ഏരുവേശ്ശി പഞ്ചായത്ത് ഓഫീസിലേക്ക് നടപ്പാലം ഒരുങ്ങി

ചെമ്പേരി : ഏരുവേശ്ശി പഞ്ചായത്ത് ഓഫീസിലേക്ക് എളുപ്പത്തിലെത്താൻ ചെമ്പേരി ലൂർദ് മാതാ ബസിലിക്കയുടെ മുന്നിലെ മൈതാനത്തിനടുത്തെ തോടിന് കുറുകെ നടപ്പാലം ഒരുങ്ങി.

ടൗണിന്റെ സമീപത്ത് തന്നെയുള്ള ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെത്തുന്ന പൊതുജനങ്ങളുടെ ഏറെക്കാലങ്ങളായുള്ള ആഗ്രഹമായിരുന്നു ഓഫീസ് മുറ്റത്തേക്ക് എളുപ്പത്തിലെത്തുന്ന നടപ്പാത. പഞ്ചായത്ത്‌ ഓഫീസിനോട് ചേർന്ന് പ്രവർത്തിച്ചുവരുന്ന കൃഷിഭവൻ, വി.ഇ.ഒ. ഓഫീസ് എന്നിവ കൂടാതെ സമീപത്തായി പുതിയ കെട്ടിടം നിർമിച്ച് വില്ലേജ് ഓഫീസും പ്രവർത്തിച്ചു തുടങ്ങിയതോടെ വിവിധ ആവശ്യങ്ങൾക്കായി ഈ ഓഫീസുകളിലെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക്‌ ചെയ്യാനിടമില്ലാത്ത അവസ്ഥയായിരുന്നു.

വിവിധ ഭാഗങ്ങളിൽ നിന്ന് ടൗണിലേക്കെത്തുന്ന റോഡുകളുടെ വശങ്ങളിൽ വാഹനങ്ങൾ നിർത്തിയ ശേഷം വയോജനങ്ങളും ഭിന്നശേഷിക്കാരും അടക്കമുള്ളവർ ഏറെ ദൂരം നടന്നാണ് ഓഫീസുകളിൽ എത്തിയിരുന്നത്. ഈ ദുരിതാവസ്ഥക്ക് പരിഹാരമായി ബസിലിക്ക മൈതാനത്തുനിന്ന് നടപ്പാലം നിർമിച്ചത്.

നടപ്പാലം നിർമിക്കാൻ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ അനുമതി നൽകിയതോടെയാണ് പദ്ധതി യാഥാർഥ്യമായത്.