വിക്കി മീഡിയന്‍ ഓഫ് ദ ഇയര്‍ നേടിയ ആദ്യ മലയാളി; വിക്കിപീഡിയയില്‍ എഴുത്ത് ഹരമാണ് നേതയ്ക്ക്

#ബിജു രാഘവന്‍ | bijuraghavan@mpp.co.in
Photo: commons.wikimedia.org/wiki/Category:Netha_Hussain
Photo: commons.wikimedia.org/wiki/Category:Netha_Hussain

ചമ്മന്തി... ഗൂഗിളില്‍ വെറുതെ ഇങ്ങനെയൊന്ന് പരതി നോക്കിയാല്‍ തന്നെ ചമ്മന്തികള്‍ തരാതരംപോലെ സ്‌ക്രീനിലേക്ക് കയറിവരും. ചമ്മന്തിയാണെ സത്യം, അതിലാദ്യത്തെ ചമ്മന്തിപ്പേജുകളിലൊന്ന് തുറക്കുന്നത് വിക്കിപീഡിയ ആവുമെന്നത് ഉറപ്പാണ്. ലോകത്തെ സര്‍വവിജ്ഞാനങ്ങളും ചമ്മന്തി രൂപത്തില്‍ അരച്ചുവെച്ച് ആവശ്യക്കാര്‍ക്കായി വിളമ്പിത്തരുന്ന വിക്കിപീഡിയ പേജുകള്‍ക്ക് പിന്നിലെ മലയാളികളില്‍ ഒരാള്‍, കോഴിക്കോട് കൂടരഞ്ഞിയില്‍ ജനിച്ച്, അങ്ങ് സ്വീഡനില്‍ ഡോക്ടറായി ജോലി ചെയ്യുന്ന നേത ഹുസൈന്‍. ലോകത്തെ അറിയപ്പെടുന്ന വീക്കിപീഡിയനുകളിലൊരാളാണ് ഈ മലയാളിഡോക്ടര്‍. നേതയ്ക്ക് രോഗികളോളം പ്രിയംതന്നെയാണ് വിജ്ഞാനങ്ങള്‍ തേടിയുള്ള യാത്രയും. പുതിയ പുതിയ വിഷയങ്ങള്‍ കണ്ടെത്തുകയും അത് ലോകത്തിന്റെ വിരല്‍ത്തുമ്പിലേക്ക് പാകത്തിന് വിവരങ്ങള്‍ ചേര്‍ത്ത് രുചിയുള്ള ചമ്മന്തിപോലെ അരച്ചെടുത്ത് വിളമ്പുകയും ചെയ്യുന്നതില്‍ ആവേശം കണ്ടെത്തുകയാണ് ഈ മലയാളി ഡോക്ടര്‍. ഇന്റര്‍നെറ്റിലുള്ള സ്വതന്ത്ര സര്‍വവിജ്ഞാനകോശമായ വിക്കിപീഡിയയുടെ പിന്നിലുള്ള പ്രധാനപ്പെട്ട എഴുത്തുകാരിലൊരാളെന്ന് ലോകം വിളിക്കുന്ന പേരുകാരിലൊരാളാണ് നേത. ഇംഗ്ലീഷിലും മലയാളത്തിലും അവര്‍ ഇതുവരെ എഴുതിയത് നൂറുകണക്കിന് ലേഖനങ്ങളാണ്. ഇപ്പോള്‍ സ്വീഡിഷ് വിക്കിപീഡിയയിലുമുണ്ട് നിത ഹുസൈന് പിടിപാട്.

'സ്വീഡനില്‍ ഡോക്ടറായി ജോലി ചെയ്യാന്‍ സ്വീഡിഷ് ഭാഷ പഠിക്കണം. അങ്ങനെ പഠിച്ചപ്പോഴാണ് സ്വീഡിഷ് വിക്കിപീഡിയയിലും എഴുതാന്‍ തുടങ്ങുന്നത്. വിക്കിപീഡിയ എഴുത്തൊരു ലഹരിയാണ്. ഒരുപാട് കാലമായി അനുഭവിക്കുന്ന ആനന്ദം...' സ്വീഡനിലെ ഗോഥന്‍ബര്‍ഗിലിരുന്ന് ക്രിസ്മസ് ദിനത്തിലെ പ്രഭാതത്തില്‍ നേത സന്തോഷത്തോടെ സംസാരിച്ചു. എഴുന്നുറോളം മലയാളികള്‍ ജോലിചെയ്ത് താമസിക്കുന്ന നഗരമാണ് ഗോഥന്‍ബര്‍ഗ്. വോള്‍വോ കമ്പനിയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്ന പട്ടണം. എന്‍ജിനീയറിങ് ജോലിക്കായി കേരളത്തില്‍നിന്നെത്തിയ പലരും ഈ പട്ടണത്തിലുള്ളതുകൊണ്ടുതന്നെ പുറത്തിറങ്ങിയാല്‍ കേരളത്തിന്റെ ചെറിയൊരു പതിപ്പ് അനുഭവിക്കാമെന്നതാണ് നേതയുടെ ഇപ്പോഴത്തെ സന്തോഷം. അവരുടെ സംസാരം മലയാളിയില്‍നിന്ന് വീണ്ടും വിക്കിപീഡിയയിലേക്ക് കയറിപ്പോയി.

Content Highlights: Netha Hussain, a doctor and Wikipedian share her thoughts

Continue reading