ആള്‍ക്കൂട്ടഹിംസ പുലിപ്പുറത്തുള്ള സവാരിയാണ്, പുലിയെ പുറപ്പെടുവിക്കുന്നവർക്ക് പഠിക്കാന്‍ ഒരുപാടുണ്ട്

പ്രകാശം ഒഴിഞ്ഞുപോകുന്ന കണ്ണുകളെ കണ്ടിട്ടുണ്ടോ?
കേരളം പലവട്ടം അത് കണ്ടിട്ടുണ്ട്.
അധികാരം മനുഷ്യനെ നിസ്സഹായനാക്കുന്ന ഘട്ടങ്ങളിലെല്ലാം.
ഈറനെങ്കിലും നിരാര്‍ദ്രമായിപ്പോകുന്ന മിഴികള്‍.
1
1976 മാര്‍ച്ച് ഒന്ന്. പുലര്‍ച്ചെ. കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിങ് കോളേജിലെ ഹോസ്റ്റലില്‍നിന്ന് പി. രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. കായണ്ണ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ പ്രതിയായ രാജനെ തേടിച്ചെന്നതായിരുന്നു പോലീസ്. രാജനേയും ജോസഫ് ചാലിയേയും പിടിച്ചുകൊണ്ടുപോയി.
ഇന്ന് പഴയ റീജിയണല്‍ എഞ്ചിനീയറിങ് കോളേജ് കോഴിക്കോട് എന്‍.ഐ.ടിയാണ്. അന്ന് അവിടെ ഒരു പ്രിന്‍സിപ്പല്‍ ഉണ്ടായിരുന്നു. കെ.എം. ബഹാവുദ്ദീന്‍. തന്റെ കലാലയത്തില്‍നിന്ന് പോലീസ് വന്ന് വിദ്യാര്‍ത്ഥികളെ കൊണ്ടുപോയപ്പോള്‍ ആ അടിയന്തരാവസ്ഥക്കാലത്തും അദ്ദേഹം പോലീസിനെ തേടിച്ചെന്നു. കക്കയം ക്യാമ്പിലേക്ക്. പുലിക്കോടന്‍ നാരായണനും ജയറാം പടിക്കലുമൊക്കെ അടങ്ങുന്ന കേരള പോലീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കിരാതന്മാരുടെ സംഘത്തിലേക്ക്.
രാജന്റെ അച്ഛന്‍ ഈച്ചരവാര്യരും ഒരു അധ്യാപകനായിരുന്നു, അക്കാലം മീഞ്ചന്ത ഗവണ്‍മെന്റ് കോളേജില്‍. രാജനൊപ്പം കസ്റ്റഡിയിലെടുത്ത ജോസഫ് ചാലി പോപ്പുലര്‍ ഓട്ടോമൊബൈല്‍സിന്റെ ഉടമയുടെ മകന്‍. ജോസഫ് ചാലിയെ പോലീസ് വൈകാതെ വിട്ടു. രാജനെ തേടിച്ചെന്ന ബഹാവുദ്ദീനോട് പറഞ്ഞു, രാജന്‍ ഓടിപ്പോയി.
1993-ലാണ് വൈറ്റിലയിലെ വീട്ടില്‍ ചെന്ന് ബഹാവുദ്ദീന്‍ സാറിനെ കണ്ടത്. രണ്ടു വട്ടം വിളിച്ചിട്ടാണ് ചെന്നത്. സായാഹ്നം ഇരുളിനെ പുണരുന്ന നേരം. ഗ്രില്ലുകള്‍ക്കിടയിലൂടെ അദ്ദേഹം പലവട്ടം നോക്കി. വീണ്ടും വീണ്ടും ചോദ്യങ്ങള്‍. രണ്ടുവട്ടം വിളിച്ചത് ഓര്‍മ്മിപ്പിച്ചു. എന്നിട്ടേ വാതില്‍ തുറന്നുള്ളൂ, സംശയപൂര്‍വം.
വേട്ടകളുടെ ഓര്‍മ്മകള്‍ ആ കണ്ണുകളില്‍ കാണാമായിരുന്നു. കെ. കരുണാകരനായിരുന്നു അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി. ലീഡറുടെ പ്രതാപകാലം. കിങ്‌മേക്കറായി നരസിംഹറാവുവിനെ വാഴിച്ച കരുണാകരന്റെ ഭാഗ്യനക്ഷത്രങ്ങള്‍ ഉച്ചസ്ഥായിയില്‍. വളരെ കുറച്ചേ പറഞ്ഞുള്ളൂ ബഹാവുദ്ദീന്‍ എന്ന പഴയ പ്രിന്‍സിപ്പല്‍. അതില്‍ ഏറ്റവും പ്രധാനം ഇതായിരുന്നു. 'ആദ്യം തന്നെ ഞാന്‍ ഈച്ചരവാര്യര്‍ സാറിനെ അറിയിച്ചു. രാജന്‍ കുറ്റവാളിയല്ല. പോലീസ് തന്നെ തിരിച്ചെത്തിക്കുമെന്നായിരുന്നു അദ്ദേഹം അപ്പോള്‍ വിശ്വസിച്ചത്'.
ആദ്യം പറഞ്ഞ നിരാര്‍ദ്രമായ കണ്ണുകള്‍ ഞാന്‍ ആദ്യം കണ്ടത് ഈച്ചരവാര്യര്‍ സാറിലാണ്. തൃശ്ശൂരിലെ പടിഞ്ഞാറേച്ചിറക്കടുത്തുള്ള വീട്ടില്‍. കണ്ണൂരില്‍ നിന്ന് കണ്ണോത്ത് കരുണാകരന്‍ പണ്ട് പൂങ്കുന്നം മില്ലിലേക്ക് വന്നു. അന്ന് പലപ്പോഴും ഇവിടെ നിന്നാണ് കഞ്ഞി കുടിച്ചത്. ഈച്ചരവാര്യരുടെ വീട്ടില്‍നിന്ന്. കൈത്തണ്ടയായിരുന്നു അക്കാലം പില്‍ക്കാല ലീഡര്‍ക്ക് തലയിണ. ബഹാവുദ്ദീന്‍ സര്‍ പറഞ്ഞതിനെപ്പറ്റി ചോദിച്ചപ്പോള്‍ ആ പിതാവ് പറഞ്ഞു. 'കരുണാകരന്‍ എന്നെ ചതിക്കുമെന്ന് കരുതിയതേ ഇല്ല'.
ഈച്ചരവാര്യര്‍ കരുണാകരനെ വിശ്വസിച്ചു. കുട്ടിക്ക് ഒന്നും പറ്റില്ലെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രിയെ. രാജന്‍ ഓടിപ്പോയെന്ന് ജയറാം പടിക്കല്‍ പറഞ്ഞത് ജീവിതത്തില്‍ നിന്ന് മരണത്തിലേക്കുള്ള ഓട്ടമായിരുന്നു. പിന്നീട് പലവട്ടം കണ്ടപ്പോഴും ഈച്ചരവാര്യരുടെ കണ്ണുകളില്‍ അതേ നിര്‍വികാരത നിറഞ്ഞിരുന്നു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന നിര്‍മ്മമത. ലളിതാസഹസ്രനാമത്തിലൊക്കെ പറയുന്ന നിര്‍മമാ, മമതാഹന്ത്രി എന്ന പ്രാര്‍ത്ഥന പോലെ.
അവസാനമായി ഈച്ചരവാര്യരെ കണ്ടത് 2005-ലാണ്. ലീഡറുടെ നക്ഷത്രങ്ങളെ നീചഗ്രഹങ്ങള്‍ തീണ്ടിത്തുടങ്ങിയ കാലം. ഉപാസനാമൂര്‍ത്തിയായ ഗുരുവായൂരപ്പന്‍ പോലും കണ്ണടച്ചു തുടങ്ങിയ നേരം. തൃശ്ശൂരിലെ തേക്കിന്‍കാട്ടില്‍ അന്നും പക്ഷേ, കെ. കരുണാകന്‍ നിറഞ്ഞാടി. പൂരത്തിന്റെ തെക്കോട്ടിറക്കം പോലെ. തെക്കേ ഗോപുരനടയില്‍ ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് കരുണാകരന്‍ എന്ന സംഘടനയുടെ പിറവി. സീതാറാം മില്ലു തൊട്ട് പിടിച്ചുതുടങ്ങിയ കോണ്‍ഗ്രസ്സിന്റെ കൊടി ലീഡര്‍ താഴെയിട്ടു. സ്വന്തം കോണ്‍ഗ്രസ്സുണ്ടാക്കി. ഇടതുപക്ഷവുമായി പിന്‍വാതില്‍ ചര്‍ച്ചകള്‍.
അന്ന് ഒരിക്കല്‍കൂടി പടിഞ്ഞാറേച്ചിറയുടെ കിഴക്കേക്കരയിലെ ആ വീട്ടിലെത്തി. ഈച്ചരവാര്യരും ടി.വി. കാണുകയായിരുന്നു. ടെലിവിഷനില്‍ കരുണാകരനും മുരളീധരനും നിറഞ്ഞുനിന്നു. ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും സോണിയക്കും ഒക്കെ എതിരായ വചനങ്ങള്‍. ഈച്ചരവാര്യര്‍ പറഞ്ഞു. 'കരുണാകരന്‍ മകനു പുതിയ പാര്‍ട്ടിയെ തന്നെ നല്‍കിയിരിക്കുന്നു. അധികാരം അഴിമതിയെ വളര്‍ത്തുന്ന കാലം. എന്തെല്ലാം കാണണം, പോവുന്നതിന് മുമ്പ്'.
അന്ന് ആദ്യമായി ഈറനായ ആ നിരാര്‍ദ്രനേത്രങ്ങളെ ഈച്ചരവാര്യര്‍ തുടയ്ക്കുന്നതു കണ്ടു.
ജീവിച്ചിരുന്നെങ്കില്‍ പി. രാജന് കെ. മുരളീധരനേക്കാള്‍ രണ്ടു വയസ്സ് മൂപ്പുണ്ടാകുമായിരുന്നു.
2
നിരാര്‍ദ്രമിഴികളെ പിന്നീട് വീണ്ടും കണ്ടത് കോഴിക്കോട് വളയത്താണ്. കൃത്യമായി പറഞ്ഞാല്‍ വളയം കല്ലുനിരയില്‍. അന്ന് പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജിലെ ആദ്യ വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് കൊല്ലപ്പെട്ടു. കോളേജിലെ ഇടിമുറിക്കകത്തിട്ട് വാടക ഗുണ്ടകള്‍ അടിച്ചിട്ട മറ്റൊരു രാജന്‍. ആദ്യം കാണുമ്പോള്‍ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ കണ്ണുകള്‍ കരഞ്ഞുകലങ്ങിയത്. കഥയിലെ കണ്ണകിയുടേതെന്നപോലെ ആ കണ്ണുകളില്‍ പിന്നെ രോഷമുറഞ്ഞു.
മകന് നിഷേധിക്കപ്പെട്ട നീതി മഹിജയുടെ സങ്കടമായി. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തേക്ക് അവരെത്തി. അവര്‍ വിശ്വസിക്കുന്ന ഒരാളായിരുന്നു അന്നും അധികാരത്തില്‍. ഈച്ചരവാര്യര്‍ കരുണാകരനെ വിശ്വസിച്ചതിനേക്കാള്‍ മഹിജ പിണറായി വിജയനെ വിശ്വസിച്ചു. എന്നിട്ടും പോലീസ് ആസ്ഥാനത്തുനിന്ന് ആ അമ്മ അപമാനിതയായി പിടിച്ചുമാറ്റപ്പെട്ടു.
അധികാരം മനുഷ്യരെ നിരാലംബരാക്കുന്ന കാലഗതിയില്‍ മഹിജയും നിശ്ശബ്ദയായി. താന്‍ വിശ്വസിച്ച പിതൃബിംബമായ കേരളമുഖ്യമന്ത്രിക്ക് അക്കാലം മഹിജ കത്തെഴുതി. 'ഞാനും ഒരു എസ്.എഫ്.ഐക്കാരി ആയിരുന്നു. എന്റെ മകന്റെ കാര്യത്തില്‍ എനിക്ക് നീതി കിട്ടിയതേയില്ല'.
പ്രസ്ഥാനം കൈവിട്ട സങ്കടകാലഘട്ടത്തില്‍ മഹിജയുടെ കണ്ണുകളും വറ്റിപ്പോയിരുന്നു.
3
വീണ്ടും ഒരച്ഛന്‍. ജയപ്രകാശ്. സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍. നെടുമങ്ങാട്ടുകാരന്‍. ഈയുള്ളവള്‍ നേരില്‍ കണ്ടിട്ടില്ല. പക്ഷേ കാണുന്നുണ്ട് ചാനല്‍ സ്‌ക്രീനുകളില്‍. ഈ മകനുവേണ്ടി മണലാരണ്യത്തില്‍ പണിയെടുത്ത് ഓജസ്സത്രയും ബലികഴിച്ചവന്‍. മകന്റെ സമാനതകളില്ലാത്ത ദുര്‍വിധിയില്‍ നൊന്തുരുകുന്നവന്‍. സ്വന്തം പ്രസ്ഥാനങ്ങളുടെ പെരുമാറ്റ വൈകൃതങ്ങളെ നിര്‍ല്ലജ്ജം ന്യായീകരിക്കുന്നവരുടെ അട്ടഹാസങ്ങള്‍ മുന്നില്‍ കാണുന്നവന്‍. നിങ്ങള്‍ ആ കണ്ണുകളിലേക്ക് നോക്കിയിട്ടുണ്ടോ?
പൂക്കോട്ട് വെറ്ററിനറി കോളേജില്‍ നിന്ന് മഞ്ചപ്പെട്ടിയിലേക്ക് നടന്ന സിദ്ധാര്‍ത്ഥ്. പ്രതികള്‍ ഉന്നതര്‍. ഇരയോ? പറയാന്‍ ഗോത്രപ്പെരുമ ഇല്ലാത്തവന്‍. തുണയ്ക്കാന്‍ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഇല്ലാത്തവന്‍. എത്ര നീചമായാണ് അവനുചുറ്റും ആള്‍ക്കൂട്ടക്കൊലയിലെ ആരാച്ചാർമാര്‍ കയറുചുഴറ്റിയത്.
പണ്ട് റോമാ നഗരം. ബ്രൂട്ടസ് നീയും എന്ന് സീസര്‍ അമ്പരന്നിരുണ്ട നേരം. ആള്‍ക്കൂട്ടം തെരുവില്‍. മാര്‍ക്ക് ആന്റണിയുടെ പ്രസംഗം. പിന്നാലെ അതേ ആള്‍ക്കൂട്ടം ഇരമ്പി. അവര്‍ക്കുമുന്നിലേക്ക് ഒരു സിന്നയെത്തി. ആള്‍ക്കൂട്ടം മുരണ്ടു. 'സിന്നാ, ഗൂഢാലോചകര്‍ക്കിടയിലും ഒരു സിന്നയുണ്ടല്ലോ'. അയാള്‍ പറഞ്ഞു, ' ഞാന്‍ ആ സിന്നയല്ലാ, സിന്ന എന്ന കവി'. അക്രമിക്കൂട്ടം അലറി, 'എന്നാലും അവനെ കൊല്ല്. അവന്റെ പൊട്ടക്കവിതകളുടെ പേരില്‍'.
കൂടുതല്‍ കണ്ണുകള്‍ നിരാര്‍ദ്രമാവാതിരിക്കട്ടെ. നഷ്ടമാകുന്നവരില്‍ ഉണ്ടാവില്ലേ ഭാവിയിലെ ശാസ്ത്രജ്ഞരും കവികളും ഭരണാധികാരികളും. എല്ലാം കണ്ട് നിശ്ശബ്ദമായിരിക്കുന്നവര്‍ക്ക് പ്രതികരണശേഷി നഷ്ടമായെന്ന് കരുതണ്ട. പണ്ട് റുമാനിയയില്‍ നിക്കോളായി ചൗഷസ്‌ക്യു എന്ന ഒരു പ്രസിഡഡന്റ് ഉണ്ടായിരുന്നു. 1989- ലെ മഞ്ഞുവീഴുന്ന ഒരു ഡിസംബര്‍നാളില്‍ ബുക്കാറസ്റ്റിലെ വിപ്ലവചത്വരത്തില്‍ ചൗഷസ്‌ക്യു പ്രസംഗിക്കാനെത്തി. പതിറ്റാണ്ടുകള്‍ അടക്കിഭരിച്ച അതേ പ്രജകള്‍ക്കു മുന്നില്‍. ആ പ്രസംഗത്തില്‍ ചരിത്രത്തിലാദ്യമായി ഒരു കൂവലുയര്‍ന്നു. അത് നിലച്ചതേയില്ല. നാലുനാള്‍ കഴിഞ്ഞുള്ള തിരുപ്പിറവി കാണാന്‍ പ്രജകള്‍ ചൗഷസ്‌ക്യൂവിനെ അനുവദിച്ചതുമില്ല.
ആള്‍ക്കൂട്ടഹിംസ പുലിപ്പുറത്തുള്ള സവാരിയാണ്. പുലിയെ പുറപ്പെടുവിക്കുന്നവര്‍ക്ക് പഠിക്കാന്‍ ഒരു പാടുണ്ട്, ചരിത്രത്തില്‍ നിന്ന്.
Content Highlights: Dr. Rajalakshmi M compares the death of Rajan REC Calicut, Jishnu Pranoy and JS Sidharthan