ലേബർ കോഡുകൾ കൊണ്ടുവരുന്നത് സംഘടിതശക്തിയെ തകർക്കാൻ-എളമരം കരീം

മട്ടന്നൂർ : തൊഴിലാളികളുടെ സംഘടിതശക്തി തകർക്കാനും അവരുടെ അവകാശങ്ങൾ പരിമിതപ്പെടുത്താനുമാണ് ലേബർ കോഡുകൾ കൊണ്ടുവരുന്നതെന്ന് സി.ഐ.ടി.യു. ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. സി.ഐ.ടി.യു. ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ചർച്ചയും കൂടാതെയാണ് ലേബർ കോഡുമായി ബന്ധപ്പെട്ട നിയമങ്ങൾ ലോക്‌സഭയിൽ പാസാക്കിയത്. ലേബർ കോഡുകൾ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുൻപ് എൽ.ഡി.എഫ്. സർക്കാർ തീരുമാനിച്ചിരുന്നു. ഇതേക്കുറിച്ച് പഠിക്കാൻ കമ്മിറ്റിയെയും നിയോഗിച്ചു. ഇപ്പോഴത്തെ യു.ഡി.എഫ്. സർക്കാർ ലേബർ കോഡ് നടപ്പാക്കാൻ നീക്കം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി. കൃഷ്ണൻ അധ്യക്ഷനായി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ, വി.കെ. സനോജ് എം.എൽ.എ., സംസ്ഥാന സെക്രട്ടറിമാരായ കെ.എൻ. ഗോപിനാഥ്, ടി.കെ. രാജൻ, ഒ.സി. ബിന്ദു, ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ, എം.സുരേന്ദ്രൻ, ടി. കൃഷ്ണൻ, വൈ.വൈ. മത്തായി, ടി.പി. ശ്രീധരൻ, അരക്കൻ ബാലൻ, പി. പുരുഷോത്തമൻ, എൻ.വി. ചന്ദ്രബാബു, എം. രതീഷ് തുടങ്ങിയവർ സംസാരിച്ചു.
പൊതുസമ്മേളനം ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. നൂറുക്കണക്കിന് പേർ പങ്കെടുത്ത തൊഴിലാളി പ്രകടനം മട്ടന്നൂർ കോടതി പരിസരത്തുനിന്ന് തുടങ്ങി ബസ്‌സ്റ്റാൻഡിൽ സമാപിച്ചു. സമ്മേളനം തിങ്കളാഴ്ച സമാപിക്കും. പ്രതിനിധി സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നടക്കും.