ചുടലയിലെ പാലം ഒരു ഭാഗം പൂർത്തിയായി

ദേശീയപാതാ നിർമാണം

തളിപ്പറമ്പ് : പുതിയ ദേശീയപാതയ്ക്കായി ചുടലയിൽ നിർമിക്കുന്ന പാലത്തിന്റെ ഒരുഭാഗം പൂർത്തിയായി. തളിപ്പറമ്പിൽനിന്ന് പയ്യന്നൂരിലേക്ക്‌ പോകുന്ന ഭാഗമാണ് പൂർത്തിയായത്. ഇതുവഴി ദിവസങ്ങളായി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. എന്നാൽ പാലത്തിന്റെ പണി മന്ദഗതിയിലാണ്. പയ്യന്നൂരിൽനിന്ന് തളിപ്പറമ്പിലേക്ക് വരുന്ന ഭാഗത്തെ പണി ചുടലകവലവരെ മാത്രമേ ആയിട്ടുള്ളു. പയ്യന്നൂർ ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾക്ക് ചുടലവളവ് ഒഴിവാക്കി പോകാം എന്നതു മാത്രമാണ് ഇപ്പോഴുള്ള പ്രയോജനം. കുപ്പത്തേക്ക് പാലം വഴി പണിയുന്ന ദേശീയപാതാ പ്രവൃത്തിയും എവിടെയും എത്തിയിട്ടില്ല. കുപ്പം പുഴയ്ക്ക് കുറുകേ പുതിയ ദേശീയപാതയ്ക്കായി പണിയുന്ന പാലത്തിന്റെ പണി മുക്കാൽഭാഗവും കഴിഞ്ഞു. കുപ്പത്തുനിന്ന് ദേശീയപാതാ പാലം വഴി വന്നാണ് കീഴാറ്റൂർ വഴി കുറ്റിക്കോലിൽ എത്തുന്നത്. ഈ ഭാഗത്തും പ്രവൃത്തികൾ നടന്നുവരുന്നതേയുള്ളു.

ചുടലയിൽ വെള്ളക്കെട്ട്

ദേശീയപാതയുടെ നിർമാണം നടക്കുന്ന ചുടല ടൗണിലും പരിസരത്തും വെള്ളക്കെട്ടാണ്. മഴപെയ്താൽ പല സ്ഥലത്തും റോഡിലൂടെ മഴവെള്ളം കുത്തിയൊലിക്കുകയാണ്. ചുടലകവലയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ ഭാഗങ്ങളിൽ കഴിഞ്ഞവർഷം മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ വേണ്ട മുൻകരുതൽ സ്വീകരിച്ചതു കാരണം വലിയ പ്രശ്നങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ മഴപെയ്യുമ്പോൾ ദേശീയപാത വഴി വെള്ളം കുതിച്ചൊഴുകുന്നത് വലിയ പ്രശ്നമാണ്. ഇരുചക്രവാഹനയാത്രക്കാർക്ക് വലിയ അപകടഭീഷണിയാണ്.