പുതുച്ചേരിക്ക് മയ്യഴിയുടെ വർണാദരം-ലോക് നിവാസിൽ ചിത്രങ്ങൾ സമർപ്പിച്ചു

മയ്യഴി : മയ്യഴിയിലെ ചുമർചിത്രകാരിയും ജീവകാരുണ്യ-സാമൂഹികപ്രവർത്തകയുമായ കെ.ഇ. സുലോചന മാഹിയുടെ ചിത്രങ്ങൾ പുതുച്ചേരിയിൽ നേത്രോന്മീലനംചെയ്തു.

മയ്യഴിയുടെ വർണാദരം എന്ന പേരിൽ 13 അടി നീളവും എട്ടടി വീതിയുമുള്ള അനന്തശയനം പുതുച്ചേരി ലെഫ്. ഗവർണറുടെ ചേംബറിലാണ് പൂർത്തിയാക്കിയത്.

ദി റിഥം ഓഫ് ട്രഡീഷൻ എന്ന പേരിൽ പുതുച്ചേരി ഭരണത്തിലെ വൈവിധ്യങ്ങളുടെ ഐക്യം കാണിക്കുന്ന കേരളത്തിലെ മാഹിയും ആന്ധ്രയിലെ യാനവും തമിഴ്നാട്ടിലെ കാരക്കലും പിന്നെ പുതുച്ചേരിയുടെ കലയും സംസ്കാരവും വിശദീകരിക്കുന്ന എട്ടര മീറ്റർ നീളവും ആറടി ഉയരവുമുള്ള ചിത്രവും പുതുച്ചേരിക്കായി സമ്മാനിച്ചു.

ചിത്രങ്ങൾ യഥാക്രമം ലെഫ്. ഗവർണർ കെ. കൈലാസനാഥനും മുഖ്യമന്ത്രി എൻ. രംഗസ്വാമിയും ചിത്രങ്ങൾ നേത്രോന്മീലനം നടത്തി.

അഡ്വ. ടി. അശോക് കുമാർ എം.എൽ.എ. ചിത്രത്തിന്റെ കേരളത്തിന്റെ ഭാഗം മിഴിതുറന്നു.

പുതുച്ചേരി പ്രഥമ വനിത ബീന കൈലാസനാഥ് പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായം, ആർട് ആൻഡ്‌ കൾച്ചർ മന്ത്രി രാജാവേലു തുടങ്ങിയവർ പങ്കെടുത്തു. പുതുച്ചേരി കേരളസമാജത്തിലെ കുട്ടികൾ സ്വാഗതഗാനം ആലപിച്ചു. ലോക്നിവാസിൽ നടന്ന ചടങ്ങിൽ ചിത്രകാരി ശുഭശ്രീ സംസാരിച്ചു. സുലോചന ചിത്ര സമ്മാന സന്ദേശവും നൽകി.

ചിത്രരചനയിൽ പങ്കാളികളായ കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു. രഞ്ജിത്ത് അരിയിൽ, ഷിബുരാജ്, ശുഭശ്രീ, സ്നേഹ രഞ്ചിത്ത്, സനിൽ ദാസ്, സുലോചനയുടെ ശിഷ്യരായ ബിന്ദുരാജ്, സിന്ധു, മേജർ ജനറൽ പദ്മിനി, ശാന്തി, നവ്യത തുടങ്ങി 13 കലാകാരന്മാരെ വിശിഷ്ടാതിഥികൾ ആദരിച്ചു.