സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് പഴശ്ശിരാജ കളരി അക്കാദമിക്ക് നേട്ടം

ഇരിട്ടി : കേരള കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന 68-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പഴശ്ശിരാജാ കളരി അക്കാദമിയുടെ മികവിൽ കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിൽ നിരവധി മെഡലുകൾ നേടിയാണ് ജില്ല കിരീടം സ്വന്തമാക്കിയത്. മൂന്ന് ദിവസം നീണ്ടുനിന്ന ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽനിന്നായി 1600-ലധികം പേർ പങ്കെടുത്തു. 13 ഇനങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.
കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിയിൽനിന്ന് 18 കായികതാരങ്ങളാണ് വിവിധ ഇനങ്ങളിൽ മത്സരിച്ചത്. ഇതിൽ 14 താരങ്ങൾ സംസ്ഥാനതലത്തിൽ മെഡൽ നേടി. മികച്ച പ്രകടനത്തിലൂടെ നിരവധി താരങ്ങൾ കേരള ടീമിനുവേണ്ടി ദേശീയ മത്സരങ്ങളിൽ മത്സരിക്കാനുള്ള യോഗ്യതയും നേടി. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി പി.ഇ. ശ്രീജയൻ ഗുരുക്കളാണ് പരിശീലകൻ.
സബ്ജൂനിയർ ആൺകുട്ടികൾ: എം. ശ്രീഹരി (കെട്ടുകാരിപ്പയറ്റ്) സ്വർണം, കൈലാസ് മഹാദേവ് (കെട്ടുകാരിപ്പയറ്റ്) സ്വർണം.
ജൂനിയർ ആൺകുട്ടികൾ: ടി.വി. ദേവാംഗ് (വാളും പരിചയും) സ്വർണം, (ഉറുമി പരിച) വെങ്കലം. കെ.എസ്. അദ്വൈത് (വാളും പരിചയും) സ്വർണം, (ഉറുമി പരിച) വെങ്കലം, കെ.ജി. ശ്രീഹിത് (ഉറുമി വീശൽ) വെള്ളി.
ജൂനിയർ പെൺകുട്ടികൾ: കെ.ജി. ശീലക്ഷ്മി (കെട്ടുകാരിപ്പയറ്റ്) സ്വർണം, (ഉറുമി പരിച) സ്വർണം, (ഉറുമി വീശൽ) സ്വർണം., ദിയ സാഹിതി (കെട്ടുകാരിപ്പയറ്റ്) സ്വർണം, (ഉറുമി പരിച) സ്വർണം.
സീനിയർ പെൺകുട്ടികൾ: കീർത്തന കൃഷ്ണ (ഉറുമി പരിച) (ബിലോ) വെള്ളി. സീനിയർ ആൺകുട്ടികൾ: കെ.പി. അനുഗ്രഹ് (ചവിട്ടിപ്പൊങ്ങൽ) വെങ്കലം.