നവരാത്രി മനുഷ്യനെ നവീകരിക്കുന്നു-സ്വാമി ആനന്ദവനം ഭാരതി

പോത്താങ്കണ്ടം : നവരാത്രി ആഘോഷങ്ങൾ മനുഷ്യനെ സാംസ്കാരികമായി നവീകരിക്കുന്നുവെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. പോത്താങ്കണ്ടം ആനന്ദഭവനം ആധ്യാത്മിക സാംസ്കാരിക കേന്ദ്രത്തിലെ 42-ാമത് നവരാത്രി ആഘോഷത്തിലെ സാംസ്കാരിക സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയുടെ ഉപാസന നടത്തുന്ന ഭാരതത്തിലെ ഏക ആശ്രമം പോത്താങ്കണ്ടം ആനന്ദഭവനമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വാമി കൃഷ്ണാനന്ദ ഭാരതി അധ്യക്ഷത വഹിച്ചു. പ്രകൃതിസംരക്ഷണം ഭാരതസംസ്കാരത്തിന്റെ ഭാവമാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. പ്രകൃതിയെ മാതാവായി കരുതി അതിനെ ദേവീഭാവത്തിൽ ആരാധിക്കുന്നു. നവരാത്രി ആഘോഷം ഐക്യത്തിന്റെ രൂപമാണെന്നും അദ്ദേഹം പറഞ്ഞു. നവരാത്രിയെന്നത് ചെറുപ്പം മുതൽത്തന്നെ സ്വാധീനിച്ചെന്ന് നടൻ മനോജ് കെ. ജയൻ പറഞ്ഞു.

സ്വാമി രവിശങ്കർ ദാനന്ദജി, പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ലളിത, പി.കെ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച രാവിലെ 10-ന് അക്ഷരശ്ലോക സദസ്സ്, ഏഴിന് പ്രഭാഷണം, ഹരികഥ. ചൊവ്വാഴ്ച 7.30-ന് ഓംകാരജപം, ഏഴിന് കോട്ടയം ജമനീഷ് ഭാഗവതരുടെ ശാസ്ത്രീയസംഗീതം. ബുധനാഴ്ച വൈകിട്ട് ഏഴിന് ടി.വി.സുഭാഷിന്റെ ആർദ്രഗീതങ്ങൾ, 8.30-ന് സോപാനനൃത്തം. വ്യാഴാഴ്ച വൈകിട്ട് 7.30-ന് നൃത്തനൃത്യങ്ങൾ. വെള്ളിയാഴ്ച രാവിലെ 10-ന് വിവേകാനന്ദ വിദ്യാമന്ദിരത്തിലെ വിദ്യാർഥികളുടെ കലാപരിപാടികൾ. 7.30-ന് വൈക്കം വിജയലക്ഷ്മിയുടെ ശാസ്ത്രീയസംഗീതം. ശനിയാഴ്ച 10.30-ന് മനോജ് പയ്യന്നൂരിന്റെ സംഗീതക്കച്ചേരി, മൂന്നിന് രമേശൻ പെരിന്തട്ടയുടെ അമൃതസംഗീതം, ഏഴിന് കഥകളി എന്നിവ നടക്കും.