കയറാൻ ആളുണ്ട്, ടിക്കറ്റ് നിരക്കും കുറവാണ്; ഗോ ഫസ്റ്റ് നിലത്തിറക്കേണ്ടി വന്നത് പിന്നെന്തു കൊണ്ട്‌?

ഗോ ഫസ്റ്റ് വിമാനം. ഫോട്ടോ | https://www.facebook.com/GOFIRST
ഗോ ഫസ്റ്റ് വിമാനം. ഫോട്ടോ | https://www.facebook.com/GOFIRST

രാജ്യം വികസിക്കുന്നതിന്റെ സൂചകങ്ങളിലൊന്നായി വിമാനയാത്രകളെ കാണുന്നവരാണ് നമ്മള്‍. ടാറ്റയും എയര്‍ ഇന്ത്യയും രചിച്ചു തുടങ്ങിയ ഇന്ത്യന്‍ ആകാശ യാത്രാചരിത്രത്തില്‍, ഇടംപിടിച്ചവരേക്കാള്‍ ചിറകു തളര്‍ന്ന് വീണവരാണ് കൂടുതലും. 1994-ന് ശേഷം മാത്രം ഏതാണ്ട് 27 വിമാന കമ്പനികളാണ് അടച്ചുപൂട്ടുകയോ മറ്റു കമ്പനികളുമായി ലയിക്കുകയോ ചെയ്തത്. ഗോ ഫസ്റ്റിനെ ഈ പട്ടികയില്‍ പൂര്‍ണമായി ചേര്‍ത്തുവെക്കാനാകില്ല. ദീര്‍ഘവീക്ഷണമില്ലായ്മയും സാമ്പത്തിക പ്രശ്‌നങ്ങളും പ്രതിസന്ധിയുടെ ആഴം കൂട്ടിയെങ്കിലും ഇന്ത്യയില്‍ സാങ്കേതിക പ്രശ്‌നത്തിന്റെ പേരില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്ന ആദ്യത്തെ വിമാനക്കമ്പനി എന്നതരത്തില്‍ വേണം ഗോ ഫസ്റ്റ് പ്രതിസന്ധിയെ കാണാൻ. അതുകൊണ്ടുതന്നെ തങ്ങളുടേതല്ലാത്ത കാരണത്താല്‍ പാതി വിമാനങ്ങളും നിലത്തിറക്കേണ്ടിവന്ന അവര്‍ അനുകമ്പ അര്‍ഹിക്കുന്നുണ്ട്.

2023 ഏപ്രില്‍ 30-ന് ഒരു പ്രത്യേകതയുണ്ട്. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആകാശയാത്ര നടത്തിയത് ഈ ദിവസമാണ്. 4.56 ലക്ഷം പേര്‍. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ പ്രഖ്യാപനം നടത്തി രണ്ടു ദിവസം കഴിഞ്ഞാണ് ഇന്ത്യയിലെ അഞ്ചാമത്തെ എയര്‍ലൈന്‍ കമ്പനിയായ ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് ദേശീയ കമ്പനി നിയമ ട്രിബ്യൂണലില്‍ ( National Company Law Tribunal - NCLT) പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അതിനൊപ്പം സര്‍വീസുകളെല്ലാം റദ്ദാക്കിയിരുന്നു. ഈ വര്‍ഷം ആദ്യത്തെ മൂന്നു മാസം മാത്രം 3.75 കോടി പേരാണ് ആകാശമാര്‍ഗത്തിലൂടെ ഇന്ത്യക്കകത്തുമാത്രം സഞ്ചരിച്ചത്. ഇതേസമയം, കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ 51.7% വളര്‍ച്ച നേടിയെന്ന കണക്കുകള്‍ വ്യോമയാന രംഗത്തിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് മെയ് അവസാനം വരെ ഗോ ഫസ്റ്റ് യാത്ര തല്‍ക്കാലം നിര്‍ത്തിവെച്ചുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍, മൂന്നോട്ടു കുതിക്കുന്ന ഇന്ത്യന്‍ ആകാശയാത്രക്കാര്‍ അനുഭവിക്കേണ്ട 6225 ഫ്‌ളൈറ്റുകളാണ്, അല്ലെങ്കില്‍ 11 ലക്ഷം സീറ്റുകളാണ് ഒറ്റയടിക്ക് ഇല്ലാതാവുന്നത്.

Content Highlights: Go First Airline Crises

Continue reading