'വിവാഹസങ്കല്പം ക്വീര്‍ വിരുദ്ധം'

#നിഹാരിക പ്രദോഷ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാലങ്ങളായ ചര്‍ച്ചക്കും നിയമപോരാട്ടത്തിനും ഒടുവില്‍ സ്വവര്‍ഗ്ഗ വിവാഹ വിഷയത്തിലുള്ള തീരുമാനം പാര്‍ലമെന്റിന് കൈമാറിയിരിക്കുകയാണല്ലോ സുപ്രീം കോടതി. കുടുംബം, വിവാഹം, കുട്ടികള്‍, സ്വത്ത് മുതലായ വിഷയങ്ങളില്‍ ഇന്ന് നിലനില്‍ക്കുന്ന സിസ്-ഹെട്രോ നിയമസാഹചര്യത്തില്‍ കാതലായ മാറ്റം സംഭവിക്കുമെന്ന പ്രതീക്ഷയോടെയാണ് ഭൂരിഭാഗം ക്വിയര്‍ മനുഷ്യരും അനുകൂലികളും വിധിയെ ഉറ്റുനോക്കിയത്. ബ്രാഹ്‌മണിക്കല്‍ ഹിന്ദു ഫാസിസ്റ്റ് ഭരണകൂടത്തില്‍നിന്നും അനുകൂലമായ നിയമനിര്‍മ്മാണം ഉണ്ടാകില്ലെന്ന് അറിയുന്നത് കൊണ്ടുതന്നെ ചുറ്റിലും നിരാശയും അമര്‍ഷവും കാണാന്‍ കഴിയുന്നുണ്ട്. അത് മനസ്സിലാക്കുമ്പോഴും, ഈ നിരാശയ്ക്ക് കാരണമായത് അപകടകരമായ നിഷ്‌കളങ്കതയാണെന്ന് പറയാതെ വയ്യ.

നിയമങ്ങള്‍ എക്കാലത്തും ഭരണവര്‍ഗ്ഗങ്ങളുടെ അജണ്ടകളാണ് പ്രതിഫലിപ്പിക്കുക എന്നതില്‍ സംശയമില്ല. ഭരണവര്‍ഗ്ഗങ്ങളുടെ താല്പര്യങ്ങള്‍ പേറുന്ന ഭരണകൂടം വ്യവസ്ഥയെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുമെന്ന പ്രതീക്ഷ അപക്വമാണ്. മുഖ്യധാരാ കുടുംബസങ്കല്പം തകരാന്‍ സാധ്യത തുറക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. ഇന്ത്യയിലവശേഷിക്കുന്ന ഫ്യൂഡല്‍ മൂല്യങ്ങളും ഇവിടെ കടന്നുകൂടിയിട്ടുള്ള കൊളോണിയല്‍ മൂല്യബോധങ്ങളും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സാമ്രാജ്യത്വ-മുതലാളിത്ത മൂല്യബോധങ്ങളും ബ്രഹ്‌മണിക്കല്‍ പിതൃമേധാവിത്ത ഘടനയെ നിലനിര്‍ത്താന്‍ രൂക്ഷമായി ശ്രമിക്കുക തന്നെ ചെയ്യും. നമ്മുടെ പോരാട്ടങ്ങളെ കേന്ദ്രീകരിക്കേണ്ടത് ആ ദിശയിലേക്കാണ്, അതിന് എതിരെയാണ്. അല്ലാതെ വ്യവസ്ഥയ്ക്ക് അകത്ത് വിവാഹത്തിനുള്ള സാധ്യത അന്വേഷിക്കുന്നത് നമ്മെ ഇരുട്ടില്‍ മുട്ടിക്കും.

കുടുംബത്തിന് പുറത്തുനില്‍ക്കുന്ന ക്വിയര്‍ സമൂഹങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ നടന്നിട്ടുള്ള നിയമനിര്‍മ്മാണങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍, ഭരണകൂടം നല്‍കുന്ന അപ്പകഷ്ണങ്ങളാണവ എന്ന് വ്യക്തമാവും. ഇത്തരം അപ്പകഷ്ണങ്ങള്‍ അനുതാപത്തില്‍നിന്നു വരുന്നതുമല്ല. കേവലം വോട്ട്ബാങ്കിന് വേണ്ടി നല്‍കുന്നതുമല്ല. ഒന്ന്, ആഗോളതലത്തില്‍ മുതലാളിത്ത മൂല്യബോധത്തിനകത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ മൂന്നാം ലോകരാജ്യങ്ങളിലും നിയോ-കോളനികളിലും പ്രതിഫലിക്കുക സ്വാഭാവികമാണ്. അതിന്റെ ഭാഗമായി വളരേ പതുക്കെ സംഭവിക്കുന്ന മാറ്റങ്ങള്‍ മാത്രമാണ് ഇന്ത്യയിലും കാണാന്‍ കഴിയുന്നത്. അനേകം മേഖലകളിലെ ഇത്തരം മാറ്റങ്ങളില്‍ ഒന്ന് മാത്രമാണ് ക്വിയര്‍ വ്യക്തികളുടെ അവകാശപ്രശ്‌നം. രണ്ട്, ഒരു വശത്ത് ചരിത്രപരമായി ഇന്ത്യയിലെ ഫ്യൂഡല്‍ ഘടനയ്ക്കകത്ത് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുള്ള സവിശേഷ ഇടങ്ങള്‍ ഭരണവര്‍ഗ്ഗങ്ങളുടെ താല്പര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പുനര്‍സ്ഥാപനത്തിന് ഉതകുന്ന രീതിയിലുള്ള ഘടനാപരമായ മാറ്റങ്ങള്‍ ഇന്ത്യയില്‍ ഇനിയും വരാന്‍ സാധ്യതയുണ്ട്. അത് മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ (ഭരണകടന) അനന്തമായ സാധ്യതയെന്നോണം വാഴ്ത്തപ്പെടുകയും ചെയ്യും.

മറുവശത്ത് കൃത്യമായ കൊളോണിയല്‍-വിരുദ്ധ, സാമ്രാജ്യത്വ-വിരുദ്ധ വീക്ഷണം ഇന്ത്യന്‍ ചരിത്രത്തില്‍ ക്വിയര്‍ സമൂഹങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. അതിന്റെ പുനര്‍സ്ഥാപനം ഇന്നത്തെ (വലതുപക്ഷ വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന) ക്വിയര്‍ പ്രസ്ഥാനത്തില്‍ സംഭവിക്കുകയാണെങ്കില്‍ കൃത്യമായ ഭരണകൂടവിരുദ്ധ സമീപനം നമുക്ക് വീണ്ടെടുക്കാനാവും. ഇത്തരത്തില്‍ ഭരണവര്‍ഗ്ഗങ്ങള്‍ക്ക് ഭീഷണിയാവുന്ന മുന്നേറ്റങ്ങളെ ഭയക്കുന്നതിനാല്‍ അത് തഴയപ്പെടുകയും ചെയ്യും.

സമകാലിക ഇന്ത്യയിലെ ക്വിയര്‍ മുന്നേറ്റങ്ങളില്‍ നിയമപരമായ പരിഷ്‌കരണത്തിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പാത സ്വീകരിച്ച് സ്വയം ചുരുക്കുന്ന ശക്തമായ ധാര നിലനില്‍ക്കുന്നുണ്ട്. ഈ പരിഷ്‌കരണവാദികളുടെ ധാര ഇവിടുത്തെ ഭരണകൂടത്തിലും ഭരണഘടനയിലും ഭരണവര്‍ഗ്ഗങ്ങളിലും വിശ്വാസമര്‍പ്പിക്കുന്നതായി കാണാം. ബന്ധങ്ങള്‍ വിവാഹങ്ങള്‍ക്കും സ്വത്ത് കൈമാറ്റങ്ങള്‍ക്കും തലമുറ തുടര്‍ച്ചകള്‍ക്കും അപ്പുറത്തേക്ക് വികസിപ്പിക്കുന്ന വിപ്ലവാത്മകമായ മുഖമാണ് ക്വിയര്‍ മുന്നേറ്റങ്ങള്‍ പിന്‍പറ്റേണ്ടത്. ക്വിയര്‍ മുന്നേറ്റങ്ങളുടെ ഇന്ത്യന്‍ ചരിത്രവും ലോക ചരിത്രവും സൂക്ഷ്മപഠനത്തിന് വിധേയമാക്കി അതിന്റെ വിപ്ലവാത്മകത വീണ്ടെടുക്കാന്‍ ക്വിയര്‍ മുന്നേറ്റ പ്രസ്ഥാനത്തിന് കഴിയേണ്ടതുണ്ട്. പരിഷ്‌കരണമല്ല വിപ്ലവമെന്ന തിരിച്ചറിവോടെ ക്വിയര്‍ പ്രസ്ഥാനത്തിന്റെ പോരാട്ടത്തിന്റെ ഗതി തിരിച്ചു വിടേണ്ടതായുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു.


ലേഖിക- നിഹാരിക പ്രദോഷ്, ക്വിയര്‍ വിദ്യാര്‍ത്ഥി
എം. എ. വിമണ്‍ സ്റ്റഡീസ് 
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്
ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍,
സംസ്ഥാന കമ്മിറ്റി അംഗം

Content Highlights: same sex marriage, queer theory, supreme court verdict