ദസറയിൽ ഡബിൾ ഡെക്കറിന് ആറ് ലക്ഷത്തിന്റെ കുതിപ്പ്

കണ്ണൂർ : കണ്ണൂർ ദസറയുടെ ഭാഗമായി കൊണ്ടുവന്ന ഡബിൾ ഡെക്കർ ബസിന് വൻ ജനപ്രീതി. കൊച്ചിയിൽ നിന്ന് എത്തിക്കുമ്പോൾ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ്‌ പ്രതീക്ഷിച്ചത് പ്രതിദിനം 20,000 രൂപ കളക്ഷൻ മാത്രമായിരുന്നു. എന്നാൽ ലഭിച്ചത് ശരാശരി 60,000ന് മുകളിൽ. 11 ദിവസം കൊണ്ട് ആകെ വരുമാനം 6,01,950 രൂപ. ഒക്ടോബർ 12 മുതൽ 22 വരെയാണ് സർവീസ് നടത്തിയത്. ഏറ്റവും കൂടുതൽ വരുമാനം ഒക്ടോബർ 21ന്-80,250 രൂപ. ആദ്യദിനം 43,600 രൂപയും അവസാനദിനം 55,050 രൂപയും ലഭിച്ചു. 40 മിനിറ്റ് യാത്രയ്ക്ക് 100, 50 രൂപ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്.

മുകൾഭാഗത്തിരുന്ന് ആകാശക്കാഴ്ച കണ്ട് യാത്ര ചെയ്യാനാണ് കൂടുതൽ പേർക്കും താത്പര്യം. താഴ്ന്നു കിടക്കുന്ന വൈദ്യുതി കമ്പികളും മരച്ചില്ലകളും സർവീസിന് ചെറിയ തടസ്സമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. അതിനാൽ ഇത്തരം തടസ്സങ്ങളില്ലാത്ത വഴികളിലൂടെയാണ് ബസ് സർവീസ് നടത്തിയത്.

നവരാത്രി സമയമായതിനാൽ സർവീസ് വൻ ലാഭകരമായിരുന്നു. ജനങ്ങൾക്ക് പുതിയ അനുഭവമായിരുന്നു ഡബിൾ ഡെക്കർ യാത്ര. മുഴപ്പിലങ്ങാട്, പയ്യാമ്പലം ബീച്ച്, കണ്ണൂർ കോട്ട തുടങ്ങിയ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സ്ഥിരം സർവീസ് നടത്തിയാൽ നല്ല വരുമാന മാർഗമാകുമെന്നും അധികൃതർ പറഞ്ഞു.