സൂര്യരഹസ്യം കണ്ടെത്തുമോ ആദിത്യ എൽ1?; ISRO സൂര്യനിൽ തേടുന്ന രഹസ്യങ്ങൾ

സൂര്യനെ തേടിയുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശാധിഷ്ഠിത ദൗത്യമായ 'ആദിത്യ എൽ1' ഐ.എസ്.ആർ.ഒ (ഇസ്‌റോ) വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണ്. ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങി പത്ത് ദിവസങ്ങൾക്കകമാണ് രാജ്യത്തിന്റെ അഭിമാനം വീണ്ടും വാനോളമുയർത്തി ഇസ്‌റോയുടെ ചരിത്രനേട്ടം. ബഹിരാകാശ ദൗത്യങ്ങളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് സൂര്യനിലേക്കുള്ള പര്യവേക്ഷണമെന്നതിനാൽ ഇന്ത്യയുടെ ആദിത്യ എൽ1-ന്റെ ഭാവിയെന്തെന്ന് ഉറ്റുനോക്കുകയാണ് ശാസ്ത്രലോകം. ചന്ദ്രനിലും ചൊവ്വയിലും ഇതിനകം വിജയക്കൊടി പാറിച്ച ഇസ്റോ സൂര്യനിലും ഇന്ത്യയുടെ പേരെഴുതിച്ചേർക്കാൻ തയ്യാറെടുക്കുകയാണ്. സൂര്യനെ ലക്ഷ്യമിട്ട് വിക്ഷേപിച്ച ആദിത്യ എൽ1 ലക്ഷ്യത്തിലെത്താൻ ഏകദേശം നാല് മാസത്തോളം (125 ദിവസം) സമയമെടുക്കും. ഇതിനായുള്ള കാത്തിരിപ്പാണ് ഇനി.
ശനിയാഴ്ച ഉച്ചയ്ക്ക് 11.50-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽനിന്ന് കരുത്തുറ്റ പിഎസ്എൽവി സി 57 റോക്കറ്റിലേറി കുതിച്ച ആദിത്യ എൽ1, 64 മിനിറ്റിനുശേഷം 648 കിലോ മീറ്റർ ഉയരത്തിലുള്ള ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെത്തി. ഇതോടെ ഇസ്‌റോ ശാസ്ത്രജ്ഞർ പദ്ധതിയിട്ടതിൽനിന്ന് അണുവിട മാറാതെ സൗരദൗത്യത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇസ്‌റോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വിക്ഷേപണ പ്രക്രിയയാണ് ഇനി നടക്കാനിരിക്കുന്നത്.
Content Highlights: indias first solar mission aditya l1