പണം നമ്മെ വിഴുങ്ങരുത്, ഭരിക്കരുത്; ക്രയവിക്രയം നടന്നാലേ ഗുണമുള്ളൂ- കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫോട്ടോ: റിദിന്‍ ദാമു
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫോട്ടോ: റിദിന്‍ ദാമു

കേരളത്തില്‍ അഴിമതി കുറവാണെന്നും മനുഷ്യാവകാശ സംരക്ഷണത്തില്‍ കേരളം ഏറെ മുന്നിലാണെന്നും പ്രമുഖ വ്യവസായിയും വി-ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു. കൊച്ചി തൃക്കാക്കര ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ 'മാതൃഭൂമി' പ്രതിനിധികളായ കെ.എ. ജോണി, എസ്.പ്രകാശ്, കെ.പത്മജന്‍, ആര്‍.റോഷന്‍ എന്നിവരുമായാണ് തന്റെ  സംരംഭകവഴികളെക്കുറിച്ചും സാമൂഹിക മാറ്റങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം മനസ്സ് തുറന്നത്.

താങ്കള്‍ വ്യവസായ ജീവിതം തുടങ്ങുന്നത് 1970- കളിലാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് ബിരുദം, അതുകഴിഞ്ഞ് തൃശ്ശൂര്‍ സെന്റ് തോമസില്‍ നിന്ന് ഫിസിക്‌സില്‍ എം എസ് സി. പിന്നീട് സ്റ്റെബിലൈസേഴ്‌സ്, എമര്‍ജന്‍സി ലാംപ് ഒക്കെ ഉണ്ടാക്കുന്ന ടെലിക്‌സ് എന്നൊരു കമ്പനിയില്‍ കുറച്ചു കാലം. തുടര്‍ന്ന്, സ്വന്തം കമ്പനി. ആ കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍?

കോളേജില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ പോലും ബിസിനസ്സുകാരന്‍ ആവണമെന്ന് ആലോചന പോലും ഉണ്ടായിരുന്നില്ല. ഒരു നല്ല ജോലിയായിരുന്നു ലക്ഷ്യം. ടെക്‌നോളജിയിലും ഗവേഷണത്തിലും താല്പര്യമുണ്ടായിരുന്നു. ഐഎസ്ആര്‍ഒ, ഭെല്‍ ( Bhel ) പോലുള്ള സ്ഥാപനങ്ങളില്‍ ജോലിക്കപേക്ഷിച്ചു. അതൊന്നും കിട്ടിയില്ല. പിന്നെ കിട്ടിയ ജോലിക്ക് പോയി. അതായിരുന്നു തിരുവനന്തപുരത്തുള്ള ജോലി. അത് ചെറിയൊരു സ്ഥാപനമായിരുന്നു.  മൂന്നു വര്‍ഷം ജോലി ചെയ്തു. പക്ഷേ, സ്ഥാപനത്തിന് പുരോഗതിയില്ല. എനിക്ക് ഒത്തിരി അറിവ് നേടാന്‍ പറ്റി. മൂന്നു വര്‍ഷം കൊണ്ട് ഞാന്‍ പല ജോലിയും അന്വേഷിച്ചു, കിട്ടിയില്ല. അങ്ങനെ രണ്ടും കല്‍പ്പിച്ച് സ്വന്തം സംരംഭം തുടങ്ങി.

പഠിക്കുമ്പോള്‍ രാഷ്ട്രീയം ഉണ്ടായിരുന്നോ?

കോളേജില്‍ പഠിക്കുമ്പോള്‍ ചെറിയ ഒരു ചായവ് ഒക്കെ ഉണ്ടായിരുന്നു. സെന്റ് തോമസ് കോളേജില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോള്‍ ഒരു തവണ എന്നെ പിടിച്ച് ഇലക്ഷനൊക്കെ നിര്‍ത്തി.  സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ കേറി നിന്നു. സ്വതന്ത്രനായിട്ടാണ് മത്സരിച്ചത്. കെ എസ് യു പിന്തുണച്ചു. പ്രസംഗം ഒക്കെ പേടിയായിരുന്നു. എന്തുകൊണ്ടോ ഭാഗ്യത്തിന് ജയിച്ചു. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്ന പോസ്റ്റിലായിരുന്നു അത്.

ചെറുപ്പത്തില്‍ ലേണിങ് ഡിസബിലിറ്റി ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്?

അത് ഇപ്പോഴും ഉണ്ട്. സ്പീഡില്‍ എഴുതാന്‍ ബുദ്ധിമുട്ടാണ്. ധാരാളം അക്ഷരത്തെറ്റുകള്‍ വരുത്തും. അക്ഷരങ്ങളൊക്കെ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോകും. എഴുത്തുപരീക്ഷയ്ക്ക് മാര്‍ക്ക് വളരെ കുറവായിരുന്നു. എന്നാല്‍, പ്രാക്ടിക്കലിന് പരമാവധി മാര്‍ക്ക് കിട്ടുമായിരുന്നു. അക്കാലത്ത് ലേണിങ് ഡിസബിലിറ്റി എന്നുള്ള വാക്കേ കേട്ടിട്ടില്ല. നമ്മള്‍ എഴുതുന്നത് തെറ്റിക്കുന്നു എന്നുപറഞ്ഞ് അടി തന്നെ അടി. ഹാന്‍ഡ് റൈറ്റിങ് ആണെങ്കില്‍ വളരെ മോശം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു സാര്‍, 'നിനക്ക് നല്ല ഭാവി ഉണ്ടല്ലോ, നീ ഡോക്ടര്‍ ആവുമല്ലോ' എന്ന് പറഞ്ഞ് എന്നെ കളിയാക്കി. പക്ഷേ എനിക്ക് മനസ്സിലായില്ല. ലാംഗ്വേജസില്‍ മിനിമം മാര്‍ക്കിലെ ഞാന്‍ ജയിച്ചു വന്നിട്ടുള്ളൂ.

ജോലിയില്‍ മുന്നോട്ട് സഞ്ചരിക്കാനുള്ള ഇടം ഇല്ല എന്നുള്ള തിരിച്ചറിവിലാണ് സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത്?

രണ്ടും കല്‍പിച്ചുള്ള നീക്കമായിരുന്നു. അന്ന് റെഫ്രിജറേറ്റര്‍ തന്നെ പോപ്പുലര്‍ ആയിട്ടില്ല.  ടെലിവിഷന്‍ വന്നിട്ട് പോലുമില്ല. ടാറ്റ കമ്പനിക്കും കെല്‍ട്രോണിനുമൊക്കെ അക്കാലത്ത് സ്റ്റെബിലൈസറുണ്ട്. പഴയ സ്ഥാപനത്തില്‍ ആയിരുന്നപ്പോള്‍ അതൊക്കെ അഴിച്ച് റിപ്പയര്‍ ചെയ്യാനുള്ള അവസരം കിട്ടി. അതിനേക്കാളും മികച്ചത് ഉണ്ടാക്കാന്‍ പറ്റും എന്ന വിശ്വാസം ഉണ്ടായിരുന്നു. അത് ഉണ്ടാക്കി വിറ്റാല്‍, കിട്ടിയിരുന്ന ശമ്പളത്തിനേക്കാളും കൂടുതല്‍ നേടാന്‍ പറ്റും എന്നുള്ള ചിന്തയിലാണ് ഇറങ്ങിയത്.

വി-ഗാര്‍ഡ് എന്ന് പേരിട്ടത് ഞങ്ങള്‍ സംരക്ഷിക്കുന്നു എന്ന അര്‍ത്ഥത്തിലാണോ?

അല്ല വോള്‍ട്ടേജിന്റെ വിയായിരുന്നു മനസ്സില്‍. വോള്‍ട്ടേജ് ഗാര്‍ഡ് എന്ന് നീട്ടി വലിക്കാന്‍ പറ്റില്ലല്ലോ അപ്പൊ വി-ഗാര്‍ഡ് എന്നാക്കി. പിന്നെ ജനം താങ്കള്‍ പറഞ്ഞ മാതിരി പറയാന്‍ തുടങ്ങി. അന്ന് നമുക്കൊരു അഡ്വെര്‍ട്ടൈസിങ് ഏജന്‍സിയെ വെക്കാനുള്ള ശേഷിയൊന്നുമില്ല. സ്വയം ഒരു പേരൊക്കെ കണ്ടുപിടിച്ച് അതിന്റെ മീതെ ഒരു വട്ടം ഒക്കെ വരച്ച് ഒരു ആര്‍ട്ടിസ്റ്റിനെ കൊണ്ട്  ഭംഗിയായി വരപ്പിച്ച് പൈ ആന്‍ഡ് കമ്പനിയില്‍ പ്രിന്റ് ചെയ്യിച്ച് ഒരു ലീഫ്ലെറ്റ് ഉണ്ടാക്കി.

തുടക്കം എങ്ങനെയായിരുന്നു?

രണ്ട് ഘട്ടമായിട്ട് പിതാവിന്റെ കയ്യില്‍ നിന്ന് 50,000 രൂപ വീതം വാങ്ങിക്കൊണ്ട് ഒരു ലക്ഷം രൂപയിലായിരുന്നു തുടക്കം. 50,000 രൂപ മുടക്കിയാല്‍ ബാങ്ക് 50,000 രൂപ വായ്പ തരുമെന്ന് കേട്ടിരുന്നു. പക്ഷെ വായ്പയൊന്നും കിട്ടിയില്ല. കേരളത്തില്‍ ഇതൊന്നും വിജയിക്കില്ലെന്ന് അവര്‍ പറഞ്ഞു. തുടക്കത്തില്‍ രണ്ട് ജോലിക്കാരെ ഉണ്ടായിരുന്നുള്ളൂ. മാസം 50 സ്റ്റെബിലൈസറുകളായിരുന്നു നിര്‍മ്മാണം.

ആദ്യത്തെ കസ്റ്റമറെ  ഓര്‍ക്കുന്നുണ്ടോ?

നമ്മള്‍ കടകളിലാണ് കൊടുക്കുന്നത്. ആദ്യ ഉത്പന്നം വിറ്റുപോയ കട എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്, കൊച്ചിന്‍ ഇലക്ട്രോണിക്‌സ്. കടകളിലേക്ക് കൊണ്ടുപോകുമ്പോള്‍ അവര്‍ പറയും വില്‍ക്കുകയാണെങ്കില്‍ കാശ് തരാം. ഒരിക്കല്‍ പോയി നോക്കിയപ്പോള്‍ ഒരെണ്ണം വിറ്റുപോയിട്ടുണ്ട്. വലിയ സന്തോഷമായി. അങ്ങനെ പടിപടിയായിട്ടായിരുന്നു വില്‍പ്പന. 495 രൂപയായിരുന്നു വില. അന്ന് ടാറ്റയുടെ സ്റ്റെബിലൈസറിന് 490 രൂപയേ ഉള്ളൂ. ക്വാളിറ്റി, എക്‌സ്ട്രാ ഫീച്ചേഴ്‌സ് ഒക്കെ കൂടുതലുണ്ടായിരുന്നു നമ്മുടേതിന്. കൂടുതല്‍ ഗ്യാരന്റി ഒക്കെ പറഞ്ഞു. ആ ഒരു ചങ്കൂറ്റത്തിലാണ്  അഞ്ച് രൂപ കൂടുതല്‍ വിലയിട്ടത്.

വി-ഗാര്‍ഡ് തുടങ്ങിയിട്ട് ഇപ്പോള്‍ 48 വര്‍ഷം ആയല്ലോ. ആ സമയത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷം എങ്ങനെയായിരുന്നു?

അതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടല്ല തുടങ്ങിയത്. അന്ന് അടിയന്തരാവസ്ഥയാണ്. എന്റെ ഒരു ബന്ധു അന്ന് ബാങ്ക് മാനേജരാണ്. അദ്ദേഹം പറഞ്ഞു, 'നീ എന്ത് പണിയാ കാണിക്കുന്നത്. ഈ സമയത്താണോ തുടങ്ങുന്നത്'. ഞാന്‍ ചോദിച്ചു, 'അതിനെന്താ പ്രശ്‌നം?' 'ഇത് ഒരിക്കലും പറ്റിയ സമയമല്ല. നീ ആ ജോലിയില്‍ തന്നെ തുടരാന്‍ നോക്ക്. ഇതൊക്കെ ഒന്ന് മാറി വരട്ടെ'. അത് കേട്ടിട്ടൊന്നും പിന്മാറിയില്ല. ഉപജീവനത്തിന് ഇത് ഉതകും എന്ന വിശ്വാസമുണ്ടായിരുന്നു.

എത്ര വര്‍ഷം എടുത്തു സംരംഭം വിജയമാക്കി മാറ്റാന്‍?

ഗ്രാഫ് ഇങ്ങനെ പയ്യെ പയ്യെ മുകളിലോട്ട് തന്നെയായിരുന്നു. തലകുത്തി കീഴോട്ട് പോയിട്ടില്ല. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അന്നത്തെ വൈദ്യുതി മന്ത്രി പറയുന്നു ഇനി തൊട്ട് പവര്‍ കട്ട് ഒന്നും ഉണ്ടാവില്ല, ഒക്കെ ശരിയാക്കും എന്നൊക്കെ. സംഗതി കേള്‍ക്കാന്‍ നാട്ടുകാര്‍ക്ക് കൊള്ളാം. പക്ഷെ നമ്മുടെ ചങ്കാണ് ഇടിക്കുന്നത്. നമ്മുടെ കഞ്ഞിയിലാണ് പാറ്റുക വീഴുക. ഉടനെ വേറെ ഉത്പന്നങ്ങളിലേക്ക് കടന്നു. രണ്ടാമത് തുടങ്ങിയത് വീടുകളിലേക്ക് ആവശ്യമായ വാട്ടര്‍ പമ്പുകളായിരുന്നു.

ആദ്യത്തെ പരസ്യം എങ്ങനെയായിരുന്നു?

അന്നത്തെ കാലത്ത് ടി.വി. ഇല്ല. റേഡിയോയും പത്രങ്ങളും മാഗസിനുകളുമൊക്കെയാണ്. ഗൃഹലക്ഷ്മി ഒക്കെ അന്നും ഉണ്ട്. അതിലൊക്കെ വല്ലപ്പോഴും ഹാഫ് പേജ് കൊടുക്കും. പത്രങ്ങളിലും ചെറിയ പരസ്യങ്ങള്‍ നല്‍കുമായിരുന്നു. മെയിന്‍ ആയിട്ട് ആശ്രയിച്ചിരുന്നത് ചുവരെഴുത്ത് പരസ്യങ്ങളായിരുന്നു. പിന്നെ ചെറിയ ചെറിയ ഹോര്‍ഡിങ്‌സ് ഒക്കെ ചെയ്തു.

എ.ആര്‍. റഹ്‌മാനെക്കൊണ്ട് പരസ്യം ചെയ്യിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്?

അത് കുറെ നാള്‍ കഴിഞ്ഞിട്ടാണ്. ചെന്നൈയിലുള്ള ഒരു മലയാളിയാണ് പറഞ്ഞത് ഒരു പയ്യനുണ്ട്. ദിലീപ് എന്നാണ് പേര്. കീബോര്‍ഡ് വായിക്കും. അവനെക്കൊണ്ട് നമുക്ക് ട്യൂണ്‍ ഉണ്ടാക്കാം. ചെറിയ പൈസ കൊടുത്താല്‍ മതി . പിന്നീടാണ് അദ്ദേഹം ഭയങ്കരമായിട്ട് കയറിപ്പോയത്. ആ പരസ്യം ഞങ്ങള്‍ കുറെ നാള്‍ ഉപയോഗിച്ചു. നടി ശോഭനയുള്ള പരസ്യവും നിര്‍മ്മിച്ചിരുന്നു. അന്നൊന്നും അവര്‍ വലിയ താരമായിട്ടില്ല. പണ്ടുകാലത്ത് നമ്മള്‍ കരാര്‍ എഴുതുമ്പോള്‍ എത്ര നാളത്തേക്ക് എന്നൊന്നുമില്ല. അവരൊരു ദിവസത്തെ ഷൂട്ടിങ്ങിന് വരുന്നു നമുക്ക് ചെയ്തു തരുന്നു. പിന്നീടാണ് അവര്‍ക്ക് ഉര്‍വശി അവാര്‍ഡ് ഒക്കെ കിട്ടുന്നത്. ഈ പരസ്യവും പിന്നെയും പിന്നെയും ഉപയോഗിച്ചു.

ജീവിതം പോലെ തന്നെയാണ് ബിസിനസ്സും. വിജയം മാത്രമല്ല പരാജയവും  ഉണ്ടാകും. പരാജയങ്ങള്‍ എങ്ങനെയാണ് നേരിട്ടിട്ടുള്ളത്?

രണ്ടു മൂന്ന് ഉത്പന്നങ്ങള്‍ നിര്‍ത്തേണ്ടിവന്നിട്ടുണ്ട്. ഇലക്ട്രോണിക് വാള്‍ ക്ലോക്ക് അവതരിപ്പിച്ചെങ്കിലും വിജയിച്ചില്ല. ലാഭം നേടാതെയായതോടെ അത് നിര്‍ത്തി. പിന്നീട് പിവിസി പൈപ്പ് ഉണ്ടായിരുന്നു. അതും ലാഭകരമല്ല എന്ന് മനസ്സിലായപ്പോള്‍ നിര്‍ത്തി. പിന്നെ തുടങ്ങിയ ഹൗസ് വയറിങ് കേബിളിന് വലിയ വിറ്റുവരവ് ഉണ്ടാക്കാനായി. അതിനുശേഷം അണ്ടര്‍ഗ്രൗണ്ട് കേബിള്‍ തുടങ്ങിയായിരുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡിനൊക്കെ കൊടുത്തിട്ട് കാശ് കിട്ടാതെ വന്നപ്പോള്‍ അതും നിര്‍ത്തി. സംഗതി ക്ലച്ചു പിടിച്ചില്ലെങ്കില്‍ നിര്‍ത്തുന്നതാണ് നല്ലത്.

കേരളത്തിന് പുറത്തേക്കുള്ള വളര്‍ച്ച എങ്ങനെയായിരുന്നു?

സ്റ്റെബിലൈസറിന്റെ വിപണി ആദ്യം സെന്‍ട്രല്‍ കേരളം മാത്രമായിരുന്നു. തൃശ്ശൂര്‍, എറണാകുളം, കോട്ടയം. പിന്നെ വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും വിപണനം തുടങ്ങി. അതുകഴിഞ്ഞ് പതുക്കെ തമിഴ്‌നാട്ടിലേക്ക് കടന്നു. പിന്നെ കര്‍ണാടകത്തിലേക്കും. അതുകഴിഞ്ഞ് ഹൈദരാബാദിലേക്കും. 48 വര്‍ഷം എടുത്തു ഇതുപോലെ ആവാന്‍.

ഇതിന്റെ ഇടയില്‍ തൊഴില്‍ സമരങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ. ആ സമയത്ത്  ഇത് നിര്‍ത്തി പോകാന്‍ തോന്നിയിട്ടുണ്ടോ?

വി-ഗാര്‍ഡ് തുടങ്ങി ആറേഴ് വര്‍ഷം കഴിഞ്ഞിട്ടാണ് തൊഴില്‍ സമരം ഉണ്ടായത്. അപ്പോഴേക്കും കേരളത്തിലും തമിഴ്‌നാട്ടിലുമൊക്കെ നമുക്കൊരു മാര്‍ക്കറ്റ് ആയിട്ടുണ്ടായിരുന്നു. വിപണിയില്‍ ഉത്പന്നത്തിന് ഡിമാന്‍ഡ് ഉണ്ട്. അങ്ങനെ വന്നപ്പോഴാണ് ഔട്ട്‌സോഴ്‌സിങ് തുടങ്ങിയത്. അത് സത്യത്തില്‍ ഗുണകരമായി. കുറെ ചാരിറ്റബിള്‍ പ്രസ്ഥാനങ്ങളില്‍ ഔട്ട്‌സോഴ്‌സിങ് ഏര്‍പ്പെടുത്തി. ജപ്പാനില്‍ കുടില്‍ വ്യവസായം പോലെയാണ് പല ബ്രാന്‍ഡഡ് കമ്പനികളും ഉത്പന്നങ്ങള്‍ ഉണ്ടാക്കി എടുക്കുന്നത്. അവര്‍ പാര്‍ട്‌സ് കൊടുത്ത് അസംബ്ലി ചെയ്യിച്ചെടുക്കും എന്നൊക്കെ  വായിച്ചിട്ടുണ്ട്. എന്തുകൊണ്ട് നമുക്കും ആയിക്കൂടാ എന്ന് തോന്നി. ആദ്യം ഒരു സ്ഥലത്ത് പരീക്ഷിച്ചു. അത് വിജയിച്ചു. പള്ളിയുടെ കീഴിലോ കോണ്‍വെന്റിന്റെ കീഴിലോ അല്ലെങ്കില്‍ എന്‍എസ്എസ്സിന്റെ കീഴിലൊക്കെയുള്ള സൊസൈറ്റികള്‍ ഉണ്ടല്ലോ. 20 കൊല്ലത്തോളം അങ്ങനെ തന്നെയായിരുന്നു. പിന്നെ ബള്‍ക്ക് പ്രൊഡക്ഷന്‍ വേണം എന്നു വന്നപ്പോഴാണ് അത് പതുക്കെ കുറച്ചുകൊണ്ടുവന്നത്. ഗ്രാമീണ മേഖലയിലെ വനിതാ സൊസൈറ്റികള്‍ക്ക് സെന്‍ട്രല്‍ എക്‌സൈസ് ഇളവുണ്ടായതും ഗുണംചെയ്തു.

സമരം കുറേനാള്‍ നീണ്ടുനിന്നില്ലേ?

ഉത്പാദന യൂണിറ്റ് അടച്ചിടേണ്ടി വന്നു. സമരം പിന്നീട് വീടിന്റെ മുന്നിലേക്ക് വ്യാപിപ്പിച്ചു. ഈ സമയത്താണ് ഔട്ട്‌സോഴ്‌സിങ് ശരിക്കും പ്രയോജനപ്പെട്ടത്.

2006-ല്‍ ലോറിയുടെ മുകളില്‍ കയറി സാധനങ്ങള്‍ ഇറക്കിക്കൊണ്ട് നോക്കുകൂലിക്കെതിരെ സമരം നടത്തിയല്ലോ? അത് ഒരു വ്യവസായിയുടെ പ്രതിച്ഛായയ്ക്ക് ചേരുന്നതാണോ എന്ന് ആരെങ്കിലും ചോദിച്ചോ?

അതൊരു ചെറിയ കാര്യം. വി-സ്റ്റാറിന്റെ ഒരു ഗോഡൗണില്‍ ആയിരുന്നു സംഭവം. അനീതി കണ്ടാല്‍ എന്തുകൊണ്ട് സ്വരം ഉയര്‍ത്താന്‍ പാടില്ല. ബിസിനസ്സുകാരനാണെന്ന് വിചാരിച്ചിട്ട് ഇങ്ങനെ പേടിച്ചാല്‍ എവിടെ പോയി ഒളിക്കും. ലോഡിങ്-അണ്‍ലോഡിങ്ങിന് ഒരു ലേബര്‍ കാര്‍ഡ് എടുക്കണം എന്നൊക്കെ ഉണ്ട്. അതൊക്കെ എടുത്തിട്ടുള്ളതാണ്. ഞങ്ങള്‍ക്ക് അതിനനുസരിച്ച് അവിടെ ഗോഡൗണില്‍ സ്റ്റാഫ് ഉള്ളതാണ്. ഇറക്കുന്ന സാധനങ്ങളില്‍ നിന്ന് ചിലത് വേര്‍തിരിക്കുകയും റീപാക്ക് ചെയ്യുകയുമൊക്കെ വേണം. അത് അവിടുത്തെ സ്റ്റാഫിനെ ചെയ്യാന്‍ കഴിയുള്ളു. ലോഡിങ്-അണ്‍ലോഡിങ് നമ്മുടെ ആളുകള്‍ തന്നെ ചെയ്യും എന്ന് നിലപാടെടുത്തു. യൂണിയനുകള്‍ എതിര്‍ത്തു.  മരിച്ചുപോയ എം.എം. ലോറന്‍സ് ഒക്കെ വളരെ ആക്ടീവ് ആയിരുന്നു സമരത്തില്‍.

സന്ധി സംഭാഷണത്തിന് ശ്രമിച്ചിരുന്നോ?

പല സന്ധി സംഭാഷണങ്ങളും നടന്നു. ന്യായം നമ്മുടെ ഭാഗത്തായതുകൊണ്ട് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. നാട്ടിലൊരു നിയമവ്യവസ്ഥ ഉണ്ടല്ലോ. അത് തെറ്റിക്കാന്‍ പറ്റില്ലല്ലോ.

അന്ന് മറ്റു വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് അതിനൊരു സപ്പോര്‍ട്ട് കിട്ടിയിരുന്നോ?

അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതായത് അവര്‍ക്കൊക്കെ ധാര്‍മിക പിന്തുണ തരാം എന്നല്ലാതെ എല്ലാവര്‍ക്കും അവരുടേതായ നിലനില്‍പ്പ് നോക്കണമല്ലോ.

രാഷ്ട്രീയത്തിനും ബിസിനസ്സും ഇടയില്‍ ഒരു ലക്ഷ്മണരേഖയുണ്ട്. പക്ഷേ ഇന്നിപ്പോള്‍ നോക്കുമ്പോള്‍ ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തമാണ് തഴച്ചുവളരുന്നത്. ഭരണകൂടത്തെ കാര്യമായിട്ട് പിന്തുണച്ചിട്ട് അതില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റി വലിയ തോതില്‍ ചില വ്യവസായികള്‍ വളരുന്ന  കാഴ്ച നമ്മള്‍ കാണുന്നുണ്ട്. ഇതിനെ എങ്ങനെ കാണുന്നു?

അഭിമാനം ഉള്ളവര്‍ക്ക് അത് എളുപ്പമല്ല. ഞാനാണെങ്കില്‍ ദുരഭിമാനം വരെയുള്ള ആളാണ്. അങ്ങനെയുള്ളവര്‍ക്ക് അത് ശരിയാവില്ല. നമ്മള്‍ ഒരു ആനുകൂല്യവും ഒരിടത്ത് നിന്നും പറ്റിയിട്ടില്ല. ഭരണകൂടത്തിന്റെ ആനുകൂല്യം കൊണ്ട് വളരേണ്ട എന്നതാണ് നിലപാട്.

ഇടക്കാലത്ത് ട്വന്റി 20-യില്‍ ആക്ടീവ് ആവാന്‍ ശ്രമിച്ചല്ലോ?  ഒരു രാഷ്ട്രീയ മോഹം എവിടെയെങ്കിലും ഒളിഞ്ഞു കിടപ്പുണ്ടോ?

കിഴക്കമ്പലത്ത് ചെന്ന് കണ്ടപ്പോള്‍ ഇത് കൊള്ളാമല്ലോ എന്ന് തോന്നി. ഒരു പഞ്ചായത്ത് ഇങ്ങനെ ശരിയാക്കാന്‍ പറ്റണമെങ്കില്‍ മൊത്തത്തില്‍ എല്ലാവര്‍ക്കും വിചാരിച്ചാല്‍ നടക്കാവുന്ന കാര്യമേ ഉള്ളൂ എന്ന തോന്നലുണ്ടായി. അരവിന്ദ് കെജരിവാള്‍ ഡല്‍ഹിയിലും ഇതേമാതിരി ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയാണ് കുറച്ചുനാള്‍ ട്വന്റി20-യുടെ കൂടെ പ്രവര്‍ത്തിച്ചു നോക്കിയത്. പിന്നെ അത് നമുക്ക് പറ്റിയ പണിയല്ല എന്ന് മനസ്സിലായി. ആ പരീക്ഷണത്തില്‍നിന്ന് വേഗം പിന്മാറി.

ആരെങ്കിലും രാജ്യസഭാ സീറ്റ് ഓഫര്‍ ചെയ്തിട്ടുണ്ടോ? അങ്ങനെ എന്തെങ്കിലും താല്പര്യം ഉണ്ടോ?
ഇല്ല. ഇനി  ഓഫര്‍ ചെയ്താലും പോകില്ല.

ലോക്‌സഭയിലേക്ക്?

താല്പര്യമില്ല.

കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതിനെക്കുറിച്ച്?

വി-ഗാര്‍ഡ് ഗ്രൂപ്പില്‍ സിഎസ്ആര്‍ ഫണ്ട് സിഎസ്ആറിന് മാത്രമേ ചെലവഴിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ബ്ബന്ധമുണ്ട്. വഴിവിട്ടിട്ടുള്ള ഒരു പരിപാടിക്കും നമുക്ക് താല്പര്യമില്ല.

സിഎസ്ആര്‍ ഫണ്ട് കിട്ടും എന്ന് പറഞ്ഞ് പണം പിരിച്ചിട്ട് സ്‌കൂട്ടര്‍ കൊടുക്കാം, ലാപ്‌ടോപ് കൊടുക്കാം എന്നൊക്കെ പറഞ്ഞ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിരിക്കുകയാണല്ലോ?

മലയാളികള്‍ 'എന്നെ പറ്റിച്ചോ എന്നെ പറ്റിച്ചോ'  എന്ന് പറഞ്ഞ് തട്ടിപ്പുകള്‍ക്ക് നിന്നുകൊടുക്കുകയാണ്. എന്തൊരു മണ്ടന്മാരാണ്. എന്തിനാണ് ഇവര്‍ പകുതി വിലയ്ക്ക് തരുന്നത് എന്നെങ്കിലും ആലോചിക്കേണ്ടതായിരുന്നില്ലേ. വര്‍ഷങ്ങള്‍ക്ക് മുമ്പ് വി-ഗാര്‍ഡ് പബ്ലിക് ഇഷ്യൂ പോയ സമയത്തും ഇതേമാതിരി ഡല്‍ഹിയില്‍ നിന്ന് രണ്ടുപേര് വന്നു. അവര്‍ പറഞ്ഞു ഞങ്ങള്‍ ഇന്ന മന്ത്രിയുടെ ബന്ധുവാണ്. ഞങ്ങള്‍ക്കൊരു ഫൗണ്ടേഷന്‍ ഉണ്ട്. നിങ്ങളുടെ സിഎസ്ആര്‍ ഫണ്ട് അതിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിനുവേണ്ട മൈലേജ് കിട്ടത്തക്ക കാര്യങ്ങള്‍ ചെയ്തു തരാം.  ചായ കൊടുത്തിട്ട് സ്ഥലം വിടാന്‍ പറഞ്ഞു.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കൊപ്പം മാതൃഭൂമി പ്രതിനിധികളായ
കെ.എ. ജോണി, എസ്.പ്രകാശ്, കെ.പത്മജന്‍, ആര്‍.റോഷന്‍ എന്നിവര്‍|
ഫോട്ടോ: റിദിന്‍ ദാമു

കേരളത്തിന്റെ വ്യവസായ അന്തരീക്ഷം കാര്യമായിട്ട് മാറിയിട്ടുണ്ടോ?

വ്യവസായ അന്തരീക്ഷം മാറിയത് ഭരിക്കുന്നവരുടെ മിടുക്ക് കൊണ്ടൊന്നുമല്ല. അതൊരു നാച്ചുറല്‍ പ്രോസസ്സാണ്. 48 വര്‍ഷം മുമ്പത്തെ ഇന്ത്യ വളരെ പരിമിതമായിരുന്നു. ഇപ്പോള്‍ വലിയൊരു വിഭാഗം വിദ്യാസമ്പന്നരായി, ജോലിയുള്ളവരായി. അതുകാരണം കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടായിട്ടുണ്ട്. കേരളം വലിയൊരു ഉപഭോക്തൃ സംസ്ഥാനമല്ലേ. ഇന്ത്യ പുരോഗമിച്ചതിന്റെ കൂട്ടത്തില്‍ ബാക്കിയുള്ള സംസ്ഥാനങ്ങളെപ്പോലെ ആയില്ലെങ്കിലും കേരളവും ഒത്തിരി ഇംപ്രൂവ് ചെയ്തല്ലോ. ഐടി, ടൂറിസം, ആരോഗ്യ മേഖലകളിലൊക്കെ വളര്‍ച്ചയുണ്ടായി.

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കാറില്ലേ?

ഞാന്‍ പോകാറില്ല. അവിടെ പോയി പ്രഖ്യാപിച്ചിട്ട് അല്ലല്ലോ ഇതുവരെയുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്.

കിറ്റക്‌സ് ഒരു യൂണിറ്റ് തെലങ്കാനയിലേക്ക് കൊണ്ടുപോയതിനെ എങ്ങനെയാണ് കാണുന്നത്?

അതിനകത്ത് എന്താ തെറ്റ്?  നമ്മള്‍ ഇന്ത്യക്കാരല്ലേ? വി-ഗാര്‍ഡിന് എവിടെയൊക്കെയാണ് പ്രൊഡക്ഷന്‍ യൂണിറ്റുകളുള്ളതെന്ന് ചോദിച്ചാല്‍ എനിക്ക് തന്നെ അറിയില്ല. ഇവരൊക്കെ എന്തുകൊണ്ട് നേരത്തെ തുടങ്ങിയില്ല എന്നാണ് ഞാന്‍ ആലോചിക്കുന്നത്.

കേരളത്തില്‍ ഒരു ബിസിനസ് നടത്തി അതിനെ വിജയിപ്പിക്കാന്‍ ആകുമെന്ന് തെളിയിച്ച ഒരാളാണ് താങ്കള്‍. പലരും കേരളം വിട്ടുപോയപ്പോഴും താങ്കള്‍ ഇവിടെ തന്നെ ഉറച്ചു നിന്നു. ഇനിയും അങ്ങോട്ട് കേരളത്തില്‍ തന്നെ ജീവിക്കാനാണ് ഇഷ്ടം എന്ന് പരസ്യമായി പറഞ്ഞിട്ടുമുണ്ട്. കേരളത്തിന്റെ മേന്മയായിട്ട് എന്താണ് കാണുന്നത്?

ഇത്രയും പച്ചപ്പും ശുദ്ധജലവുമൊക്കെയുള്ള സംസ്ഥാനം വേറെയില്ല. 44 നദികളാണ് ഉള്ളത്. പിന്നെ താരതമ്യേന ക്രമസമാധാനം മെച്ചപ്പെട്ടതാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഞാന്‍ ഒരു നാട്ടിന്‍പുറത്തുകാരനാണ്. നാട്ടിന്‍പുറത്ത് ജനിച്ചുവളര്‍ന്നയാള്‍. ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ കേരളത്തില്‍ തന്നെ ജനിച്ചാല്‍ മതി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

അഴിമതിയുടെ കാര്യത്തില്‍?

അഴിമതിയുടെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാളും ഭേദമാണ്. ഇവിടെ നേര്‍വഴിക്ക് പോകുന്നവര്‍ക്ക് കാര്യമായിട്ട് ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാവില്ല.

കേരളത്തില്‍ തൊഴില്‍ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ തൊഴിലാളി സംഘടനകള്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിലാണ് ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ മിനിമം കൂലിയൊക്കെ കൊടുക്കുന്നത്. അപ്പോള്‍ തൊഴിലാളി സംഘടനകള്‍ ആ രീതിയില്‍ ഒരു ക്രിയാത്മകമായ ഒരു റോള്‍ വഹിച്ചിട്ടില്ലേ?

തീര്‍ച്ചയായിട്ടും. തൊഴിലാളികളുടെ ഭാഗത്തു നിന്ന്  ചിന്തിക്കുമ്പോള്‍ അവരുടെ ആനുകൂല്യങ്ങളും അവരുടെ അവകാശങ്ങളും ഏറ്റവും കൂടുതല്‍ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനം കേരളമാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ ജീവിത നിലവാരം കൂടി. ഇപ്പോള്‍ കേരളം ഒറീസക്കാര്‍ക്കും ബംഗാളികള്‍ക്കും ഗള്‍ഫ് അല്ലേ. ഏറ്റവും കൂലി കിട്ടുന്ന സംസ്ഥാനം കേരളമല്ലേ. പിന്നെ മനുഷ്യാവകാശങ്ങളൊക്കെ താരത്യമേന സംരക്ഷിക്കുന്ന സംസ്ഥാനമാണല്ലോ കേരളം.

70 കളിലാണ് ഗള്‍ഫ് ബൂം സംഭവിക്കുന്നത്. അത് വി-ഗാര്‍ഡിന്റെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ടോ?

ഞാന്‍ ഇത് പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്. ഗള്‍ഫ് ബൂമിനെത്തുടര്‍ന്നാണ് കേരളത്തില്‍ ഉപഭോഗം കൂടിയത്. വിദേശത്ത് പോയി ജോലി ചെയ്യുന്നവര്‍ വീട്ടീലേക്ക് പണം അയക്കുന്നു. വീടുകളില്‍ റെഫ്രിജറേറ്റര്‍ വാങ്ങിക്കുന്നു. വലിയ മാറ്റം ആയിരുന്നു. അതിന്റെ ഗുണം നമുക്കും കിട്ടി, സ്റ്റെബിലൈസറിന്റെ വില്‍പ്പനയില്‍. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ 85-ലൊക്കെയാണ് ടിവി വരാന്‍ തുടങ്ങി. അതിനും സ്റ്റെബിലൈസര്‍ വേണം. കുറച്ചു കഴിഞ്ഞപ്പോള്‍ ഈ ഗള്‍ഫുകാര്‍ വീട്ടില്‍ എസി വെക്കാന്‍ തുടങ്ങി. അപ്പോള്‍ അതിനും സ്റ്റെബിലൈസര്‍ വേണം.

വി-ഗാര്‍ഡിന്റെ ഏതെങ്കിലും തൊഴില്‍ ശാലകളില്‍ ലേബര്‍ യൂണിയനുകള്‍ ഉണ്ടോ?

ഇപ്പോള്‍ ഇല്ല.
 
അതെങ്ങനെയാണ് സംഭവിച്ചത്?

അത് അവരോട് ചോദിക്കണം. തൊഴില്‍ പ്രശ്‌നം ഉണ്ടായപ്പോള്‍ യൂണിയനുകള്‍ പരാജയപ്പെട്ടു എന്ന് തന്നെ പറയേണ്ടിവരും. അതിനുശേഷം അവരുടെ ഇടയില്‍ ബോധോദയം ഉണ്ടായിട്ടുണ്ടാവണം. ആയിരക്കണക്കിന് ജോലിക്കാര്‍ ഉള്ളപ്പോള്‍ എന്തുകൊണ്ട് യൂണിയന്‍ ഉണ്ടാവുന്നില്ല എന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്.

തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കുന്നതുകൊണ്ടാണോ?

അതൊരു കാരണമാണ്. സ്ഥാപനം വളരുകയാണെങ്കില്‍ അവര്‍ക്കും അതിന്റെ ഗുണം കിട്ടണമല്ലോ.

തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അവര്‍ എങ്ങനെയാണ് ഉയര്‍ത്തുന്നത്?
അതിനുള്ള ഒരു സെറ്റപ്പ് അവിടെ ഉണ്ട്. എച്ച്ആര്‍ വിഭാഗത്തിന് കീഴില്‍ ഗ്രിവന്‍സ് സെല്‍ ഉണ്ട്. എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അനോണിമസ് ആയിട്ട് അയച്ചാല്‍ പോലും അത് പരിഗണിക്കുന്ന സംവിധാനമുണ്ട്.

ഗ്രൂപ്പ് അധ്യക്ഷന്‍ എന്നുള്ള നിലയ്ക്ക് തൊഴിലാളികളുമായിട്ട് വ്യക്തിപരമായനിലയില്‍ ഇപ്പോഴും ആശയവിനിമയം നടക്കുന്നുണ്ടോ?

അത് സാധിക്കില്ല. കാരണം ഇപ്പോള്‍ വി-ഗാര്‍ഡ് ഗ്രൂപ്പിന് കീഴില്‍ ആറായിരത്തിലേറെ പേരോളമുണ്ട്. ഞാന്‍ നമ്മുടെ മാനേജര്‍മാരോട് പറയാറുള്ളത് എനിക്ക് ഒരു വ്യക്തിയെന്ന നിലയില്‍ പരമാവധി 10-25 പേരുമായിട്ടേ നിരന്തരം ആശയവിനിമയം നടത്താനാകുകയുള്ളൂ. അതുപോലെ നിങ്ങള്‍ തൊട്ടു താഴെയുള്ള 25 പേരെ കവര്‍ ചെയ്‌തേക്കണം. അതുപോലെ ഒരു സൂപ്പര്‍വൈസര്‍ ആണെങ്കില്‍ ആ സൂപ്പര്‍വൈസര്‍ വേണം അടുത്ത ഗണത്തിലുള്ളവരുമായി ആശയവിനിമയം നടത്തേണ്ടത്. ഒരു കേഡര്‍ പാര്‍ട്ടിയിലേതൊക്കെ പോലെ.

വി-ഗാര്‍ഡില്‍നിന്ന് വണ്ടര്‍ലായിലേക്കും വീഗാലാന്‍ഡ് ഡെവലപ്പേഴിലുമൊക്കെ വൈവിധ്യവത്കരണം നടപ്പാക്കിയെങ്കിലും ഐടി പോലുള്ള മേഖലകളിലേക്ക് കടക്കാതിരുന്നത് എന്തുകൊണ്ടാണ്?

ഞാന്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഐടി കേരളത്തിലെ ഒരു സബ്ജക്ട് ആയിരുന്നില്ല. ഇലക്ട്രോണിക്‌സേ ഉണ്ടായിരുന്നുള്ളൂ. ഐടി പിന്നീടാണ് വരുന്നത്. ഐടി പിന്നീട് അല്പസ്വല്പം പഠിച്ചെടുത്ത ഒരാളാണെന്ന് മാത്രമേ ഉള്ളൂ. പിന്നെ അതെല്ലാം അറിഞ്ഞിട്ട് വേണമെന്നില്ല. പക്ഷേ നമുക്ക് അത് അല്ലാതെ തന്നെ ധാരാളം മേഖലകള്‍ ഉണ്ടല്ലോ.

അമ്യൂസ്‌മെന്റ് പാര്‍ക്കിലേക്ക് എങ്ങനെയാ ശരിക്കും വരുന്നത്? യാത്രകള്‍ ഇഷ്ടപ്പെടുന്ന ആളാണല്ലോ. ആ ഇഷ്ടത്തില്‍ നിന്ന് ഉണ്ടായതാണോ?

വി-ഗാര്‍ഡ് തുടങ്ങി 10-20 വര്‍ഷത്തിനു ശേഷമാണ് അമ്യൂസ്‌മെന്റ് പാര്‍ക്കിനെ പറ്റി ചിന്തിക്കുന്നത്. അതിനു കാരണം യാത്രകള്‍ തന്നെയാണ്. ആ സമയം ഒക്കെ ആയപ്പോഴേക്കും സാമ്പത്തിക ആയിട്ട് മെച്ചപ്പെട്ടു. ഇടക്കിടക്ക് വിദേശ യാത്രകള്‍ നടത്തും. കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുകയാണ്. അവര്‍ക്ക് വേണ്ടി വിദേശത്തുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ പോകുമ്പോള്‍ ആലോചിക്കാറുണ്ട് ഇതുപോലെ നമ്മുടെ നാട്ടില്‍ എന്തുകൊണ്ട് ആയിക്കൂടാ. അങ്ങനെയാണ് അതിന്റെ തുടക്കം. രണ്ടായിരത്തിലാണ് ആദ്യത്തെ അമ്യൂസ്‌മെന്‍ന്റ് പാര്‍ക്ക് കൊച്ചിയില്‍ തുറക്കുന്നത്.

ഈ വര്‍ക്ക് ലൈഫ് ബാലന്‍സില്‍ എപ്പോഴെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടോ?

ഇല്ല. വിവാഹസമയത്ത് ഞാന്‍ ഷീലയോട് (ഭാര്യ) പറഞ്ഞിരുന്നു, ഫസ്റ്റ് പ്രിഫറന്‍സ് ആയാലും സെക്കന്‍ഡ് പ്രിഫറന്‍സ് ആയാലും വി-ഗാര്‍ഡ് ആണ്. എല്ലാ മാമോദീസക്കും നൂലുകെട്ടിനും വരാന്‍ പറ്റിയേക്കില്ല എന്നൊക്കെ. ഞാന്‍ പൊതുവെ വളരെ റിലാക്‌സ്ഡ് ആയിട്ടുള്ള ആളാണ്. ഇപ്പോള്‍ 75 വയസ്സായി. ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല. ബിസിനസ്സിന് ബിസിനസ്സിന്റെതായ സമയം, വീട്ടുകാര്‍ക്ക് വീട്ടുകാര്‍ക്കുള്ള സമയം. അതൊക്കെ നമുക്ക് മാനേജ് ചെയ്യാവുന്ന കാര്യങ്ങളെ ഉള്ളൂ. അല്ലാതെ ഞാന്‍ അത്ര വലിയ നേട്ടങ്ങള്‍ ഒന്നും വെട്ടിപ്പിടിച്ചിട്ടുള്ള ആളല്ല.

ഇതിനിടയില്‍ വൃക്കദാനം നടത്തി.  ഭാര്യയും മക്കളും ഒക്കെ എതിര്‍ത്തിരുന്നു എന്ന് കേട്ടിട്ടുണ്ട്?

60 വയസുള്ളപ്പോഴായിരുന്നു അത്. ഒരു കണക്കിന് അതൊരു പഴയ വൃക്കയായിരുന്നു( ചിരിക്കുന്നു.) അതൊരു ഒരു ചലഞ്ച് ആയിട്ട് എടുത്തതാണ്. ഒരു ബന്ധുവിന് ഈ പ്രോബ്ലം ഉണ്ടായപ്പോഴാണ് ഇത് മനസ്സിലാക്കുന്നത്. ഡോക്ടര്‍മാര്‍ പറയുന്നു ആരോഗ്യമുള്ളവര്‍ക്ക് അവയവദാനം ചെയ്താല്‍ ഒരു കുഴപ്പവുമില്ല. നിര്‍ഭാഗ്യവശാല്‍ എന്റെ ആ ബന്ധു മരിച്ചുപോയി. അന്നുമുതല്‍ ഞാന്‍ ഈയൊരു ആശയം മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ടായിരുന്നു. വീട്ടിലൊക്കെ അന്നുതന്നെ പറയാറുണ്ടായിരുന്നു. ഒരു പരീക്ഷണം നടത്തിയാലോ, ഒരു അവബോധനത്തിന് വേണ്ടി. വീട്ടുകാര്‍ക്ക് തീര്‍ച്ചയായിട്ടും എതിര്‍പ്പ് ഉണ്ടാവുമല്ലോ. പണം കൊടുത്ത് സഹായിച്ചാല്‍ പോരേ എന്ന് ചോദിച്ചു. പക്ഷേ, വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമുണ്ടാവണ്ടേ?  ശരിക്കും പഠിച്ചിട്ടാണ് വൃക്ക കൊടുത്തത്. കാരണം നമ്മളൊരു മണ്ടനാവാന്‍ പാടില്ലല്ലോ. ഇപ്പോള്‍ 15 വര്‍ഷമായി. ആരോഗ്യ പ്രശ്‌നമൊന്നുമില്ല. ഇനിയിപ്പോ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ നിങ്ങളില്‍ ആരെങ്കിലുമൊക്കെ തരുമല്ലോ.  

പൊതുവെ ദേഷ്യപ്പെടാത്ത ഒരാളാണോ താങ്കള്‍?

അടുത്തുള്ളവരോട് ചോദിച്ചാല്‍ എന്റെ ദേഷ്യത്തെക്കുറിച്ചറിയാം. ഐ വില്‍ ബി ഫെയര്‍, ബട്ട് ഐ വില്‍ ബി ഫെം. അനീതി കണ്ടു കഴിഞ്ഞാല്‍ അതിനെതിരെ പ്രതികരിക്കുക എന്നുള്ള ഒരു ശീലം ചെറുപ്പം തൊട്ട് ഉണ്ടായിരുന്നു. ഇപ്പൊ വയസ്സായി.

മാതൃഭൂമിയുമായി ചേര്‍ന്ന് എന്റെ വീട് എന്ന പേരില്‍ സിഎസ്ആര്‍ പദ്ധതി ഇപ്പോള്‍ നടപ്പാക്കുന്നുണ്ട്. ആ ആശയത്തിലേക്ക് എങ്ങനെയാണ് എത്തുന്നത്?

ഒരു സ്റ്റേജ് കഴിഞ്ഞപ്പോള്‍ മക്കളൊക്കെ വെല്‍ സെറ്റില്‍ഡ് ആയി. ഓരോ ബിസിനസ്സും ഓരോരുത്തരെ ഏല്‍പ്പിച്ചു. പിന്നെ നമുക്ക് ജീവിക്കാന്‍ ഇത്രയ്ക്കല്ലേ പണം വേണ്ടു. അല്ലാതെ ഇത് മുകളിലേക്ക് കൊണ്ടുപോകാന്‍ പറ്റില്ലല്ലോ. 10-14 വര്‍ഷം മുമ്പാണ് കെ. ചെറ്റിലപ്പള്ളി ഫൗണ്ടേഷന്‍ തുടങ്ങുന്നത്. അതിന് ഒരു ടീം ഉണ്ട്. അതിന് നേതൃത്വം നല്‍കുന്നത് ഫാക്ട് മുന്‍ സി.എം.ഡി. ഡോ. ജോര്‍ജ് സ്ലീബയാണ്. ഫൗണ്ടേഷനുകീഴില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് ആലോചിച്ചു. അങ്ങനെയാണ് വീട്, ചികിത്സ, കുട്ടികളുടെ തൊഴിലധിഷ്ഠിത പഠനം എന്നീ നിലകളിലുള്ള സഹായങ്ങള്‍ ഒരുക്കാമെന്ന് തീരുമാനിച്ചത്.

ഇടക്കാലത്ത് ദയാവധത്തെക്കുറിച്ച് ശക്തമായ നിലപാട് എടുത്തയാളാണ്. ഇപ്പോഴും ആ നിലപാടില്‍ തന്നെയാണോ?

എന്റെ 48-ാംവയസ്സില്‍ ആദ്യമായി ഹൈക്കോടതിയില്‍ ഒരു കേസ് കൊടുത്തിട്ട് അത് തള്ളിക്കളഞ്ഞതാണ്. ഞങ്ങളുടെ നാടിന്റെ അടുത്ത് ഒരു റിട്ട. സ്‌കൂള്‍ മാഷ് ഇതേമാതിരി ഒരു കേസ് കൊടുത്തിരുന്നു. ഞാന്‍ അദ്ദേഹത്തിനെ അന്വേഷിച്ചു ചെന്നു. അദ്ദേഹത്തിന് ആ സമയത്ത് 78 വയസ്സുണ്ടായിരുന്നു. കേള്‍വി ശക്തി കുറഞ്ഞു തുടങ്ങി, കണ്ണ് കാണാതായി, പത്രം വായിക്കാന്‍ പറ്റാതായി. അങ്ങനെയാണ് അദ്ദേഹം ദയാവധം ചോദിച്ച് കേസ് കൊടുത്തത്. ഞാന്‍ അതിനെ കുറച്ചുകൂടി മോഡിഫൈ ചെയ്തു. ലിവിങ് വില്‍. അതിപ്പോള്‍ അനുവദിച്ചിട്ടുണ്ട്. അതായത് നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ നേരത്തെ കൂട്ടി തീരുമാനിക്കാം. വെന്റിലേറ്റര്‍, ഐ.സി.യു.  പോലെ ലൈഫ് സപ്പോര്‍ട്ടിങ് മെഷീന്‍സ് വേണ്ട എന്നൊക്കെ.  അന്ന് അത് ഇല്ലായിരുന്നു.
 
അങ്ങനെ ഒരു വില്‍പത്രം എഴുതിയിട്ടുണ്ടോ?

എഴുതിവെച്ചിട്ടുണ്ട്. 70 വയസ്സ് കഴിഞ്ഞാല്‍ മാറാരോഗം വന്നാല്‍ എന്നെ രക്ഷിക്കാന്‍ ഒരു മെഡിക്കല്‍ സപ്പോര്‍ട്ടും എനിക്ക് വേണ്ട. സ്വാഭാവികമായ യാത്ര മതി. പണ്ട് അങ്ങനെയായിരുന്നല്ലോ.

കേരളം ഇന്ന് നേരിടുന്ന ഒരു പ്രതിസന്ധി വാര്‍ദ്ധക്യത്തിന്റെ മേഖലയിലാണ്. വാര്‍ദ്ധക്യത്തില്‍ ഉള്ളവര്‍ക്ക് കമ്മ്യൂണിറ്റി ലീവിങ് സൗകര്യങ്ങള്‍ വേണം എന്നുള്ള അവബോധം ഇപ്പോള്‍ വരുന്നുണ്ട്. ഇതെക്കുറിച്ചുള്ള കുറിച്ചുള്ള ചിന്തകള്‍ എങ്ങനെയാണ്?

കേരളത്തില്‍ വലിയതോതില്‍ വളര്‍ന്നു വരാന്‍ സാധ്യതയുള്ള ബിസിനസ് ആണെന്ന് ഞാന്‍ പറയും. അതിന് നല്ല സ്‌കോപ്പ് ഉണ്ട്. വയസ്സായിട്ടുള്ളവര്‍ക്ക് പണമില്ലെങ്കില്‍ തന്നെ മക്കള്‍ റെഡിയാണ്. വയസ്സായിട്ടുള്ള ആള്‍ ജീവിച്ച അതേ സൗകര്യത്തോടെ തന്നെ മാറി താമസിക്കാന്‍ സൗകര്യമുള്ള സ്ഥാപനങ്ങള്‍ ഇനി ഉണ്ടാകും. ഇപ്പൊ തന്നെ വന്നു തുടങ്ങി. പല ഗ്രേഡില്‍ ഉള്ളതുമുണ്ട്. ഇനി കൂടുകയേയുള്ളൂ. അമേരിക്കയിലും യൂറോപ്പിലും ഇത്തരം സംവിധാനങ്ങള്‍ ഉണ്ട്. അതൊക്കെ ഇവിടെയും പതുക്കെ വരും.

സാമ്പത്തികമായി കഴിവില്ലാത്ത വലിയൊരു വിഭാഗമുണ്ട്. അവര്‍ക്കുവേണ്ടി  ഭരണകൂടം കരുതല്‍ എടുക്കേണ്ടതല്ലേ?

ഇപ്പോള്‍ തന്നെ വൈകി കൊണ്ടിരിക്കുകയാണ്. വികസിത രാജ്യം എന്നൊക്കെ പറയണമെങ്കില്‍ സോഷ്യല്‍ സെക്യൂരിറ്റി വേണം. ഏതു പ്രായത്തിലും ഒരാള്‍ക്ക് മിനിമം ജീവിക്കാനുള്ള സൗകര്യം കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. പെന്‍ഷന്‍ എന്ന നിലയില്‍ നക്കാപ്പിച്ച പണം കൊടുത്തതു കൊണ്ട് കാര്യമില്ല. അതുകൊണ്ടൊന്നും തികയുന്നില്ല. അതുതന്നെ മുടങ്ങി കിടക്കുകയാണ്. നമ്മുടെ സര്‍ക്കാര്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കി എന്ന് പറയുമ്പോഴും ഈ കാര്യത്തില്‍ വളരെയധികം മുന്നോട്ടു പോകാനുണ്ട്. വയസ്സായിട്ടുള്ള ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. സാധാരണ തരത്തിലുള്ള വൃദ്ധസദനങ്ങള്‍ ഒക്കെ വളരെ മോശം കണ്ടീഷനില്‍ തന്നെയാണ്. ഓരോ പൗരന്റെയും ക്ഷേമം എന്നുള്ളത് സര്‍ക്കാരിന്റെ കടമയാണ്. എന്തുകൊണ്ട് ഇത്രയും നികുതിപ്പണം കിട്ടിയിട്ടും വയസ്സായിട്ടുള്ളവര്‍ക്ക് കൃത്യമായിട്ടുള്ള പരിചരണം ഇല്ല എന്ന് തോന്നാറുണ്ട്.

ആത്മീയപരമായ ജീവിതമൊക്കെ എങ്ങനെയാണ്?

നമ്മള്‍ 'അങ്ങേരെ' ബുദ്ധിമുട്ടിപ്പിക്കാന്‍ പാടില്ല. കാരണം എന്തെല്ലാം കാര്യങ്ങള്‍ നോക്കാനുണ്ട് ദൈവത്തിന്. നമ്മള്‍ വെറും ഒരു പുഴു. അത് വേണം, ഇത് വേണം എന്ന് പറയുന്നത് എങ്ങനെയാണ്. ഇതൊക്കെ പോരെ എന്ന് അങ്ങേര് തിരിച്ചു ചോദിക്കില്ലേ. അങ്ങേര്‍ക്ക് ഒത്തിരി ജോലി ചെയ്യാനുണ്ട്. ഭൂമി ഒരു ദിവസം ഒരു റൗണ്ട് ഇട്ട് കറക്കണം, സൂര്യന് ചുറ്റീട്ട് കറക്കണം. ബാക്കിയുള്ള ഗ്രഹങ്ങള്‍ കറക്കാനുണ്ട്. ഇതൊക്കെ നോക്കണ്ടേ വലിയ ഉത്തരവാദിത്വം ഉണ്ട്. നമുക്ക് പ്രധാനമന്ത്രിയെ പരിചയമുണ്ടെന്ന് വിചാരിച്ചിട്ട് ദിവസവും അങ്ങേരെ വിളിക്കാന്‍ പാടുണ്ടോ? അത് ശരിയാണോ? അങ്ങേരെ ഫ്രീ ആയിട്ട് വിടണം എന്നുള്ള അഭിപ്രായക്കാരനാണ് ഞാന്‍. മതങ്ങള്‍  തുടക്കത്തിലൊക്കെ മനുഷ്യനെ നല്ല വഴിക്ക് നയിക്കാനുള്ള ഊന്നുവടി ആയിരുന്നു. ഇപ്പോള്‍  ഈ വടികൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും തമ്മില്‍ അടിക്കുകയാണ്. ക്രിസ്തു ആയാലും ബുദ്ധനായാലും ശ്രീകൃഷ്ണന്‍ ആയാലും മുഹമ്മദ് നബി ആയാലും പറഞ്ഞ കാര്യങ്ങളൊക്കെ നല്ലത് തന്നെയാണ്. ആരും മോശം കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. പക്ഷേ പിന്നീട് വന്ന ആളുകള്‍ അവരുടേതായ വ്യാഖ്യാനങ്ങള്‍ കൊടുത്ത് നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങി.

പത്മശ്രീ പോലുള്ള അവാര്‍ഡുകള്‍ കിട്ടാന്‍ കേരളത്തില്‍ ഏറ്റവും അര്‍ഹനായിട്ടുള്ള വ്യക്തികളില്‍ ഒരാളാണ് താങ്കള്‍?

പ്രാഞ്ചിയേട്ടന്‍ സിനിമ കണ്ടിട്ടില്ലേ! ഇനിയിപ്പോ അത് കിട്ടിയാലും വേണ്ടെന്നേ പറയാന്‍ പറ്റുള്ളൂ. അതിനകത്ത് താത്പര്യമില്ല.

ഏത് രീതിയില്‍ അടയാളപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്? വിജയിച്ച ഒരു വ്യവസായ സംരംഭകന്‍ എന്നുള്ള നിലയിലാണോ ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്നുള്ള നിലയിലാണോ?

അത് നിങ്ങള്‍ തീരുമാനിച്ചോ

പണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?

പണം നമുക്ക് ഉപയോഗിക്കാനുള്ളതാണ്. പക്ഷേ പണം നമ്മളെ വിഴുങ്ങരുത്. അതായത് നമ്മളെ ഭരിക്കരുത്. പണത്തിന്റെ ക്രയവിക്രയം നടന്നാല്‍ മാത്രമേ സമൂഹത്തില്‍ അതിന്റെ ഗുണം ഉണ്ടാവുകയുള്ളൂ. അതായത് നമ്മളിപ്പോ കോടിക്കണക്കിന് സ്വത്ത് ബാങ്കില്‍ ഇട്ടിട്ട് അതുകൊണ്ട് ഒരു ഗുണവും ഇല്ലല്ലോ. മുകളിലേക്ക് കൊണ്ടുപോകാന്‍ പറ്റില്ലല്ലോ.

ഭാര്യയും രണ്ടു മക്കളും ഇപ്പോള്‍ ബിസിനസ്സിനകത്ത് എന്‍ഗേജ്ഡ് ആണ്. ഭാര്യക്ക് ഒരു കമ്പനി ഉണ്ട്. മക്കളില്‍ ഒരാള്‍ വി-ഗാര്‍ഡിന്റെയും മറ്റൊരാള്‍ വണ്ടര്‍ലായുടെയും തലപ്പത്താണ്. റിട്ടയര്‍മെന്റ് മോഡലില്‍ എത്തിയപ്പോള്‍ അവരെല്ലാം തിരക്കായി. താങ്കള്‍ക്ക് ആവശ്യത്തിന് സമയം കിട്ടുന്നു എന്ന അവസ്ഥയുണ്ടായോ?

ചെറിയൊരു ശൂന്യത അനുഭവപ്പെടാന്‍ തുടങ്ങിയപ്പോഴാണ് 62-ാമത്തെ വയസ്സില്‍ വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങിയത്. എന്തുകൊണ്ട് അതിലേക്ക് കടന്നു എന്ന് ചോദിച്ചു കഴിഞ്ഞാല്‍ ആ സമയം ആയപ്പോഴേക്കും എനിക്ക് അതിനോട് കുറച്ചൊരു താല്പര്യം കൂടി. പിന്നെ കണ്‍സ്ട്രക്ഷനോട് പ്രത്യേകിച്ച് സിവില്‍ എന്‍ജിനീയറിങ്ങിനോട് താത്പര്യം തോന്നി, പഠിച്ചത് ഫിസിക്‌സ് ആയിരുന്നെങ്കിലും.

ഒഴിവുസമയം എങ്ങനെയാണ് ചെലവഴിക്കുക?

ഞാന്‍ ധാരാളം കോമഡി ഷോസ് ഒക്കെ കാണുന്ന ഒരാളാണ്. പിന്നെ യൂട്യൂബില്‍ ഡോക്യുമെന്ററികളും  ഹിസ്റ്ററി ചാനലുകളും ട്രാവലോഗ്‌സുമൊക്കെ കാണും. വിജയംകൈവരിച്ചുവരുടെ വീഡിയോസ് കാണും, ഈ പഹയന്‍ എങ്ങിനെയാണ് വിജയിച്ചതെന്നറിയണമല്ലോ! സിനിമ കാണല്‍ ഇപ്പോള്‍ കുറവാണാണ്. വയലന്‍സൊക്കെ കാണുമ്പോള്‍ നമുക്ക് ചേര്‍ന്നതല്ല എന്ന് തോന്നും.

ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള വ്യക്തിത്വങ്ങള്‍ ഉണ്ടോ?

മഹാത്മാഗാന്ധിജിയുടെ ജീവചരിത്രം വായിക്കുമ്പോള്‍ അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു നമ്രമുഖനായിരുന്നു എന്ന്. നമുക്കത് കോണ്‍ഫിഡന്‍സ് തരുകയാണ് ചെയ്യുന്നത്. കാരണം അദ്ദേഹം ഫസ്റ്റ് റാങ്കുകാരന്‍ ഒന്നും ആയിരുന്നില്ലല്ലോ, അപ്പോള്‍ നമുക്കും ആവാം. നെല്‍സണ്‍ മണ്ടേല എത്രയോ വര്‍ഷം ജയിലില്‍ കിടന്നു അല്ലെങ്കില്‍ എബ്രഹാം ലിങ്കന്റെ കാര്യത്തിലായാലും ശരി ആരും ഭാഗ്യം കൊണ്ട് ലീഡര്‍ ആയിട്ടുള്ളതല്ല.

വ്യവസായ മേഖലയില്‍ ഒരു റോള്‍ മോഡല്‍ ഉണ്ടായിരുന്നോ?

പലരെയും ഞാന്‍ ഫോളോ ചെയ്യാറുണ്ട്. ടാറ്റാ ഗ്രൂപ്പ് എത്ര തലമുറകളായി നിലനില്‍ക്കുകയാണ്. ദക്ഷിണേന്ത്യയില്‍ തന്നെ ടിവിഎസ് ഗ്രൂപ്പ്, മുരുഗപ്പ ഗ്രൂപ്പ്. അസീം പ്രേംജിയും മികച്ച ഉദാഹരണമാണ്. സിംഗിള്‍ ജനറേഷന്‍ അല്ലേ ഇന്‍ഫോസിസ്. അവര്‍ പെട്ടെന്നല്ലേ ഇത്രയ്ക്കും വളര്‍ന്നു വലുതായത്.

ചെറുപ്പക്കാരുടെ പുറത്തേക്കുള്ള പോക്ക് എങ്ങനെയാണ് കാണുന്നത്?

അത് നമുക്ക് തടയാന്‍ പറ്റില്ല. അവര് പോട്ടെ. കുറെ പേര് തിരിച്ചുവരുന്നുണ്ട്. ഇന്ത്യക്ക് വലിയൊരു ഭാരം ജനസംഖ്യയാണ്. ഇത്രയും വലിയ ജനസംഖ്യയിലും  ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്നുള്ളത് കാണാതിരിക്കരുത്.

മുന്‍പ് ചില സമരങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ആശാ വര്‍ക്കര്‍മാരുടെ സമരം നടക്കുന്നുണ്ട്. അതിനെയൊക്കെ എങ്ങനെയാണ് കാണുന്നത്?

ഒരു കാലഘട്ടത്തില്‍ എനിക്ക് അങ്ങനെ തോന്നി. ഞാന്‍ അതിനകത്ത് കുറെ പ്രതികരിക്കാറൊക്കെ ഉണ്ടായിരുന്നു. പിന്നെ ഞാന്‍ വിചാരിച്ചു ഇനി വേറെ ആളുകള്‍ പ്രതികരിക്കട്ടെ. എനിക്കിപ്പോള്‍ ഇത്രയും പ്രായമായില്ലേ. ഈ പ്രതികരണത്തിനും ഒരു റിട്ടയര്‍മെന്റ് വേണ്ടേ! ഇനി ചെറുപ്പക്കാര്‍ മുന്നോട്ട് വരട്ടെ.

അസഹിഷ്ണുത വര്‍ദ്ധിക്കുന്നു. കൊലപാതകങ്ങള്‍, ലഹരിയുടെ വരവ് എന്നിവയൊക്കെ കൂടുകയാണ്?
 
ടെക്‌നോളജി അങ്ങ് വളര്‍ന്നു. ഒരു വീട്ടില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമാണ്. അവരെ ലാളിച്ചു വളര്‍ത്തുന്നു, അവരെന്താണ് ചെയ്യുന്നതെന്ന് പോലും അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും അറിയുന്നില്ല. നമ്മളൊക്കെ നാട്ടിന്‍പുറത്ത് വളരുമ്പോള്‍ അങ്ങനെ ആയിരുന്നില്ല. കാരണം നമ്മള്‍ സ്‌കൂളില്‍ എന്തെങ്കിലും ഒരു കുറുമ്പ് കാണിച്ചിട്ടുണ്ടെങ്കില്‍ വേറൊരു കസിന്‍ വന്നിട്ട് അത് വീട്ടില്‍ റിപ്പോര്‍ട്ട് ചെയ്യും. സ്‌കൂളില്‍ ഹെഡ്മാസ്റ്ററുടെ അടിയ്ക്കു പുറമെ വീട്ടില്‍ വന്നാല്‍ രണ്ടടി സ്‌പെഷ്യല്‍ കിട്ടും. ഇപ്പോള്‍ അടിക്കാന്‍ പാടില്ല. അച്ഛന് പോലും മക്കളെ അടിക്കാന്‍ പാടില്ലല്ലോ.

കേരള സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എന്തെങ്കിലും ഒരു സൊല്യൂഷന്‍ പറയാനുണ്ടോ?

ഞാനൊരു സാമ്പത്തിക വിദഗ്ധന്‍ ഒന്നുമല്ല. ജിഎസ്ടി ഒക്കെ വന്നപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് പണം കൂടുതല്‍ കിട്ടിയിട്ടുള്ളത് എന്നാണ് എന്റെ കണക്കുകൂട്ടല്‍. അധികം ചോര്‍ച്ചയില്ലാതെ കൃത്യമായിട്ട് പണം ആ സംസ്ഥാനത്തിന് കിട്ടുന്നുണ്ട്. നല്ലൊരു ഉപഭോക്തൃ സംസ്ഥാനം ആയതുകൊണ്ട് നല്ല വരുമാനം ഇവിടെ ഉണ്ട്. ഇതൊക്കെ ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലും ധൂര്‍ത്തടിക്കപ്പെടുന്നു എന്നുള്ളതില്‍ സംശയമില്ല.

പൊതുവെ കാര്യങ്ങള്‍ അത്രകണ്ട് ശുഭകരമല്ല എന്ന് പറയുന്നവരുണ്ട്. ഇതിനിടയിലും പ്രത്യാശ പുലര്‍ത്താനായിട്ട് താങ്കളെ പ്രേരിപ്പിക്കുന്നത് എന്താണ്?

പ്രശ്‌നങ്ങള്‍ പണ്ടും ഉണ്ടായിട്ടുണ്ട്. യുദ്ധങ്ങള്‍ ആയാലും ശരി അല്ലെങ്കില്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ ആണെങ്കിലുമൊക്കെ പണ്ടും ഉണ്ടായിട്ടുണ്ട്. അതൊക്കെ തന്നെയേ ഇപ്പോഴും നടക്കുന്നുള്ളൂ. മറ്റു രാജ്യങ്ങളില്‍ നടക്കുന്ന കാര്യങ്ങളൊക്കെ തന്നെയേ ഇവിടെയും നടക്കുന്നുള്ളൂ. ഒരു കാര്യം ഉറപ്പാണ്, ഇന്ത്യ പുരോഗതിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.

Content Highlights: Consumer Awareness | Chittilappilly | V-Guard