അനധികൃത ചെങ്കൽ ഖനനത്തിനെതിരേ ജിയോളജി ഓഫീസ് മാർച്ച്

കണ്ണൂർ : അനധികൃത ചെങ്കൽ ഖനനത്തിനെതിരേ ജില്ലാ പരിസ്ഥിതി ഏകോപനസമിതി ജിയോളജി ഓഫീസിലേക്ക് മാർച്ച് നടത്തി. അനധികൃതവും അശാസ്ത്രീയവുമായ ചെങ്കൽ ഖനനം അവസാനിപ്പിക്കുക, ഇടനാടൻ ചെങ്കൽ കുന്നുകൾ നശിക്കുന്നത് തടയുക, കുടിവെള്ളവും ജൈവവൈവിധ്യവും സംരക്ഷിക്കുക, വരുംതലമുറയുടെ പാരിസ്ഥിക അവകാശങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു മാർച്ച്. ജിയോളജി ഓഫീസിനുമുന്നിൽ നടന്ന ധർണ സീക്ക് ഡയറക്ടർ ടി.പി. പദ്മനാഭൻ ഉദ്ഘാടനംചെയ്തു. മണ്ണ്, കല്ല് മാഫിയയെ സർക്കാർ നിയന്ത്രിക്കണമെന്നും പ്രകൃതിവിഭവങ്ങൾ കൊള്ളയിക്കുന്നതിനെതിരേ റവന്യൂ, ജിയോളജി, പോലീസ് വകുപ്പുകൾ ജാഗ്രതയോടെ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ 32 ചെങ്കൽ ക്വാറികൾക്ക് മാത്രം അനുമതിയുള്ളപ്പോൾ 400-ലധികം ക്വാറികൾ അനധികൃതമായി പ്രവർത്തിക്കുകയാണെന്നും ചെങ്കല്ല് മാഫിയയുമായി ചേർന്ന് അധികാരികൾ നടത്തുന്ന കള്ളക്കളി അവസാനിപ്പിച്ചില്ലെങ്കിൽ ജനകീയ ശക്തികൊണ്ട് തടയുമെന്നും അദ്ദേഹം പറഞ്ഞു.
വി.സി. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കെ.ഇ. കരുണാകരൻ, ഡോ. ഡി. സുരേന്ദ്രനാഥ്, വി.എസ്. അനിൽകുമാർ, പി.കെ. തങ്കമണി കരിയാപ്പ്, നോബിൾ പൈക്കട, പി.പി. കൃഷ്ണൻ, കെ.പി. ചന്ദ്രാംഗതൻ, സി. വിശാലക്ഷൻ, അനീഷ് കെ. ഊരുമൂപ്പൻ കാക്കണംപാറ, വിനോദ് പയ്യട തുടങ്ങിയവർ സംസാരിച്ചു.