താവുകുന്ന് വളവിൽ അപകടമൊഴിവാക്കാൻ നടപടികൾ

മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു
നടുവിൽ : മലയോര ഹൈവേയിലെ താവുകുന്ന് വളവിൽ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതരുടെ ഇടപെടൽ. ആദ്യ വലിയ വളവിൽ മുന്നറിയിപ്പ് ബോർഡും ട്രാഫിക് വാണിങ് ബ്ലിങ്കറുകളും സ്ഥാപിച്ചു. വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രണ്ട് ബ്ലിങ്കറുകളാണ് സ്ഥാപിച്ചത്.
പകൽ സോളാർ പാനലിലൂടെ ഊർജം സംഭരിക്കുകയും രാത്രിയിൽ എൽ.ഇ.ഡി. മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിക്കുകയും ചെയ്യും. ദൂരെനിന്നുതന്നെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്ന സംവിധാനമായതിനാൽ വളവിനടുത്തെത്തുമ്പോൾ വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഇതിനുപുറമെ അപകടമുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഇറക്കമിറങ്ങി വേഗത്തിലെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് വളവ് തിരിച്ചറിയാൻ പറ്റാത്തതാണ് അപകടങ്ങൾക്ക് കാരണമെന്നാണ് പരാതി.
രാത്രിയിലും മഴയും മൂടൽമഞ്ഞുമുള്ള സമയങ്ങളിലുമാണ് അപകടങ്ങൾ കൂടുതൽ നടക്കുന്നത്. ഇതിനകം നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. നാല് ജീവനുകൾ നഷ്ടപ്പെട്ടു.
ഒട്ടേറെ പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയേണ്ടിവന്നു. വളവിൽ അപകടമുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടും നടപടികൾ വൈകുകയായിരുന്നു.
നടുവിലിനും കരുവഞ്ചാലിനും ഇടയിൽ ഒരു കിലോമീറ്റർ ദൂരത്തിൽ കുത്തനെയുള്ള ഇറക്കത്തിലാണ് നാല് കൊടുംവളവുകളുള്ളത്. ഒരു വശത്ത് വലിയ താഴ്ചയും മറുഭാഗത്ത് ഉയർന്ന മൺതിട്ടയുമാണ്. മറുനാട്ടിൽനിന്ന് വരുന്ന ഭാരവാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്.
നടുവിൽ ഗ്രാമപ്പഞ്ചായത്തിന്റെ പരിധിയിലുള്ള വളവുകളിൽ വേണ്ടത്ര തെരുവുവിളക്കുകളില്ല. നേരത്തെയുണ്ടായിരുന്ന ഒരു ഹൈമാസ്റ്റ് ലൈറ്റും മൂന്ന് തെരുവുവിളക്കുകളും വാഹനങ്ങളിടിച്ച് തകർന്നു. ഇവ പുന:സ്ഥാപിക്കുന്നതിനോ റോഡരികിലെ കാടു വെട്ടിത്തെളിക്കുന്നതിനോ നടപടി ഉണ്ടായിട്ടില്ല.
ബ്ലിങ്കറുകൾക്കൊപ്പം ആവശ്യമായ റോഡ് സുരക്ഷാക്രമീകരണങ്ങളും വേഗനിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തി വളവിനെ അപകടരഹിത മേഖലയാക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.