റിംപോച്ചെയെ കാത്തിരിക്കുന്നത് പഞ്ചെം ലാമയുടെ വിധിയോ; ചൈന തട്ടിക്കൊണ്ടുപോയ കുട്ടി എവിടെ?

പര്‍വതമുകളില്‍, ശാന്തമായ അന്തരീക്ഷത്തില്‍ ഒരിടം. അതാണ് ധര്‍മശാല. ചൈനയുടെ ടിബറ്റന്‍ അധിനിവേശത്തോടെ അറുപതുകൊല്ലം മുന്‍പാണ് ദലൈലാമ തന്റെ അനുയായികളുമായി ഇന്ത്യയിലേക്ക് പലായനംചെയ്തത്. അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ നിര്‍ദേശപ്രകാരം അവര്‍ ധര്‍മശാലയിലെ മക്ലിയോഡ്ഗഞ്ചില്‍ എത്തി. ബുദ്ധവിഹാരവും താമസസ്ഥലവും നിര്‍മിച്ച അവര്‍ അവിടെ ടിബറ്റന്‍ അഭയാര്‍ഥി ഗവണ്‍മെന്റിന്റെ ആസ്ഥാനമായ സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്ട്രേഷന്‍ സ്ഥാപിച്ചു. അന്ന് മുതല്‍ ദലൈലാമയുടേയും ടിബറ്റന്‍ ബുദ്ധമതക്കാരുടേയും ആശ്രയകേന്ദ്രം എന്ന നിലയില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥലമാണ് ധര്‍മശാല. അടുത്തിടെ 600-ലധികം മംഗോളിയന്‍ ബുദ്ധമതക്കാര്‍ ധര്‍മശാലയില്‍ ഒത്തുകൂടിയത് ഈ നഗരത്തെ വീണ്ടും ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ടിബറ്റന്‍ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത ആത്മീയനേതാവായി എട്ടുവയസ്സുകാരനായ മംഗോളിയന്‍ ബാലനെ തിരഞ്ഞെടുത്ത അപൂര്‍വ ചടങ്ങിനാണ് ധര്‍മശാല സാക്ഷ്യം വഹിച്ചത്. മംഗോളിയന്‍ വംശജനായ കുട്ടിയെയാണ് പത്താമത്തെ 'ഖല്‍ഖ ജെറ്റ്‌സണ്‍ ദമ്പ റിംപോച്ചെ' (Khalkha Jetsun Dhampa Rinpoche )യായി ടിബറ്റന്‍ ആത്മീയനേതാവായ ദലൈലാമ വാഴിച്ചത്. തങ്ങള്‍ തിരഞ്ഞെടുക്കുന്ന ബുദ്ധമത നേതാക്കളെ മാത്രമേ അംഗീകരിക്കൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ചൈനയെ തള്ളിയാണ് ദലൈലാമയുടെ നടപടി.
മാര്‍ച്ച് എട്ടിനാണ് അമേരിക്കയില്‍ ജനിച്ച ഒരു ആണ്‍കുട്ടിയെ പത്താമത്തെ 'ഖല്‍ഖ ജെറ്റ്‌സണ്‍ ദമ്പ റിംപോച്ചെ' അല്ലെങ്കില്‍ മംഗോളിയരുടെ ഗെലുഗ് വംശത്തിലെ പത്താമത്തെ 'ജെബ്സുന്ദംബ ഖുതുക്തു' (Jebtsundamba Khutuktu)ആയി അഭിഷിക്തനായത്. വര്‍ഷങ്ങളോളം മംഗോളിയന്‍ ബുദ്ധമതക്കാരെ നയിച്ച 9-ാമത്തെ 'ജെബ്സുന്ദംബ ഖുതുക്തു' 2012-ലാണ് അന്തരിച്ചത്. മംഗോളിയക്കാരെ സംബന്ധിച്ച് 'ജെബ്സുന്ദംബ ഖുതുക്തു' ഒരു സാധാരണ സന്യാസിയല്ല. അവരുടെ മതപരവും വിശ്വാസപരവുമായ എല്ലാത്തിനോടും കെട്ടുപിണഞ്ഞുകിടക്കുന്ന സ്ഥാനമാണത്. ഏതാണ്ട് ഒരു പതിറ്റാണ്ടിലേറെ ഒഴിഞ്ഞു കിടന്ന ആ സ്ഥാനത്തേക്കാണ് പത്ത് വയസുകാരന്‍ എത്തുന്നത്. ചൈനീസ് ഭരണകൂടവുമായി കൂടിയാലോചിക്കാതെയുള്ള ദലൈലാമയുടെ ഈ നടപടി അവരെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ട്. 1995-ല്‍, ചൈനീസ് ഭരണകൂടവുമായി കൂടിയാലോചിക്കാതെ ദലൈലാമ 11-ാം പഞ്ചെം ലാമയായി ഒരു ആറുവയസ്സുകാരനെ പ്രഖ്യാപിച്ചിരുന്നു. മൂന്നുദിവസത്തിനുശേഷം കൂട്ടിയെയും കുടുംബത്തെയും കാണാതായി. ചൈന തട്ടിക്കൊണ്ടു പോയതായാണ് പരാതി. ഇതുമായി ചേര്‍ത്തുവായിക്കുമ്പോള്‍ അതീവ പ്രാധാന്യമുള്ളതാണ് നിലവിലെ ദലൈലാമയുടെ നടപടികള്‍.
Content Highlights: Who is the Mongolian boy named as third highest Buddhist spiritual leader?