അടുക്കാൻ പറ്റില്ല; ചുട്ടുപൊള്ളും, ആസിഡ് മഴ, കൊടുങ്കാറ്റ്: ശുക്രനിൽ ഇന്ത്യ തേടുന്ന രഹസ്യങ്ങൾ

കൊടുങ്കാറ്റും ഇടിമിന്നലും നിറഞ്ഞ് സദാ പ്രക്ഷുബ്ധമായ അന്തരീക്ഷം. ചുട്ടുപൊള്ളുന്ന ചൂട്. ശരാശരി താപനില 460 ഡിഗ്രി സെൽഷ്യസിന് മുകളിൽ. മഴയായി പെയ്യുന്നത് സൾഫ്യൂരിക് ആസിഡ്. തുടർച്ചയായ അഗ്‌നിപർവത സ്ഫോടനം. പറഞ്ഞുവരുന്നത് ഭുമിയോട് ഏറെ സാമ്യമുള്ള നമ്മുടെ തൊട്ട് അയൽവാസിയായ ശുക്രനെക്കുറിച്ചാണ്. അയൽവാസിയാണെങ്കിലും ആ ബന്ധവുംവെച്ച് ഭൂമിയിൽനിന്ന് അത്ര എളുപ്പത്തിലൊന്നും ശുക്രനിലേക്ക് അടുക്കാനാകില്ല. മുകളിൽ പറഞ്ഞ പ്രതികൂല കാലാവസ്ഥ തന്നെ കാരണം. അതിനാൽ ശുക്രനിലെ രഹസ്യങ്ങൾ കണ്ടെത്തൽ ശാസ്ത്ര ലോകത്തിനും ബഹിരാകാശ ഏജൻസികൾക്കും ശ്രമകരമായ ദൗത്യമാണ്.
ഈ ദൗത്യം ഏറ്റെടുത്ത് ഇന്ത്യൻ ബഹിരാകാശ ഏജൻസിയും ശുക്രനിലെ രഹസ്യങ്ങൾ തേടി ഇറങ്ങുകയാണ്. ശുക്രയാൻ 1 എന്ന് പേരിട്ട ഐഎസ്ആർഒയുടെ (ഇസ്‌റോ) സ്വപ്നപദ്ധതി 2024 ഡിസംബറിൽ വിക്ഷേപിക്കാനായിരുന്നു ആലോചന. എന്നാൽ ചില തടസങ്ങൾ കാരണം ശുക്രനിലെത്താൻ ഇസ്റോ എട്ടുവർഷംകൂടി കാത്തിരിക്കണം.കേന്ദ്രസർക്കാരിൽ നിന്ന് അന്തിമ അംഗീകാരം ലഭിക്കാത്തതാണ് ശുക്രയാൻ നീളാൻ കാരണം. ഈ സാഹചര്യത്തിൽ ഇനി 2031ൽ ശുക്രയാൻ വിക്ഷേപിക്കുന്നതാണ് നല്ലതെന്നാണ് സതീഷ് ധവാൻ പ്രൊഫസറും ഐഎസ്ആർഒയുടെ ബഹിരാകാശ പദ്ധതികളുടെ ഉപദേശകനുമായ പി. ശ്രീകുമാർ അടുത്തിടെ പറഞ്ഞത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്സിൽ നടന്ന ഇന്തോ-ഫ്രഞ്ച് ജ്യോതിശാസ്ത്ര യോഗത്തിൽ സംസാരിക്കവെയാണ് ശുക്രയാൻ വൈകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.
Content Highlights: ISRO Shukrayaan mission to planet Venus