കോട്ടക്കുന്ന് പാലം അപകടത്തിൽ; കരിങ്കൽഭിത്തി അടർന്നുവീണു

പിലാത്തറ : നരീക്കാംവള്ളി-കോട്ടക്കുന്ന്-പുറച്ചേരി-ഏഴിലോട് റോഡിൽ അറത്തിൽ തോടിന് കുറുകെയുള്ള കോട്ടക്കുന്നിലെ കോൺക്രീറ്റ് റോഡ് പാലം തകർച്ചയിൽ.

പതിറ്റാണ്ടുകൾക്ക് മുൻപേ നിർമിച്ച പാലത്തിന്റെ അടിഭാഗത്ത് ഇരുപാർശ്വങ്ങളിലുമുള്ള കരിങ്കൽ ഭിത്തി പാതിയും തകർന്നുവീണ നിലയിലാണ്. കോൺക്രീറ്റ് അടർന്ന് ഇരുമ്പ് കമ്പികൾ പുറത്ത് കാണാം. മുകളിൽ പാലത്തോട് ചേർന്ന ഭാഗത്ത് റോഡ് താഴ്ന്ന് കുഴി രൂപപ്പെട്ടു. പാലത്തിന്റെ അപകടഭീഷണി മുൻപിൽ കണ്ട് വലിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത് നിരോധിച്ച് പഞ്ചായത്ത് മുന്നറിയിപ്പ് ബോർഡ് വെച്ചു.

മാതമംഗലം-പിലാത്തറ റോഡും ഏഴിലോട് ദേശീയപാതയും തമ്മിൽ ബന്ധിപ്പിച്ച് നരീക്കാംവള്ളിയിൽനിന്ന് ഏഴിലോട് വരെയുള്ള റോഡിലാണ് ഈ പാലം. മാതമംഗലം മലയോര ഉൾനാടൻ പ്രദേശവാസികൾ പയ്യന്നൂർ ഭാഗത്തേക്ക് പോകാൻ പിലാത്തറ ടൗണിലെ തിരക്ക് ഒഴിവാക്കി ഇതുവഴിയാണ് പോകുന്നത്. ചെറുപ്പാറ, അറത്തിൽ, പിലാത്തോട്ടം, കോട്ടക്കുന്ന്, പുറച്ചേരി പ്രദേശത്തുകാർക്ക് ഈ റോഡാണ് പുറംലോകത്തെത്താൻ ഏകവഴി.

ബസ് സർവീസും ട്രക്കർ സർവീസും ഉണ്ടായിരുന്ന റൂട്ടാണിത്. ഒട്ടേറെ സ്‌കൂൾവാഹനങ്ങൾ, സ്വകാര്യവാഹനങ്ങൾ എന്നിവ നിത്യേന ഈ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. പാലത്തിന്റെ തകർച്ച

ഗുരുതരമായാൽ ഗതാഗതം പൂർണമായും നിലയ്ക്കും. ഇതുവഴിയുള്ള വാഹനയോട്ടം ഇല്ലാതായാൽ കോട്ടക്കുന്നുകാർക്ക് ദൈനംദിന ആവശ്യങ്ങൾക്ക് ഏഴിലോട് ടൗണിലേക്കും അതുവഴി വിവിധ സ്ഥലങ്ങളിലേക്കും പോകാൻ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാകും.