കേരളത്തിലെ ആദ്യ റെയിൽവേ കോച്ച് റസ്റ്ററന്റ് ഇന്ന് പയ്യന്നൂരിൽ തുറക്കും

പയ്യന്നൂർ : റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് ഇനി ബോഗിക്കുള്ളിലിരുന്ന് ഭക്ഷണം കഴിക്കാം. കേരളത്തിലെ ആദ്യ റെയിൽവേ കോച്ച് റസ്റ്ററന്റ് പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപം വ്യാഴാഴ്ച പ്രവർത്തനം തുടങ്ങും. രാവിലെ 11-ന് ഡി.ആർ.എം. മധുകർ റാവത്ത് ഉദ്ഘാടനം ചെയ്യും.

സ്റ്റേഷന്റെ പ്രധാനകവാടത്തിന് സമീപം പ്രത്യേകം ട്രാക്ക് ഒരുക്കിയാണ് പഴയ റെയിൽവേ കോച്ച് സ്ഥാപിച്ചത്. മംഗളൂരുവിൽനിന്ന് എത്തിച്ച പഴയ ത്രീ ടയർ എ.സി. കോച്ചാണ് റസ്റ്ററന്റായി മാറ്റിയത്. ഖലാസികളുടെ സഹായത്തോടെയാണ് കോച്ച് പയ്യന്നൂരിലെത്തിച്ചത്.

രാവിലെ അഞ്ചുമുതൽ റസ്റ്ററന്റ് പ്രവർത്തിക്കും. 24 മണിക്കൂറും ഭക്ഷണവും ചായയും ലഭ്യമാകും. ഒരേസമയം 50 പേർക്ക് കോച്ചിനുള്ളിലും 50 പേർക്ക് സമീപത്ത് തയ്യാറാക്കിയ പ്ലാറ്റ്ഫോമിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.

ഐ.ആർ.സി.ടി.സി. ആപ്പ് വഴി ഭക്ഷണം ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

റസ്റ്ററന്റിനൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന ചായവണ്ടിയും ഉണ്ടാകും. സ്റ്റേഷന് മുൻവശത്ത് രാമന്തളി, എട്ടിക്കുളം ഭാഗങ്ങളിലേക്കുള്ള ബസുകൾ നിർത്തുന്ന സ്ഥലത്തിന് സമീപമാണ് റസ്റ്ററന്റ്.

സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ബാലമുരളി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ കെ. ഹരികൃഷ്ണൻ, എ. സാജിദ്, എസ്.കെ.പി. മുഹമ്മദ് ഇഖ്ബാൽ, വിനോദ് കുമാർ, ജോബിൻസ് എന്നിവർ പങ്കെടുത്തു.