ്യിൽ: നാട്ടിൽ മികച്ച മെക്കാഡം റോഡും പാലവും വന്നത് ആഘോഷമാക്കിയവർക്ക് എട്ടുവർഷം പിന്നിട്ടിട്ടും നിരാശ ബാക്കി. മയ്യിൽ പഞ്ചായത്തിനെ മലയോരവുമായി ബന്ധിപ്പിക്കുന്ന പ്രധാന കടവായ ചെക്കിക്കടവിലുള്ളവരാണ് യാത്രാക്ളേശത്തിൽ വർഷങ്ങളായി വലയുന്നത്. ചെങ്ങളായി പഞ്ചായത്തിലെ കൊയ്യത്തുനിന്ന് ചെക്കിക്കടവ് വഴി മയ്യിലേക്ക് എട്ടുവർഷം മുമ്പാണ് പാലവും റോഡും പണിതത്. നേരത്തേ മയ്യിലിൽ നിന്ന് ചെക്കിക്കടവ് വരെയുണ്ടായിരുന്ന ജീപ്പ് സർവീസ് നിലച്ചതാണ് ഇവിടെയുള്ളവർക്ക് യാത്രാ ക്ലേശം ഇരട്ടിപ്പിച്ചത്. ഈ റൂട്ടിലൂടെ നാല് സ്വകാര്യബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ആർക്കും ഗുണകരമാകുന്നില്ലെന്നാണ് ആരോപണം.
എല്ലാ ബസുകളും രാവിലെയും വൈകീട്ടും ഒരു ട്രിപ്പ് മാത്രം ഓടി തുടർന്ന് മറ്റ് ഭാഗങ്ങളിൽ സർവീസ് നടത്തുകയാണ് ചെയ്യുന്നത്. ഇത് യാത്രക്കാർക്ക് ഒരു വിധത്തിലും ഗുണകരമാകുന്നില്ല. മയ്യിൽ ടൗണിലേക്ക് വിദ്യാർഥികൾ, വയോജനങ്ങൾ ഉൾപ്പെടെയുള്ളവർ കാൽനടയായോ ഓട്ടോകളെ ആശ്രയിച്ചോ യാത്ര ചെയ്യേണ്ട സ്ഥിതിയിലാണിപ്പോൾ. ചെക്കിക്കടവ് പാലം മുതൽ മയ്യിൽ വരെയുള്ള മുന്ന് കിലോ മീറ്റർ ദൂരത്താണ് യാത്രാദുരിതം ഏറെയുള്ളത്. കൊയ്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മയ്യിൽ, കുറ്റ്യാട്ടൂർ, കൊളച്ചേരി പഞ്ചായത്തുകളിലുള്ള നിരവധി വിദ്യാർഥികളാണ് ബസ് സർവീസ് ഇല്ലാത്തതിനാൽ പഠനം തന്നെ നിർത്തിയിട്ടുള്ളത്. കൊയ്യത്തേക്ക് കാൽനടയായി പോകുന്ന വിദ്യാർഥികൾ പലപ്പോഴും വൈകിയെത്താറാണ് പതിവ്.