കമ്യൂണിസ്റ്റ് നിലപാടുള്ളവരുടെ ഇടയില്‍നിന്ന് പോലും മാറ്റിനിര്‍ത്തി | ബിന്ദു അമ്മിണിയുമായി അഭിമുഖം

'കേരളം വിട്ടുപോവുകയാണെന്ന് മൂന്നു വര്‍ഷമായി ഞാന്‍ പറയുന്നുണ്ട്. അതുകേട്ട് പലരും കളിയാക്കുകയായിരുന്നു. ഞാന്‍ ഉന്നയിച്ച ഗൗരവമുള്ള വിഷയങ്ങളൊന്നും മനസ്സിലാക്കാതെ, എന്നെ പരിഹസിക്കാനും എന്റേത് സമ്മര്‍ദ്ദ തന്ത്രമാണെന്നും ഞാന്‍ ആളുകളുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി ചെയ്യുന്നതാണെന്നുമൊക്കെയായിരുന്നു വിമര്‍ശനം. പബ്ലിസിറ്റി ഹണ്ടിങ്' എന്ന് വരെ പറഞ്ഞവരുണ്ട്.ഈയടുത്തൊരു ട്രോള്‍ വീഡിയോ കണ്ടു. രണ്ടു മാസത്തെ വെക്കേഷന്‍ ആഘോഷിക്കാനാണ് ബിന്ദു അമ്മിണി ഡല്‍ഹിക്ക് പോയതെന്നും വെക്കേഷന്‍ കഴിഞ്ഞാല്‍ ലോ കോളേജില്‍ ജോലിക്കായി തിരിച്ചെത്തുമെന്നും അതില്‍ കണ്ടു. ശരിയാണ്, ഒരു പരിധി വരെ മറ്റ് വരുമാനങ്ങള്‍ ഒന്നുമില്ലാത്ത എന്റെ പ്രിവിലേജ് ഇല്ലായ്മ ഞാനെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍നിന്നും എന്നെ പുറകോട്ട് പിടിച്ചുവലിച്ചിരുന്നു. വരുമാനം ഒഴിവാക്കുക എന്നത് എനിക്ക് ചിന്തിക്കുന്നതിനും അപ്പുറത്തായിരുന്നു. പക്ഷേ, അതിനൊക്കെ മുകളിലാണ്. അഭിമാനം. അത് വ്രണപ്പെട്ട ഒരു ദളിത് സ്ത്രീയുടെ പോരാട്ടമാണ് കേരളം വിടുക എന്നതിലേക്ക് എന്നെ എത്തിച്ചത്.'
രണ്ടു മാസം മുന്‍പാണ് ബിന്ദു അമ്മിണി കേരളം വിട്ടത്. ഡല്‍ഹിയിലേക്കായിരുന്നു ആ പറിച്ചുനടല്‍. ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമെന്ന മേല്‍വിലാസത്തിലാണ് ബിന്ദു അമ്മിണിയെ കേരളത്തിന് പരിചയം. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് അവര്‍ ശബരിമലയിലെത്തുന്നത്. അതിനെ എതിര്‍ത്തും അനുകൂലിച്ചും കേരളത്തിലാകെ കോലാഹലങ്ങളുണ്ടായി. ഇതിനെത്തുടര്‍ന്ന് നിരവധി തവണ ബിന്ദു അമ്മിണിക്ക് നേരെ ശാരീരികമായ ആക്രമണങ്ങളുണ്ടായി. ആ സംഭവങ്ങളുടെയെല്ലാം ഒടുവിലാണ്, താന്‍ നേരിട്ട അതിക്രമങ്ങളും അതിനോടുള്ള സര്‍ക്കാര്‍ സമീപനത്തിലും പ്രതിഷേധിച്ച് ബിന്ദു അമ്മിണി ജന്മനാട് ഉപേക്ഷിച്ച് ഡല്‍ഹിയില്‍ മറ്റൊരു സമരമുഖത്ത് ജീവിതം തുടങ്ങാന്‍ തീരുമാനിക്കുന്നത്.
Content Highlights: Bindu Ammini Interview; She talks by Biju Raghavan