ആറളം കാരാപറമ്പിൽ ചുഴലിക്കാറ്റും മഴയും; വീടുകൾക്കും കൃഷിക്കും വ്യാപക നാശം

മലയോര ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു
ഇരിട്ടി : ആറളം പഞ്ചായത്തിലെ കാരാപ്പറമ്പ് മേഖലയിൽ ചൊവ്വാഴ്ച വൈകീട്ടുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശം. നിരവധി മരങ്ങൾ കടപുഴകി വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശമുണ്ടായി.
മലയോര ഹൈവേയിൽ ആവില ധ്യാനകേന്ദ്രത്തിന് സമീപം തേക്കുമരം റോഡിന് കുറുകെ വീണ് എടൂർ–ആറളം റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മുറ്റത്തെ കൂറ്റൻ മാവ് കടപുഴകി വട്ടമറ്റത്തിൽ മാത്യുവിന്റെ വീടിന് കേടുപാടുണ്ടായി. കാർപോർച്ച് പൂർണമായും തകർന്നു. അപകടസമയത്ത് കാർപോർച്ചിൽ വാഹനം ഇല്ലാതിരുന്നതിനാൽ വലിയ നാശം ഒഴിവായി. കല്ലമ്മാരിൽ ട്രീസയുടെ വീടിനു മുകളിലേക്കും മരം പൊട്ടിവീണു. മടത്തിക്കുഴിഞ്ഞൂർ മാത്യുവിന്റെ വീടിനും മരം വീണ് കേടുപാടുണ്ടായി.
ദിലീപ് ഏലാട്ടിലിന്റെ വീടിന്റെ ആസ്‌ബസ്‌റ്റോസ് മേൽക്കൂര കാറ്റിൽ തകർന്നു. നാട്ടുകാർ പ്ലാസ്റ്റിക് വലിച്ചുകെട്ടി വീട് താത്കാലികമായി താമസയോഗ്യമാക്കി. സമീപത്ത് പ്രവർത്തിക്കുന്ന മലബാർ കാർഷിക നഴ്സറിയുടെ മേൽക്കൂര പൂർണമായും തകർന്നു. മേൽക്കൂര തകർന്നുവീണ് നിരവധി ചെടികൾക്ക് കേടുപാടുണ്ടായി. നഴ്സറിയിൽ സൂക്ഷിച്ചിരുന്ന വളം ഉൾപ്പെടെയുള്ളവ മഴയിൽ നനഞ്ഞ് നശിച്ചു.
മേഖലയിലെ നിരവധി വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശമുണ്ടായി. നിരവധി റബ്ബർമരങ്ങളും കടപുഴകി. മരങ്ങൾ വൈദ്യുതലൈനുകളിൽ വീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതിബന്ധവും താറുമാറായി. മൈത്രീഭവനു സമീപം മരങ്ങൾ കടപുഴകി വീണെങ്കിലും കാര്യമായ നാശമുണ്ടായില്ല. കാറ്റിൽ വാതിൽ ശക്തമായി അടഞ്ഞതിനെ തുടർന്ന് മൈത്രീഭവനിലെ ജീവനക്കാരിയുടെ കൈക്ക് പരിക്കേറ്റു.
ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, സ്ഥിരംസമിതി അധ്യക്ഷൻ ജോർജ് ആലാംപള്ളി, പഞ്ചായത്ത് അംഗങ്ങളായ റോസമ്മ മാത്യു, സെലീന എന്നിവർ അഗ്നിരക്ഷാസേനാംഗക്കും നാട്ടുകാർക്കും സന്നദ്ധപ്രവർത്തകർക്കുമൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. റവന്യൂ അധികൃതരും സ്ഥലം സന്ദർശിച്ചു.