രയരോം ജലനിധി പദ്ധതി ഉപേക്ഷിച്ചു

ആലക്കോട് : ആലക്കോട് പഞ്ചായത്ത് ഉപഭോക്തൃ പങ്കാളിത്തത്തോടെ കോടികൾ മുടക്കി പണിത് പൂർത്തിയാക്കിയ ജലനിധി പദ്ധതി ജലവിതരണമില്ലാതെ ഉപേക്ഷിച്ചു. പമ്പ് ഹൗസ് പ്രദേശം കാടുകയറി നശിക്കുകയാണ്. രയരോം, നെടുവോട്, മുന്നാംകുന്ന്, പള്ളിപ്പടി പ്രദേശങ്ങളിൽ വീടുകളിൽ കുടിവെള്ളം കിട്ടുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. പ്രവൃത്തിയിലെ തകരാറുകൾ കാരണം പണിനടക്കുമ്പോൾ തന്നെ പൈപ്പുകൾപൊട്ടിയിരുന്നു. ജലവിതരണം തുടങ്ങി ആദ്യകാലങ്ങളിൽ തന്നെ പൈപ്പ് പൊട്ടി വെളളം റോഡിലൂടെ കുത്തിയൊഴുകുന്നത് വലിയ ഭീഷണിയായി മാറുകയായിരുന്നു. പിന്നീട് പല കാരണങ്ങളാൽ കുടിവെള്ളം വിതരണം നിലക്കുകയായിരുന്നു. നിരവധി കുടുംബങ്ങൾ വായ്പയെടുത്തും സ്വർണം പണയപ്പെടുത്തിയുമാണ് പണം മുടക്കി പൈപ്പ് ലൈൻ എടുത്തത്. ജലനിധി പദ്ധതിയിൽ വെള്ളം കിട്ടുമെന്ന പ്രതീക്ഷയിൽ കുടിവെള്ളത്തിന് കാത്തിരുന്നവർ നിശാശരായി. രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്തും സർക്കാരും ഇടപെട്ട് കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
കോടികൾ മുടക്കിയ പദ്ധതി ഇന്ന് കാടുകയറി പാമ്പും മൃഗങ്ങളും താവളമാക്കിയിരിക്കുകയാണ്.