സമൂഹവിരുദ്ധർ തമ്പടിക്കുന്നു; സ്വസ്ഥത നഷ്ടപ്പെട്ട് എടക്കാനം റിവർ വ്യൂ പോയിന്റ്

ഇരിട്ടി : ഒരുകാലത്ത്‌ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവരുടെ ഇഷ്ടകേന്ദ്രമായിരുന്നു എടക്കാനം റിവർ വ്യൂ പോയിന്റ്. പുഴയും ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന പുൽത്തകിടിയും കുളിർകാറ്റും മേഖലയെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റി. ആരും നിയന്ത്രിക്കാനില്ലാതായതോടെ കേന്ദ്രം ഇപ്പോൾ ലഹരി ഉപയോഗത്തിന്റെയും സമൂഹവിരുദ്ധപ്രവർത്തനങ്ങളുടെയും കേന്ദ്രമായി മാറുകയാണ്. പ്രകൃതിഭംഗി ആസ്വദിക്കാനെന്ന മട്ടിലെത്തുന്ന ന്നവരിൽ നല്ലൊരു വിഭാഗം ലഹരി ഉപയോഗത്തിന്റെയും ലഹരി കൈമാറ്റത്തിന്റെയും കേന്ദ്രമാക്കി മേഖലയെ മാറ്റിയിരിക്കുകയാണ്.

ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് ദിവസവും എടക്കാനം റിവർ വ്യൂ പോയിന്റിൽ എത്തുന്നത്. എന്നാൽ, വിനോദസഞ്ചാര കേന്ദ്രത്തിന്റെ മറവിൽ ചിലർ ലഹരി ഉപയോഗവും മറ്റ് സമൂഹവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നതായാണ് നാട്ടുകാരുടെ ആരോപണം. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം ഇവിടെ നടക്കുന്നതായും നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ എംഡിഎംഎ ഉപയോഗിച്ച യുവാക്കളെ പിടികൂടിയിരുന്നു. സ്‌കൂൾ, കോളേജ് സമയങ്ങളിൽ ക്ലാസ് ഒഴിവാക്കി വിദ്യാർഥികളും ഇവിടെ എത്തുന്നുണ്ട്. കൗമാരക്കാരെ വരുതിയിലാക്കാൻ ലഹരി സംഘവും മേഖലയിൽ വലയിട്ടതോടെ സ്വസ്ഥമായൊരു പ്രകൃതി ആസ്വാദനം ഇപ്പോൾ ഇവിടെ സാധ്യമല്ലാതായിരിക്കുകയാണ്.

രാത്രിയിൽ ആളുകളുടെ സാന്നിധ്യം വർധിക്കുന്നത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഒരുവർഷം മുൻപ് നാട്ടുകാരും സ്ഥലം കാണാനെത്തിയവരും തമ്മിൽ വലിയ സംഘർഷമുണ്ടായി. ഇതോടെ പാർക്കിലേക്കുള്ള പ്രവേശനം പോലീസ് ഇടപ്പെട്ട് തടഞ്ഞിരുന്നു. ഇപ്പോൾ നിയന്ത്രണങ്ങളെല്ലാം മറികടന്ന് വലിയൊരുസംഘമാണ് ഒഴിവുദിവസങ്ങളിലും സായാഹ്നങ്ങളിലും ഇവിടെയെത്തുന്നത്.

സമൂഹവിരുദ്ധരുടെ ശല്യം വർധിച്ചതോടെ പ്രദേശത്ത് നിരീക്ഷണവും ജാഗ്രതയും ശക്തമാക്കാൻ നാട്ടുകാർ ജനകീയ കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. റിവർ വ്യൂ പോയിന്റിലും പരിസരങ്ങളിലും പോലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തിൽ നിരന്തര പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിനോദസഞ്ചാര കേന്ദ്രത്തിന്റെ സ്വാഭാവിക സൗന്ദര്യവും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിനൊപ്പം ലഹരി ഉപയോഗവും സമൂഹവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. പ്ലാസ്റ്റിക്ക് കുപ്പികളും മറ്റ് മാലിന്യങ്ങളും പ്രദേശത്ത് നിറയുകയാണ്.