വാക്കുപാലിച്ച്‌ മുഖ്യമന്ത്രി ബിഷപ്‌സ്‌ ഹൗസിലെത്തി, സഹപാഠിയെ കാണാൻ

#ന്യൂസ് ഡെസ്ക്

കണ്ണൂർ: മുഖ്യന്ത്രി വാക്കുപാലിച്ചു. സ്ഥാനമേറ്റശേഷം ആദ്യം കണ്ണൂരിലെത്തുമ്പോൾ തന്റെ സഹപാഠിയെ കാണാനെത്തുമെന്ന വാക്ക്. അതിനാണ് തിങ്കളാഴ്ച ബിഷപ്‌സ്‌ ഹൗസിലെത്തിയത്. കണ്ണൂർ ബിഷപ്പ് അലക്‌സ് വടക്കുംതലയെ കാണാനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തിയത്. എറണാകുളം ജില്ലയിലെ പനങ്ങാട് ഹൈസ്കൂളിലായിരുന്നു ഇരുവരും പഠിച്ചത്.

രാവിലെയെത്തിയ മുഖ്യമന്ത്രിയെ ബിഷപ്പും വൈദികരും അൽമായ നേതാക്കളും ചേർന്ന് സ്വീകരിച്ചു. വാക്കുപാലിച്ചല്ലോ എന്ന് പറഞ്ഞാണ് ബിഷപ്പ് പൊന്നടയണിയിച്ചത്. ഇവിടെ ആദ്യമെത്തുമ്പോൾ പിതാവിനെ വന്നുകാണാമെന്ന് പറഞ്ഞിരുന്നു പിന്നാലെ മുഖ്യമന്ത്രിയുടെ മറുപടിയും വന്നു. ചുറ്റും നിൽക്കുന്നവരോടായി പറഞ്ഞു.

'പലർക്കും അറിയില്ല. ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ്, അറിയോ? സ്‌കൂളിൽ പഠിക്കുമ്പോൾതന്നെ പരിചയമുള്ളവരാണ്. ബിഷപ്പ് എന്റെ സീനിയറായിരുന്നു'. സ്കൂളിൽ തനിക്ക് നൽകിയ സ്വീകരണത്തിൽ ബിഷപ്പ്‌ പങ്കെടുത്തകാര്യവും അദ്ദേഹം പറഞ്ഞു. തന്നെ പഠിപ്പിച്ച അധ്യാപകരാണ് കുറച്ചുനാൾ കഴിഞ്ഞ് സി.എമ്മിനെയും പഠിപ്പിച്ചതെന്ന് ചിരിച്ചുകൊണ്ട് ബിഷപ്പ് മറുപടി നൽകി.

00) സ്വീകരണത്തിന് നാടുമുഴവൻ ഉണ്ടായിരുന്നു. സ്വീകരണത്തിൽ മുഖ്യമന്ത്രിപദവി തന്റെ അധ്യാപകർക്കുള്ള ഗുരുദക്ഷിണയാണെന്ന് പറഞ്ഞകാര്യവും ബിഷപ്പും ചുറ്റുമുള്ളവരോടായി വിശദീകരിച്ചു.

ടി.ഒ. മോഹനൻ എം.എൽ.എ., മേയർ പി. ഇന്ദിര, ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ എം.കെ. മോഹനൻ, റഷീദ് കവ്വായി, കെ.പി.സി.സി. അംഗം അബ്ദുൾ റഷീദ്, റിജിൽ മാക്കുറ്റി, രാഹുൽ കായുക്കൽ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

വികാരി ജനറാൾ മോൺ. ജോയ് പൈനാടത്ത്, മോൺ. ക്ലാരൻസ് പാലിയത്ത്, ഫാ. രാജൻ ഫൗസ്‌തോ, ഫാ. ആന്റണി കുരിശിങ്കൽ, ഫാ. ജോമോൻ, കെ.എൽ.സി.എ. സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, ഗോഡ്സൺ ഡിക്രൂസ്, ആന്റണി നൊറോണ, ചാൾസ് ഗിൽബർട്ട് ഫാ. വിപിൻ എന്നിവർ സ്വീകരണപരിപാടിക്ക് നേതൃത്വം നൽകി.