തമ്പാട്ടികളും മൂപ്പന്മാരും; ദേവിയുടെ പ്രതീകമായി കാവുതീണ്ടുന്ന കോമരങ്ങള്‍

വേറെ എവിടെയും കാണാനും കേള്‍ക്കാനും കഴിയാത്ത ആചാരങ്ങളുടെ സംഗമഭൂമിയാണ് മലയാളിക്ക് കൊടുങ്ങല്ലൂര്‍. ചോരയുടെയും വിയര്‍പ്പിന്റെയും മഞ്ഞളിന്റെയും രൂക്ഷ ഗന്ധം കലര്‍ന്ന കൊടുങ്ങല്ലൂരെ കാവുതീണ്ടല്‍ നാള്‍.. സ്വയം മറന്ന് ദേവിക്ക് മുന്നില്‍ തുള്ളിയുറയാനുള്ള കോമരത്തിന്റെ കാത്തിരിപ്പിന് വിശ്വാസത്തിന്റെ ഏറ്റവും കടുപ്പമുള്ള മുഖമാണ്. എ.ഡി.19-ാം നൂറ്റാണ്ടിനടുത്ത് സ്ഥാപിതമായ ചേരഭരണകാലത്തില്‍ കേരളത്തില്‍ കാളീഉപാസനാ സങ്കല്‍പം പ്രബലമായിരുന്നു. അക്കാലത്ത് യുദ്ധങ്ങളിലുംമറ്റും പങ്കെടുത്തിരുന്ന നായന്മാര്‍ കാളീപൂജയിലും ശക്തിപൂജയിലുമാണ് വിശ്വസിച്ചിരുന്നത് എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. അതുകൊണ്ടായിരിക്കാം കൊടുങ്ങല്ലൂരില്‍ കാളിക്ക് പ്രാധാന്യം കൊടുത്തത്.
മഞ്ഞളിന്റെയും ചോരയുടെ രൂക്ഷഗന്ധം തളംകെട്ടിനില്‍ക്കുന്ന അന്തരീക്ഷം. അമ്മേ ശരണം വിളിക്കൊപ്പം ഉയര്‍ന്നുകേള്‍ക്കുന്ന തെറിപ്പാട്ട്.. തന്നാരം പാട്ടിന്റെ താളത്തില്‍ സ്വയം മറന്ന് ഉറഞ്ഞുതുള്ളുന്ന കോമരങ്ങള്‍. പള്ളിവാളുകൊണ്ട് തലവെട്ടിപ്പൊളിച്ച് അമ്മയ്ക്കുമുന്നില്‍ അവനവനെത്തന്നെ സമര്‍പ്പിക്കുന്ന ഭക്തര്‍... കൊടുങ്ങല്ലൂരെ കോമരങ്ങള്‍ അദ്ഭുതം തന്നെയാണ്.. പാലക്കാട്, കണ്ണൂര്‍, കൊല്ലം ഭാഗങ്ങളില്‍ നിന്നാണ് പ്രധാനമായും കോമരങ്ങള്‍ കൊടുങ്ങല്ലൂരേക്ക് എത്താറ്. ഓരോ കോമരത്തിന്റെ വീട്ടിലും ഭഗവതിയെ കുടിയിരുത്തിയിട്ടുള്ള ചെറിയ കോവിലുകള്‍ ഉണ്ടാവും. ഒരേ പ്രദേശത്തുള്ള ആളുകള്‍ അവിടെ ഒത്തുകൂടി പൂജകളും ഉത്സവവും നടത്തിയാവും കൊടുങ്ങല്ലൂരിലേക്ക് കാവുതീണ്ടലിനായി പുറപ്പെടുക. ഭഗവതിയുടെ കോമരമാകണമെങ്കില്‍ ആ നടയില്‍ പോയി ഉറഞ്ഞുതുള്ളണം.. അമ്മയുടെ പള്ളിവാളുകൊണ്ട് മൂന്ന് തവണ തലയില്‍ വെട്ടണം.. അമ്മയുടെ മുന്നില്‍ ചോരചീന്തി സ്വയം സമര്‍പ്പിക്കണം...
Content Highlights: kodungalloor bharani and kavu theendal