ഷിവാവ മുതൽ ബർണാഡ് വരെ 400 ജനുസ്സുകൾ, ഓമനിച്ച് വളർത്താം ജോലിയും ചെയ്യിക്കാം; തിരഞ്ഞെടുക്കാം നായകളെ

#ഡോ. സാബിന്‍ ജോര്‍ജ്ജ്
പ്രതീകാത്മകചിത്രം  |  Photo : Pixabay
പ്രതീകാത്മകചിത്രം | Photo : Pixabay

മനുഷ്യന്‍ ആദ്യമായി  മെരുക്കി വളര്‍ത്തിയ  മൃഗമായ നായ,  കറപുരളാത്ത  യജമാനസ്നേഹത്തിന്റേയും അചഞ്ചലമായ വിശ്വസ്തതയുടേയും കാലാതിവര്‍ത്തിയായ പ്രതീകങ്ങളായാണ് കണക്കാക്കപ്പെടുന്നത്. കുറുക്കനും കുറുനരിയും ചെന്നായയുമുള്‍പ്പെടുന്ന കുടുംബത്തിലാണ്  നായയുടെ സ്ഥാനം. ചെന്നായ്ക്കളാണ്  ഇവരുടെ പൂര്‍വ്വികരെന്നാണ്  പ്രബലമായ വാദം. കാട്ടില്‍ നിന്നും നാട്ടിലേക്കും നഗരത്തിലേക്കും മനുഷ്യര്‍ വളര്‍ന്നപ്പോള്‍ ചിരകാലബന്ധത്തിന്റെ  കാണാച്ചരടാല്‍ ബന്ധിക്കപ്പെട്ട് നായ്ക്കളും ഒപ്പം സഹയാത്രികരായുണ്ടായിരുന്നു. പുതിയ ഭൂപ്രകൃതികളിലേക്കും ജീവിത സാഹചര്യങ്ങളിലേക്കും ചേക്കേറി മനുഷ്യവംശം വളര്‍ന്നതിനൊപ്പം നായ്ക്കള്‍ക്കും രൂപഭാവങ്ങളിലും സ്വഭാവ വിശേഷങ്ങളിലും ജനിതകഘടനയിലും പരിണാമമുണ്ടായി ഓരോ ദേശത്തിന്റേയും കാലാവസ്ഥയും  ഭൂമിശാസ്ത്രവുമനുസരിച്ച് പ്രകൃതി വരുത്തിയ മാറ്റങ്ങള്‍ക്കൊപ്പം പ്രത്യേക ആവശ്യങ്ങള്‍ക്കായി തെരഞ്ഞെടുത്ത് പ്രജനനം നടത്തിയത് മനുഷ്യന്റെ  ഇടപെടലും സമാന സ്വഭാവങ്ങളുള്ള  ജനുസുകള്‍ (Breeds) ഉരുത്തിരിയാന്‍ കാരണമായി. ആവശ്യം സൃഷ്ടിയുടെ മാതാവായപ്പോള്‍ ചിലയിനങ്ങള്‍ കന്നുകാലികളുടെ സംരക്ഷകരായി. മറ്റു ചിലര്‍ വേട്ടക്കാരായി. ഒടുവില്‍ അരുമകളും വിനോദോപാധിയും പ്രദര്‍ശന വസ്തുക്കളുമായി കേവലം ഒരു കിലോഗ്രാം ശരീരഭാരവും പതിനഞ്ചു സെന്റീമീറ്റര്‍ ഉയരവുമുള്ള ഷിവാവ മുതല്‍ നൂറു കിലോഗ്രാമിനടുത്ത് ശരീരഭാരം വരുന്ന സെന്റ്ബര്‍ണാഡും ഒരു മീറ്ററോളം ഉയരത്തിലെത്തുന്ന ഐറിഷ് റൂള്‍ഫ് ഹൗണ്ട് വരെയുള്ള ജനുസ്സുകള്‍ പിറവികൊണ്ടു. പൂര്‍ണ്ണമായി ഒരു വളര്‍ത്തു മൃഗമായി  പരിണമിച്ച് മനുഷ്യവാസത്തിന്റെ  അന്ത:പുരങ്ങളില്‍ വാഴുമ്പോഴും പഴയ വനസ്ഥലിയുടെ ആവാസ ചിഹ്നങ്ങള്‍ ദൂര്‍ബലമായെങ്കിലും അവയുടെ ജനിതക രേഖയില്‍ അവശേഷിക്കുന്നുണ്ട്. പ്രത്യേക സ്ഥലങ്ങളില്‍ മൂത്രമൊഴിച്ച് അതിര്‍ത്തി രേഖകള്‍ തീര്‍ക്കുമ്പോഴും ഓരിയിട്ട് ആശയ സംവാദം നടത്തുമ്പോഴും എല്ലും ഭക്ഷണവും കുഴിച്ചിടുമ്പോഴും കിടക്കുന്നതിന് മുമ്പ് ഇലകള്‍കൊണ്ട് കിടക്കയുണ്ടാക്കുന്ന വിധം വട്ടം കറങ്ങുമ്പോഴുമൊക്കെ നമുക്ക് ദര്‍ശിക്കാവുന്നത് തനതു സ്വഭാവത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ തന്നെ.

മനുഷ്യന്റെ ശ്രദ്ധാപൂര്‍വ്വമായ തിരഞ്ഞെടുപ്പും പ്രജനനവും കാരണം സമാന രൂപഭാവങ്ങള്‍ പ്രാപിച്ച, അത് തലമുറകളിലേക്ക് ശുദ്ധ രൂപത്തില്‍ കൈമാറുന്നവയാണ് ഇത്തരം ജനുസ്സുകള്‍. പൊതു സ്വഭാവങ്ങളുടെയും ശാരീരിക പ്രത്യേകതകളുടെയും അടിസ്ഥാനത്തില്‍  ഇവയെ വിവിധ വിഭാഗങ്ങളായും തിരിക്കാം. ശ്വാന പ്രദര്‍ശനങ്ങള്‍ക്കും മറ്റും ഇത്തരത്തിലുള്ള വര്‍ഗ്ഗീകരണം സഹായിക്കുന്നു. ലോകത്തിലാകമാനം രണ്ടായിരത്തിലധികം ജനുസ്സുകള്‍ ഉണ്ടായിരുന്നത്രേ, ഇന്നത് നാനൂറിനടുത്ത് വരും. ഇവയില്‍ നൂറോളം ജനുസ്സുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. നായ ജനുസ്സുകളെയും അവയുടെ ഗ്രൂപ്പുകളെയും കുറിച്ചുള്ള അറിവ് നമുക്ക് ഇണങ്ങിയ ബ്രീഡിനെ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നു. ഇതിനായി നായജനുസ്സുകളിലെ പ്രധാന ഗ്രൂപ്പുകളെ ആദ്യം  പരിചയപ്പെടാം.

Content Highlights: How to Choose a Dog: Tips and Guidelines

Continue reading