മലയോരത്ത് കാട്ടുപന്നി ഭീഷണി കൂടുന്നു

പെരുമ്പടവ് : മലയോരത്ത് കാട്ടുപന്നി ശല്യം രൂക്ഷമായി വരുന്നു. നിരവധി കർഷകരാണ് ഇതുമൂലം ദുരിതത്തിലാകുന്നത്. പെരുമ്പടവ് കരിപ്പാലിലെ കെ.സി. സാബുവിന്റെ നിരവധി വാഴ, കപ്പ, റബ്ബർ തൈ, കവുങ്ങ് എന്നിവ പന്നി കുത്തി നശിപ്പിച്ചു. ചാണകപ്പൊടി, എല്ലുപൊടി എന്നീ ജൈവവളങ്ങൾ പറമ്പിൽ ഉപയോഗിക്കാൻ സാധിക്കുന്നില്ല.
തൊഴിലാളികളെ വെച്ച് പണിയെടുപ്പിച്ചതെല്ലാം നഷ്‌ടത്തിലാകുന്ന സ്ഥിതിയാണെന്നും സാബു പറഞ്ഞു. തിമിരി ഏളയാട് നീലഞ്ചേരി ഗോവിന്ദന്റെ വീട്ടുവളപ്പിലെ നിരവധി വാഴയും ചേമ്പും നശിപ്പിച്ചു. കെ.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ വീട്ടുവളപ്പിലെ 25 ചുവട് ചേമ്പ് പന്നി കുത്തി നശിപ്പിച്ചിട്ടുണ്ട്.
സി.കെ. കുഞ്ഞിരാമന്റെ വീട്ട് വളപ്പിലെ ചേനയും, ചേമ്പും നശിപ്പിച്ചു. പാലങ്ങാട്ട് പ്രിയേഷിന്റെ വീട്ടുവളപ്പിലെ നിരവധി വാഴയും കപ്പയും ചേമ്പും പന്നി കുത്തിക്കിളച്ചിട്ടു. ചില കൃഷിയിടങ്ങളിൽ തേങ്ങയും നശിപ്പിച്ചിട്ടുണ്ട്. ശബ്‌ദമുണ്ടാക്കിയാൽ പോലും കാട്ടുമൃഗങ്ങൾ ഓടിപ്പോകുന്നില്ല. കൂട്ടമായി വന്ന് പച്ചക്കറികളും, വിളകളും നശിപ്പിക്കുന്ന സ്ഥിതിയാണ്. പന്നികളെ വെടിവെക്കുന്നതിന് പഞ്ചായത്തുകൾക്ക് അനുമതിയുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.
ചില സ്ഥലങ്ങളിൽ നായാട്ടു സംഘങ്ങളുടെ വെടിയേറ്റ് ഓടുന്നതിനിടയിൽ കുളത്തിലും, തോട്ടിലും വീണ് പന്നി ചാകാറുണ്ട്. ജനങ്ങൾ കാണാത്തിടത്താണെങ്കിൽ കുറേ ദിവസം കഴിഞ്ഞ് ജീർണിച്ച് ദുർഗന്ധം പരക്കുമ്പോഴാണ് അറിയുക.
മലയോരത്ത് നൂറുകണക്കിന് സ്ഥലങ്ങൾ കൃഷി ചെയ്യാതെ വെറുതെയിട്ടിരിക്കുന്നത് കാട് വളരാൻ കാരണമായി. ഇവിടങ്ങളിലെല്ലാം കുറുക്കനും, പന്നിയും മറ്റ് കാട്ട് മൃഗങ്ങളും വർദ്ധിക്കുകയാണ്. ഇത് ജന ജീവിതത്തെ ബാധിക്കുന്നു. ജനവാസ കേന്ദ്രങ്ങളുടെ സമീപത്തെ കൃഷിചെയ്യാതെ തരിശിട്ടിരിക്കുന്ന സ്ഥലങ്ങളിലെ കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്ത് മുൻകൈയെടുക്കണമെന്നും വിള നശിച്ച കർഷകർക്ക് അർഹമായ നഷ്‌ട പരിഹാരം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.