പരിസ്ഥിതിലോല പ്രദേശം; ചെറുവാഞ്ചേരിയിൽ ഹർത്താൽ പൂർണം

ചെറുവാഞ്ചേരി : പരിസ്ഥിതിമേഖലയിൽനിന്ന് ചെറുവാഞ്ചേരിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ ചെറുവാഞ്ചേരിയിൽ നടത്തിയ ഹർത്താൽ പൂർണം.
വൈകിട്ട് ആറുവരെയായിരുന്നു ഹർത്താൽ. കടകൾ അടഞ്ഞുകിടന്നു. വാഹനങ്ങൾ ഓടിയില്ല. കക്ഷിരാഷ്ട്രീയഭേദമന്യേ ഓട്ടോതൊഴിലാളികളും വ്യാപാരികളും ഹർത്താലിൽ പങ്കുചേർന്നു.
കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽനിന്ന് ചെറുവാഞ്ചേരി വില്ലേജിനെ പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ടൗണിൽ പ്രതിഷേധ ധർണാ സമരം നടത്തി.
ജില്ലാ പ്രസിഡൻറ് ദേവസ്യ മേച്ചേരി ധർണ ഉദ്ഘാടനം ചെയ്തു. ടി. ദാമോദരൻ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡൻറ് സി.കെ. രാജൻ, കെ. രാഘവൻ, കെ.കെ. പവിത്രൻ, വി. വത്സൻ, സി. ശ്രീധരൻ, സി.എച്ച്. രമേശ് ബാബു തുടങ്ങിയവർ സംസാരിച്ചു.