ഭൂമിയിലെ നരകമോ ഇത്? ലോകത്തെ ഞെട്ടിച്ച് എല്‍ സാല്‍വദോറിലെ മെഗാ ജയില്‍

എല്‍ സാല്‍വദോര്‍ മെഗാ ജയിലിലെ തടവുകാരുടെ ദൃശ്യം | Photo: Reuters
എല്‍ സാല്‍വദോര്‍ മെഗാ ജയിലിലെ തടവുകാരുടെ ദൃശ്യം | Photo: Reuters

യിരക്കണക്കിന് തടവുകാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മെഗാ ജയില്‍, അകത്ത് ഇപ്പോഴുള്ളത് ആറായിരത്തോളം തടവുകാര്‍. എല്ലാ തടവുപുള്ളികളും കൊലപാതകമടക്കമുള്ള ക്രിമിനല്‍ കേസുകളിലകപ്പെട്ട കൊടും കുറ്റവാളികള്‍. കൈയില്‍ വിലങ്ങണിഞ്ഞ് തലയിലും ശരീരത്തിലും പച്ചകുത്തിയ നിലയിലുള്ള തടവുകാരുടെ കൈകാലുകള്‍ ചങ്ങലകളാല്‍ ബന്ധിച്ചിരിക്കുന്നു. ഒന്ന് നിവര്‍ന്നുനില്‍ക്കാന്‍ പോലും സാധിക്കാതെ, ശരീരങ്ങള്‍ അടുക്കി വെച്ചിരിക്കുന്നതുപോലെ തടവുകാര്‍. ഞെട്ടലുളവാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എല്‍ സാല്‍വദോറിലെ മെഗാ പ്രിസണ്‍ ലോകശ്രദ്ധ നേടുകയാണ്. ആയിരക്കണക്കിന് തടവുപുള്ളികള്‍ ഇനിയും ഇവിടേക്ക് എത്താനുണ്ടെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും നരകതുല്യമായ ഇടം എന്നാണ് ചിത്രത്തിന് പലരും നല്‍കിയ പ്രതികരണങ്ങള്‍. നരകതുല്യമെന്ന് വിശേഷിപ്പിക്കാന്‍ മാത്രം എന്താണ് എല്‍ സാല്‍വദോറിലെ ജയിലില്‍ സംഭവിക്കുന്നത്? വിവാദങ്ങളുയര്‍ന്നതിന് പിന്നാലെ മെഗാ ജയിലിനെ കുറിച്ച് സര്‍ക്കാരും പ്രസിഡന്റ് നയിബ് ബുകെലെയും ലോകത്തോട് വിശദീകരിക്കുന്നത് എന്താണ്? 

കൊലയും കൊള്ളയും പതിവായ എല്‍ സാല്‍വദോര്‍
65 ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള, വടക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഒരു കുഞ്ഞന്‍ രാജ്യമാണ് എല്‍ സാല്‍വദോര്‍. ഗ്യാങ് വാര്‍, ഗുണ്ടാ അഴിഞ്ഞാട്ടം തുടങ്ങിയവയ്ക്ക് എല്‍ സാല്‍വദോര്‍ പണ്ടേ കുപ്രസിദ്ധി ആര്‍ജിച്ചിരുന്നു. 1992-ല്‍ അവസാനിച്ച ആഭ്യന്തരയുദ്ധം അവശേഷിപ്പിച്ച സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അസ്ഥിരതയാണ് എല്‍ സാല്‍വദോറിനെ ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചത്. കൊലപാതകം, കൊള്ളയടിക്കല്‍, കള്ളക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക ചൂഷണങ്ങള്‍ തുടങ്ങിയവ രാജ്യത്ത് അനിയന്ത്രിതമായി അരങ്ങേറിക്കൊണ്ടിരുന്നു. ജനങ്ങളുടെ സമാധാനപരമായ ജീവിതത്തെ ഈ ഗ്യാങ്ങുകള്‍ തകിടം മറിച്ചു. ഭയപ്പാടോടെയല്ലാതെ പുറത്തിറങ്ങാന്‍ പോലും കഴിയാതെ ജനങ്ങള്‍ ഒരു ഭാഗത്ത് ഒതുങ്ങിജീവിക്കുമ്പോള്‍ മറ്റൊരിടത്ത് കൊള്ളയും കൊലയും നടത്തി ക്രിമിനല്‍ സംഘങ്ങള്‍ വളര്‍ന്ന് പന്തലിച്ചു. ഗുണ്ടാസംഘങ്ങളുടെ അക്രമങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ഭരണകൂടത്തിന് വലിയ വീഴ്ച സംഭവിച്ചുവെന്നതില്‍ ഇതിലും വലിയ ഉദാഹരണം മറ്റൊന്നുണ്ടായിരുന്നില്ല. കടുത്തവിമര്‍ശനം ഉയര്‍ന്നു.

Content Highlights: Thousands of tattooed inmates pictured in El Salvador mega-prison

Continue reading