ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന റയാന അല്‍ ബര്‍നാവി; ചൊവ്വയിൽ ആദ്യം കാലുകുത്തുക സ്ത്രീയോ?

SHE TALKS
#ബിജു രാഘവന്‍
റയാന അല്‍ ബര്‍നാവി | ഫോട്ടോ: എ.പി
റയാന അല്‍ ബര്‍നാവി | ഫോട്ടോ: എ.പി

'ഓരോ യാത്രയ്ക്കും മാര്‍ഗം തെളിക്കുന്നവരുണ്ട്, ഓരോ ദൗത്യത്തിനും ഓരോ നായകരുണ്ട്'- സൗദി സ്പേസ് കമ്മിഷന്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഈയൊരു സന്ദേശം പങ്കുവെക്കുമ്പോള്‍ ഫാല്‍ക്കണ്‍ ഒമ്പത് റോക്കറ്റില്‍ ബഹിരാകാശത്തേക്കുള്ള യാത്രയിലായിരുന്നു റയാന അല്‍ ബര്‍നാവി. സൗദി പൗരയും സ്തനാര്‍ബുദ ഗവേഷകയുമാണ് ഈ മുപ്പത്തിമൂന്നുകാരി. അമേരിക്കയില്‍ ഫ്ളോറിഡയിലുള്ള കെന്നഡി സ്പെയ്സ് സെന്ററില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയുളള അവരുടെ പുറപ്പാട് ചരിത്രത്തിലേക്കായിരുന്നു എന്ന് പറയുന്നതില്‍ ആലങ്കാരികതയുടെ ഭാരം ഒട്ടുമില്ല.

സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനടക്കം പരിമിതികള്‍ കല്‍പ്പിച്ച രാജ്യമെന്ന് പാശ്ചാത്യലോകം കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന സൗദിയുടെ മണ്ണില്‍ നിന്നൊരാള്‍ അറബ് ലോകത്തുനിന്ന് ബഹിരാകാശത്തേക്ക് കുതിക്കുന്ന ആദ്യത്തെ സ്ത്രീയായിരിക്കുന്നു. ചരിത്രം രചിച്ച ആ യാത്രയില്‍ മറ്റ് മൂന്ന് യാത്രികര്‍ കൂടെയുണ്ട് റയാനയ്ക്കൊപ്പം. യുദ്ധവിമാന പൈലറ്റും സൗദി പൗരനുമായ അലി അല്‍ ഖര്‍നി, നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സണ്‍, അമേരിക്കന്‍ സംരംഭകനും പൈലറ്റുമായ ജോണ്‍ ഷോഫ്നര്‍. എട്ട് ദിവസമാണ് ഇവര്‍ ബഹിരാകാശത്ത് തങ്ങുന്നത്. ഇരുപത് ഗവേഷണ പദ്ധതികളില്‍ പങ്കെടുക്കലാണ് സംഘത്തിന്റെ ലക്ഷ്യം.

'ഇത് ഞങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ്.' ഫാല്‍ക്കണ്‍ റോക്കറ്റിലേക്ക് കയറുംമുന്നേ റയാന ബര്‍നാവി ലോകത്തോട് പറഞ്ഞു. ആ വാക്കുകള്‍ കൂടുതല്‍ ശ്രവിച്ചത് സൗദിയിലെ സ്ത്രീ സമൂഹമാണ്. അവരുടെ പ്രതീക്ഷയുടെ മുഖമാണ് റയാന. 'ഇതൊരു സ്വപ്നം മാത്രമല്ലെന്ന് മനസ്സിലാവുന്നു. ഇത് ആര്‍ക്കും സാധ്യമാണെന്ന് ഉറപ്പിക്കാനാവുന്നു, എനിക്കിത് ചെയ്യാന്‍ കഴിയുമെങ്കില്‍, പലര്‍ക്കും ഇത് ചെയ്യാന്‍ കഴിയും. 'തന്നെ ഉറ്റുനോക്കുന്നവര്‍ക്ക് വീണ്ടും പ്രചോദനം പകരുന്നുണ്ട് റയാനയുടെ വാക്കുകള്‍. അല്‍പം മുന്നേവരെ ഒറ്റയ്ക്ക് പുറത്ത് ഇറങ്ങാനോ വണ്ടി ഓടിക്കാനോ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന ഒരു സ്ത്രീ സമൂഹത്തില്‍നിന്നാണ് റയാനയുടെ ഈ വരവ് എന്നതാണ് അവരുടെ സ്വപ്നങ്ങളെ വേറിട്ട് നിര്‍ത്തുന്നത്. ആ നേട്ടത്തിലേക്ക്, ഉളളില്‍ എന്നോ മുളച്ച സ്വപ്നത്തിലേക്ക് എത്രയോ മടങ്ങ് ബഹിരാകാശദൂരം അവര്‍ ഇതിനകം സഞ്ചരിച്ചിട്ടുണ്ടാവും.

Content Highlights: rayyana barnawi saudi female astronaut

Continue reading