അടുവാപ്പുറം മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷം

ശ്രീകണ്ഠപുരം : അടുവാപ്പുറം മേഖലയിൽ കാട്ടുപന്നിശല്യം മൂലം കർഷകർ ദുരിതത്തിൽ. മീത്തിലേക്കരിയിലെ എ.വി. ലക്ഷ്മണന്റെ 25 സെന്റിലെ കപ്പ, കൂവ കൃഷികൾ കാട്ടുപന്നിക്കൂട്ടം വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വിളവെടുപ്പിന് പാകമായി നിന്നിരുന്ന കപ്പയും കൂവയുമാണ് പന്നികൾ നശിപ്പിച്ചത്.

അടുവാപ്പുറം മേഖലയിൽ കഴിഞ്ഞ കുറച്ചുനാളുകളായി കാട്ടുപന്നിശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. രാപ്പകൽ ഭേദമില്ലാതെ കൃഷിയിടങ്ങളിലെത്തുന്ന പന്നികൾ തോട്ടങ്ങൾ കുത്തിയിളക്കി നശിപ്പിക്കുകയാണ്. കാട്ടുപന്നിശല്യം തടയുന്നതിനായി സാരികൾ ഉൾപ്പെടെ കെട്ടി പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയാത്ത അവസ്ഥയാണ്. ചെറിയ കാടുകളിൽ പോലും പന്നികൾ താവളമൊരുക്കിയതായി നാട്ടുകാർ പറയുന്നു. രാത്രി കൂട്ടത്തോടെ ഇറങ്ങുന്ന പന്നികൾ പറമ്പാകെ കുത്തിയിളക്കി കൃഷി നശിപ്പിച്ച ശേഷമാണ് മടങ്ങുക. ഒറ്റ രാത്രി കൊണ്ട് കർഷകരുടെ മാസങ്ങളായുള്ള അധ്വാനം തന്നെ ഇല്ലാതാവുകയാണ്. ലക്ഷ്മണന് അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്നും കാട്ടുപന്നിശല്യത്തിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പും പഞ്ചായത്ത് അധികൃതരും നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.