സൂര്യവിനോദിന് മേരിക്യൂറി ഫെലോഷിപ്പ്

ഇരിട്ടി : യൂറോപ്യൻ യൂണിയന്റെ പ്രശസ്തമായ ഗവേഷണ ഫെലോഷിപ്പായ മേരിക്യൂറി ഡോക്ടറൽ നെറ്റ്വർക് ഫെലോഷിപ്പിന് കാക്കയങ്ങാട് സ്വദേശിനി ആർ.കെ. സൂര്യ വിനോദ് അർഹയായി. ഫ്രാൻസിലെ ബെസാൻസോണിലുള്ള സി.എൻ.ആർ.എസ്. ഫെംറ്റോ-എസ്.ടി. ഗവേഷണ സ്ഥാപനത്തിലാണ് മൂന്നുവർഷത്തെ ഡോക്ടറൽ ഗവേഷണം നടത്തുക. ഫെംറ്റോസെക്കൻഡ് ലേസറുകളും ഓപ്റ്റിക്സും കേന്ദ്രീകരിച്ചുള്ള ഗവേഷണത്തിന് ഡോ. ഫ്രാൻസ്വാ കൂർവസിയേർ നേതൃത്വംനൽകും. ഉയർന്ന ശക്തിയുള്ള ഫെംറ്റോസെക്കൻഡ് ബെസ്സൽ വോർട്ടക്സ് പ്രകാശകിരണങ്ങൾ ഉപയോഗിച്ച് ദ്രവ്യം രൂപപ്പെടുത്തൽ എന്നതാണ് ഗവേഷണവിഷയം. യൂറോപ്പിലെ എട്ട് പ്രമുഖ സർവകലാശാലകളെയും വ്യവസായ പങ്കാളികളെയും ഉൾപ്പെടുത്തി 15 ഗവേഷകരെ പരിശീലിപ്പിക്കുന്ന അന്താരാഷ്ട്ര ഗവേഷണ ശൃംഖലയാണിത്.
എടത്തൊട്ടി നവജ്യോതി സീനിയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടുവും ഇരിട്ടി എം.ജി. കോളേജിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും നേടിയ സൂര്യ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് ബെംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറി ഫോർ അറ്റോസെക്കൻഡ് സയൻസസിൽ റിസർച്ച് അസിസ്റ്റന്റായി പ്രവർത്തിച്ചുവരികയാണ്. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ആർ.കെ. ഷീലയുടെയും, എൻ. വിനോദ് കുമാറിന്റെയും മകളാണ്.