മുങ്ങിയും പൊങ്ങിയും മോഴ ഒടുക്കം കൂട്ടാളികളും കൈവിട്ടു

ഇരിട്ടി: ആറളം ഫാം നിവാസികളുടെ പേടിസ്വപ്നമായ മോഴയാന ആറളത്തുനിന്ന് മുത്തങ്ങയിലേക്ക് എത്തുന്നത് സംഭവബഹുലമായ നാളുകൾക്കിടയിലൂടെയാണ്. വനംവകുപ്പിന്റെ കണക്കിൽതന്നെ ഒമ്പത് പേരുടെ കൊലയാളിയാണ് മോഴ.
2008 മുതൽ ആറളത്ത് ഭീഷണിയാകുന്ന ആനക്കൂട്ടത്തിലെ ഏറ്റവും വലിയവൻ. കണ്ണൂർ മഖ്‌ന-1 എന്ന പേരുതന്നെ അതിന്റെ ആകാരത്തിനും സ്വഭാവത്തിനും ചേർന്ന നിലയിലായിരുന്നു.
കഴിഞ്ഞവർഷം ഫെബ്രുവരി 23-ന് ബ്ലോക്ക് 13-ൽ വെള്ളി-ലീല ദമ്പതിമാരെ കൊലപ്പെടുത്തിയതോടെയാണ് മോഴയുടെ ശനിദശയും തുടങ്ങുന്നത്. തുടർന്ന് ആറുമാസത്തിനിടയിൽ അതേ ബ്ലോക്കിലെ അനീഷിനെ വീട്ടുമുറ്റത്ത് അടിച്ച് കൊലപ്പെടുത്തിയതോടെയാണ് ആന വനംവകുപ്പിന്റെയും കണ്ണിലെ കരടായത്. ജൂലായ് 25-നാണ് മോഴയെ മയക്കുവെടിവെച്ച് പിടിച്ച് ആറളത്തുനിന്ന് മാറ്റാൻ ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി ഉത്തരവിറക്കുന്നത്. പിറ്റേദിവസംമുതൽ മയക്കുവെടിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.
അന്നുമുതൽ മുങ്ങിയും പൊങ്ങിയും കഴിഞ്ഞ മോഴ വനംവകുപ്പിന് ഉത്തരം കിട്ടാത സമസ്യമായി മാറി. ഓണത്തിന് മുൻപ് നടപ്പാക്കാനിരുന്ന ദൗത്യം ഇതോടെ രണ്ടുമാസത്തോളം എടുത്തു. തന്നെ നോട്ടമിട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയതുപോലെ ഉൾവനത്തിലേക്ക് വലിഞ്ഞ മോഴ ഫാമിൽ വല്ലപ്പോഴുമുള്ള സന്ദർശകനായി മാറി. കഴിഞ്ഞദിവസമാണ് കല്ലേരിക്കൊമ്പനും സുന്ദരി എന്ന പിടിയാനയ്ക്കുമൊപ്പം ആറളം പുരധിവാസ മേഖലയിലേക്ക് തിരികെ കയറിയത്.
ഇതോടെ ദൗത്യം ദ്രുതഗതിയിലാക്കി. മുത്തങ്ങിൽനിന്ന് മൂന്ന് കുങ്കിയാനകളെയും ആറളത്ത് എത്തിച്ചു.
സാധാരണ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന മോഴ രണ്ടുദിവസമായി കൂട്ടാളികളുടെ സുരക്ഷയിലായിരുന്നു. ബുധനാഴ്ച ദൗത്യം നടക്കാതെ പോയതും കൂട്ടാളികളുടെ സാന്നിധ്യം കൊണ്ടായിരുന്നു. വ്യാഴാഴ്ച പുരധിവാസമേഖലയിലെ ഓടച്ചാലിൽ നിരീക്ഷണസംഘം മോഴയെ കണ്ടെത്തുമ്പോൾ ആറു കൊമ്പനാനകൾ ഒപ്പം ഉണ്ടായിരുന്നു. ദൗത്യം രണ്ടാംദിനവും അസാധ്യമാകുമെന്ന് തോന്നിയ ഘട്ടം.
മോഴയുടെയും കൂട്ടാളികളുടെയും സഞ്ചാരപാതയിൽ നാലുഭാഗത്തുമായി നിലയുറപ്പിച്ച ദൗത്യസംഘം കൂട്ടാളികളെ ഒന്നൊന്നായി അകറ്റിയശേഷം മോഴയെ ഒറ്റയ്ക്ക് കിട്ടിയതോടെ ദൗത്യം നടപ്പാക്കുകയായിരുന്നു.
ഒന്നിലധികം തവണ മയക്കുവെടിയേറ്റിട്ടും ശൗര്യം ശമിക്കാത്ത മോഴയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് വരുതിയിലാക്കിയത്.
മോഴയെ പിടിച്ചുകെട്ടിയതിൽ സന്തോഷം
ഇരിട്ടി : ആറളം ഫാം 11-ാം ബ്ലോക്കിൽ കീഴ്‌പ്പള്ളിക്കടുത്ത് കക്കുവയിലെ താമസക്കാരിയാണ് രാധാ ഗോപിയും കുടുംബവും. വനമേഖലയിൽനിന്ന് കിലോമീറ്ററോളം അകലെയുള്ള പ്രദേശമാണെങ്കിലും മൂന്നുതവണ രാധാ ഗോപിയുടെ പറമ്പിലും മോഴയാനയെത്തി വ്യാപക കൃഷിനാശം വരുത്തി.
പറമ്പിലെത്തിയത് മോഴയാണെന്ന് സമീപവാസികൾ പറഞ്ഞ അറിവുമാത്രമേ രാധയ്ക്കുള്ളു. ഒരിക്കൽപോലും മോഴയെ നേരിൽ കണ്ടിട്ടില്ല. മോഴയാനയെ മയക്കുവെടിവെച്ച് വനപാലകർ തളച്ചുവെന്ന് കേട്ടപ്പോൾ രാധയ്ക്കും അതിയായ സന്തോഷം. മോഴയെ മുത്തങ്ങയിലേക്ക് ലോറിയിൽ കൊണ്ടുപോകുന്നത് കാണാൻ റോഡരികിലും വീടുകളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം കാത്തുനിന്നു.